സംരംഭത്തെ ഉയര്‍ത്താനുള്ള 'മൊമെന്റം ഇഫക്റ്റ്' എന്താണ്? അറിയാം

സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മൊമെന്റെം ഇഫക്റ്റ് എങ്ങനെ നിങ്ങളുടെ ബിസിനസില്‍ പ്രാവര്‍ത്തികമാക്കാം. വായിക്കൂ.

Update: 2021-08-09 10:38 GMT

ഒരു വസ്തുവിന്റെ ഭാരത്തിന്റെയും വേഗത്തിന്റെയും ആകെത്തുകയാണ് ഗതിപ്രഭാവം (മൊമെന്റം ഇഫക്ട്). ഭാരവും വേഗവും വര്‍ധിക്കുമ്പോള്‍ അതിന് ആനുപാതികമായി ഗതിപ്രഭാവവും കൂടുന്നു.

ഇതിന് ബിസിനസ് സ്ഥാപനങ്ങളുമായി എന്തു ബന്ധമാണ് ഉള്ളത് എന്നല്ലേ സംശയിക്കുന്നത്? ചില ചെറു കാര്യങ്ങള്‍ പരിശോധിക്കാം. ബുള്ളറ്റ് ഒഴിഞ്ഞ തോക്ക് ഉപയോഗിക്കാനാകുമോ? അല്ലെങ്കില്‍ ഇന്ധനം തീര്‍ന്നു പോയാല്‍ പിന്നെ വാഹനം ഓടിക്കാനാകുമോ? തീര്‍ച്ചയായും ഇല്ല. എന്നാല്‍ 'റീലോഡ് ചെയ്യുകയാണെങ്കില്‍ ബുള്ളറ്റ് ഇട്ട് തോക്കും പെട്രോളോ ഡീസലോ നിറച്ച് വാഹനവും ഉപയോഗിക്കാനാകും.

പ്രശ്‌നങ്ങളില്ലാതെയുള്ള സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ ഘടകങ്ങള്‍ ഒരുക്കാന്‍ റീലോഡ് ആവശ്യമായി വരുന്നു.

തൊഴിലാളികള്‍, ആശയങ്ങള്‍, മൂലധനം, സമയം, ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വിഭവങ്ങളെ ആശ്രയിച്ചാണ് ഓരോ സ്ഥാപനവും നിലനില്‍ക്കുന്നത്. സ്ഥാപനത്തിന്റെ സുഗമവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിന് ശരിയായ സമയത്ത്, ശരിയായ വിഭവങ്ങള്‍ ശരിയായ അളവില്‍ റീലോഡ് ചെയ്യപ്പെട്ടില്ലെങ്കില്‍ അത് നാശത്തില്‍ കലാശിക്കും. ലോകത്ത് എല്ലാവരും തീവ്രമായി ആഗ്രഹിക്കുന്നത് അസാധാരണമായ ലാഭത്തോടെയുള്ള വളര്‍ച്ചയാണ് (Exceptional Profitable Growth). എന്നാല്‍ ഇത് നേടാന്‍ വേണ്ടത് പൂര്‍ണമായും റീലോഡ് ചെയ്യപ്പെട്ട സ്ഥാപനമാണ്. അത്തരമൊരു സ്ഥാപനത്തിന് കടുത്ത മത്സരങ്ങളെയും വിപണി നിയമങ്ങളെയും ചട്ടങ്ങളെയും മറികടന്ന് ഏത് സാഹചര്യത്തിലും നിലനില്‍ക്കാനാകും.

പ്രധാനമായും രണ്ടു തരം സ്ഥാപനങ്ങളാണ് ഉള്ളത്

1. മൊമന്റം ഇല്ലാത്ത സ്ഥാപനം (momentum starved organization)

2. മൊമന്റം ലോഡ് ചെയ്ത സ്ഥാപനം (momentum loaded organization)

പേര് സൂചിപ്പിക്കുന്നതു പോലെ മൊമന്റം ഇല്ലാത്ത സ്ഥാപനമാണ് മൊമന്റം സ്റ്റാര്‍വ്ഡ് ഓര്‍ഗനൈസേഷന്‍. താഴ്ന്ന വളര്‍ച്ചാ വേഗം, വീക്ഷണവും സംസ്‌കാരവും ഇല്ലാതാകല്‍, ശരിയായ രീതിയിലല്ലാത്ത മാനേജ്‌മെന്റ് എന്നിവ ഇതിന്റെ ഭാഗമാണ്. ഇതോടെ വിപണി പങ്കാളിത്തം നഷ്ടപ്പെട്ടും മറ്റും സ്ഥാപനം നശിച്ചു പോകുന്നു.

