സംരംഭകര്‍ പറയുന്നു; കൊറോണക്കാലത്തെ ബിസിനസ് മാനേജ്‌മെന്റ് ഇങ്ങനെ

Update: 2020-03-27 13:21 GMT

കൊറോണ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ ബിസിനസ് മേഖലയക്കും വന്‍ തിരിച്ചടിയായി മാറിയിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യവും ഒന്നിനു പിന്നാലെ ഒന്നായുള്ള പ്രളയം പോലുള്ള പ്രതിസന്ധികളും ബിസിനസ് സാഹചര്യങ്ങളെ കൂടുതല്‍ മോശമാക്കുന്ന കാലഘട്ടത്തിലാണ് ഇന്ന് സംരംഭക സമൂഹം. അതിനു പിന്നാലെയാണ് കൊറോണയും. ഇന്ത്യയിലെ പ്രധാന ബിസിനസ് സ്ഥാപനങ്ങളെല്ലാം അടച്ചു പൂട്ടലിന്റെ പാതയിലാണ്. ഈ അവസരത്തില്‍ കേരളത്തിലെ ബിസിനസുകാര്‍ എങ്ങനെയാണ് കൊറോണ കാലത്തെ നേരിടുന്നത്. എന്തെല്ലാം മാര്‍ഗങ്ങളാണ് ഈ ആപത്ഘട്ടത്തില്‍ കമ്പനികള്‍ കൈക്കൊണ്ടിരിക്കുന്നത്. ധനം ഓണ്‍ലൈന്‍ നടത്തിയ അന്വേഷണത്തില്‍ കേരളത്തിലെ പ്രമുഖ ബിസിനസ് സാരഥികള്‍ പ്രതികരിക്കുന്നു.

അടുത്ത പടിയിലേക്ക് ഉയരേണ്ടതിനെ കുറിച്ച് ആലോചിക്കേണ്ട സമയം

ഷാജു തോമസ്, മാനേജിംഗ് ഡയറക്റ്റര്‍ , പോപീസ് ബേബി കെയര്‍ പ്രോഡക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്

കൊറോണക്കാലത്ത് പകച്ചിരിക്കാതെ അതിനെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണ് പോപ്പീസ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫാക്റ്ററികള്‍ ഇപ്പോള്‍ മാസ്‌കുകള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നു. ഏഴു ലക്ഷം മാസ്‌കുകള്‍ ഇതിനകം നിര്‍മിച്ച് സൗജന്യമായി വിതരണം ചെയ്തു കഴിഞ്ഞു.

ബിസനസ് പദ്ധതികള്‍

കുഞ്ഞുടുപ്പുകളിലെ പ്രമുഖ ബ്രാന്‍ഡായ പോപ്പീസിന്റെ പ്രവര്‍ത്തനങ്ങള്‍ മറുഭാഗത്ത് നടക്കുന്നുണ്ട്. ഉല്‍പ്പാദനം മാത്രമേ നിന്നിട്ടൂള്ളൂ. ഭാവിയിലേക്ക് ആവശ്യമായ കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്നു. ടോപ്പ് ലെവല്‍ ജീവനക്കാരുമായി എല്ലാ ദിവസവും വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പോപീസ് പോയ്ന്റുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. അതിന് അന്തിമ രൂപം നല്‍കി വരികയാണ്. ബാംഗളൂരിലെ ഡിസൈനിംഗ് വിംഗിലെ ഡിസൈനര്‍മാര്‍ വര്‍ക്ക് അറ്റ് ഹോം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഡിസൈന്‍ മാതൃകകള്‍ അവര്‍ തയാറാക്കുന്നുണ്ട്. ഈ മാസം പൂര്‍ത്തിയാക്കേണ്ട ബഡ്ജറ്റിംഗ് ജീവനക്കാരുമായി ചേര്‍ന്ന് വീട്ടിലിരുന്ന് തയാറാക്കി വരുന്നു. കൊറോണ ഇന്ത്യന്‍ സംരംഭകര്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ചുരുങ്ങിയത് ആറുമാസത്തേക്ക് ഇറക്കുമതികളൊന്നും ഉണ്ടാവില്ല. അത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള അവസരമാണ്.

കൃഷിയിടത്തില്‍

കമ്പനിയില്‍ ഭക്ഷണത്തിനുള്ള എല്ലാ പച്ചക്കറികളും നേരത്തേ തന്നെ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. കൂടാതെ മീന്‍ കൃഷിയുമുണ്ട്. അതുകൊണ്ട് ഇപ്പോള്‍ കൂടുതല്‍ സമയം കൃഷിയിടത്തില്‍ കഴിയാനാകുന്നു. കുട്ടികള്‍ക്കൊപ്പം ചെലവിടാനും സമയം ലഭിക്കുന്നു.

സംരംഭകര്‍ അറിയാന്‍

എല്ലാം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് തളര്‍ന്നിരിക്കേണ്ട സമയമല്ലിത്. സര്‍ക്കാര്‍ വലിയ ആനൂകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ ഒന്നും ചെയ്യാതെ ഇരിക്കരുത്. സ്വന്തം സംരംഭത്തെ എങ്ങനെ വളര്‍ത്താമെന്ന് ചിന്തിക്കാം. ഇന്റര്‍നെറ്റിലൂടെ പുതിയ കാര്യങ്ങളെ കുറിച്ച് പഠിക്കാം. വൈവിധ്യവത്കരണത്തിനായി ശ്രമിക്കാം.

ചെറുകിട സംരംഭകര്‍ ഇപ്പോള്‍ പ്രതിസന്ധിയുണ്ടായാലും തൊഴിലാളികളെ കൈവിടരുത്. ഇപ്പോള്‍ പകുതി ശമ്പളം നല്‍കുകയും ബാക്കി തുക തവണകളായി നല്‍കുകയുമാകാം. സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തിയാല്‍ അവര്‍ കൂടെ നില്‍ക്കും.

ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള സമയം

ജോര്‍ജ്കുട്ടി സി ജെ, മാനേജിംഗ് ഡയറക്റ്റര്‍, സ്പിന്നര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, തൃശൂര്‍

ഇപ്പോഴും 'ലെവല്‍' തന്നെ

ജീവനക്കാരുടെ സുരക്ഷയെ കരുതി സര്‍ക്കാര്‍ പ്രഖ്യാപനത്തിനു മുമ്പു തന്നെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സ്ഥാപനമാണ് സ്പിന്നര്‍. ബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള സമയമായാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. വിപണിയില്‍ ഒന്നും ചെയ്യാനില്ല. എന്നാല്‍ ഡീലേഴ്സിന്റെ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നു. അവരെ ബന്ധപ്പെട്ട് ക്ഷേമാന്വേഷണങ്ങള്‍ നടത്താന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുമായും ആശയവിനിമയം മുറിയാതെ നോക്കുന്നുണ്ട്. ഏത് സമയത്തും ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ പ്രവര്‍ത്തന സജ്ജമാണ് ഞങ്ങള്‍. കൊറോണയുടെ കാലം കഴിഞ്ഞാല്‍ ആഭ്യന്തര വിപണയില്‍ മികച്ച ഡിമാന്‍ഡ് ഉണ്ടാകുമെന്നും അത് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയുമുണ്ട്.

വീട്ടുകാര്യങ്ങള്‍

ഇപ്പോള്‍ കുടുംബവുമൊത്ത് കഴിയാന്‍ സമയം ലഭിക്കുന്നുണ്ട്. കൃഷിയിടത്തില്‍ സമയം ചെലവഴിക്കാനാകുന്നുണ്ട്. പുതിയ കെട്ടിട നിര്‍മാണം നടന്നു വരികയായിരുന്നു. അതിന്റെ കാര്യങ്ങളും നോക്കിനടത്താന്‍ കഴിയുന്നുണ്ട്. വീട്ടില്‍ ടിവി കാണലും പ്രാര്‍ത്ഥനയുമായൊക്കെ ഒരവധിക്കാലം പോലെ ചെലവിടുകയാണിപ്പോള്‍.

സംരംഭകരറിയേണ്ടത്‌വായ്പകള്‍ക്ക് മൊറട്ടേറിയം പ്രഖ്യാപിച്ച നടപടി പ്രയോജനപ്പെടുത്താന്‍ സംരംഭകര്‍ക്കാവണം. മൂന്നു മാസത്തേക്ക് തിരിച്ചടവ് വേണ്ട. ആ പണം ബിസിനസിന്റെ വളര്‍ച്ചയ്ക്ക് ഉപകരിക്കും. അതില്‍ നിന്ന് ലഭിക്കുന്ന അധിക വരുമാനം വായ്പ തിരിച്ചടക്കുന്നതിലേക്ക് എടുക്കാം. എല്ലാ സംരംഭകരും എമര്‍ജന്‍സി ഫണ്ട് എന്ന നിലയില്‍ നല്ലൊരു തുക മാറ്റി വെക്കേണ്ടതിന്റെ ആവശ്യകത ഒന്നു കൂടി ഊട്ടിയുറപ്പിക്കുകയാണ് കൊറോണ.

വളര്‍ച്ചയ്ക്ക് തയാറെടുക്കാം

മുഹമ്മദ് മദനി, മാനേജിംഗ് ഡയറക്റ്റര്‍, എബിസി ഗ്രൂപ്പ് ഓഫ് കമ്പനീസ്, കണ്ണൂര്‍

പൂര്‍ണമായി നിലച്ചിട്ടില്ല

ബിസിനസില്‍ വര്‍ക്ക് അറ്റ് ഹോം ആയി ചെയ്യാവുന്ന കാര്യങ്ങളെല്ലാം മുടക്കമില്ലാതെ ചെയ്യാനാവുന്നുണ്ട്. എക്കൗണ്ട് സംബന്ധമായ കാര്യങ്ങളും ഐറ്റി സംബന്ധമായ കാര്യങ്ങളും അതാത് ജീവനക്കാര്‍ നടത്തി വരുന്നു. ഗ്രൂപ്പിന് കീഴിലുള്ള തളിപ്പറമ്പിലെ ഷോപ്രിക്സ് സൂപ്പര്‍ മാര്‍ക്കറ്റ് ഹോം ഡെലിവറിയുമായി രംഗത്തുണ്ട്. വാട്ട്സ് ആപ്പിലൂടെയും ഫോണിലൂടെയും ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച് അവശ്യവസ്തുക്കള്‍ അതാതിടങ്ങളില്‍ എത്തിക്കുന്നു. ജീവനക്കാരുമായി വീഡിയോ കോളിലൂടെ ബന്ധപ്പെടുന്നുണ്ട്. പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുള്ള സമയമായാണ് ലോക്ക് ഡൗണിനെ കാണുന്നത്. ഇതൊരവസരമാണെന്ന് കരുതുന്നു. ബിസിനസില്‍ ഏറ്റവും മോശം സമയം എങ്ങനെ കൈകാര്യം ചെയ്യാമെന്ന പാഠമാണ് ഇതിലൂടെ ലഭിക്കുന്നത്.

ആകെ കിട്ടിയ അവധിക്കാലം

ജീവിതത്തില്‍ ആകെ കിട്ടിയൊരു ഒഴിവു സമയമെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. വീടിനകത്ത് ഫിറ്റ്നസും ആരോഗ്യവും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. യൂട്യൂബടക്കമുള്ള ചാനലുകളിലൂടെ പുതിയ കാര്യങ്ങളെ കുറിച്ച് പഠിക്കാനും പുസ്തകങ്ങള്‍ വായിക്കാനും ഇപ്പോള്‍ സമയം കിട്ടുന്നു. മാത്രമല്ല, കുടുംബാംഗങ്ങള്‍ക്കൊപ്പം കഴിയാനും സാധിക്കുന്നു. ഒരു പോസിറ്റീവ് എനര്‍ജി ലഭിക്കാന്‍ ഈ ഇടവേള സഹായിക്കും.

വളര്‍ച്ചയ്ക്ക് തയാറെടുക്കാം

പ്രതിസന്ധി കൊറോണ മാത്രമല്ല, ഒന്നിനു പിറകേ മറ്റൊന്നായി വന്നേക്കാം. സംരംഭകര്‍ അവയൊക്കെ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനും പുതിയ പദ്ധതികള്‍ തയാറാക്കാനും ഉപയോഗപ്പെടുത്തണം. പുതിയ മേഖലകളിലേക്ക് കടക്കാനുള്ള ധൈര്യം ആര്‍ജിക്കണം. സാമൂഹ്യ സുരക്ഷയെ കരുതിയുള്ള ഈ അടച്ചിടലിനെ അതിജീവിക്കാന്‍ നമുക്കാവും. എസ്റ്റ്ാബ്ലിഷ്ഡ് ആയ, സേവന മികവും മികച്ച വിലയും നല്‍കാനാവുന്ന കമ്പനികള്‍ക്ക് എല്ലായ്പ്പോഴും നിലനില്‍ക്കാനാകും. സപ്ലൈ കുറയുകയും ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്യുന്നൊരു പ്രതിഭാസമാണ് മുന്നിലുള്ളത്. സംരംഭകരെ സംബന്ധിച്ച് അവസരമാണത്. ഏറ്റവും താഴെക്കിടയിലുള്ള സ്വയംതൊഴിലെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്കല്ല, ഇടത്തരം സംരംഭങ്ങളാണ് വെല്ലുവിളികള്‍ നേരിടുക. എങ്കിലും ഉയര്‍ന്ന വോള്യത്തില്‍ കോസ്റ്റ് എഫക്റ്റീവായ ഉല്‍പ്പന്നമോ സേവനമോ നല്‍കുന്നവര്‍ക്ക് പിടിച്ചു നില്‍ക്കാനാകും.

Read More: കേരളത്തിലെ ബിസിനസുകാര്‍ പറയുന്നു; കൊറോണ കാലത്ത് ഞങ്ങളുടെ ബിസിനസ് മാനേജ്‌മെന്റ് ഇങ്ങനെ

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News