മൊമന്റം ഇല്ലാത്ത സ്ഥാപനത്തിന്റെ നേര്‍ വിപരീത സ്വഭാവമാകും ഉള്ളതിന്. എന്നാല്‍ ആശങ്കപ്പെടുത്തുന്ന കാര്യം മിക്ക സ്ഥാപനങ്ങളും മൊമന്റം ഇല്ലാത്ത വിഭാഗത്തില്‍പെടുന്നു എന്നുള്ളതാണ്.

വാല്യു എഫിഷ്യന്‍സി ചെയ്ന്‍ മൊമന്റം സ്റ്റാര്‍വ്ഡ് ഓര്‍ഗനൈസേഷനെ മൊമന്റം റീലോഡഡ് ഓര്‍ഗനൈസേഷനിലേക്ക് മാറ്റുന്നതില്‍ മൂല്യ കാര്യക്ഷമതാ ശൃംഖലയ്ക്ക് (value efficiency chain) വലിയ പങ്കുണ്ട്. ഉയര്‍ന്ന ലാഭത്തോടെയുള്ള വളര്‍ച്ച നേടണമെങ്കില്‍ മൂല്യം, പ്രവര്‍ത്തന ശൃംഖലയുടെ മൊത്തത്തിലുള്ള കാര്യക്ഷമത എന്നിവ കൂടേണ്ടതുണ്ട്. ഒരു വിത്ത് മണ്ണിനടിയില്‍ നിന്ന് മുളച്ച് പൊന്തി വന്‍മരമായി പൂവും കായും നിറയുമ്പോഴാണ് ഒരു ആവാസ വ്യവസ്ഥയില്‍ പൊസിറ്റീവ് മള്‍ട്ടിപ്ലയര്‍ ഇഫക്റ്റ് യാഥാര്‍ത്ഥ്യമാകുന്നത്. ഒരു സ്ഥാപനത്തിന്റെ കാര്യത്തില്‍, വാല്യു എഫിഷ്യന്‍സി ചെയ്ന്‍ വഴി ജീവനക്കാര്‍, പാര്‍ട്‌ണേഴ്‌സ്, സപ്ലയേഴ്‌സ്, ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്നിവരിലൂടെ മികച്ച മൂല്യം സൃഷ്ടിക്കപ്പെടുകയും അത് ഉപഭോക്താക്കളിലേക്ക് പകരുകയും ചെയ്യുന്നു.

നിലവില്‍ വിപണിയില്‍ മികച്ച പ്രകടനം നടത്തുന്ന സ്ഥാപനങ്ങളെല്ലാം മൊമന്റം സൃഷ്ടിക്കുകയും അത് നിലനിര്‍ത്തുകയും ചെയ്യുന്നു. 1990 ന് ശേഷം ആഗോളവത്കരണത്തെ തുടര്‍ന്ന് പല സ്ഥാപനങ്ങള്‍ക്കും അവരുടേതായ വ്യക്തിത്വം നഷ്ടപ്പെടുകയും നശിക്കുകയും ചെയ്തു. മൊമന്റം സൃഷ്ടിക്കുന്നതില്‍ ഉണ്ടായ പരാജയമോ അതല്ലെങ്കില്‍ അത് നിലനിര്‍ത്തുന്നതില്‍ ഉണ്ടായ വീഴ്ചയോ ആണ് ഇതിന് കാരണം.

ബ്ലാക്ക്‌ബെറി, ടാറ്റ നാനോ, ടാറ്റ സ്‌റ്റോം തുടങ്ങിയ ബ്രാന്‍ഡുകളുടെ വീഴ്ച ഇങ്ങനെ സംഭവിച്ചതാണ്. അതേസമയം സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്, വാട്ട്‌സാ പ്പ്, ഫേസ്ബുക്ക് എന്നിവ മൊമന്റം സൃഷ്ടിക്കുന്നതിലും നിലനിര്‍ത്തുന്നതിലും വിജയിച്ചവയാണ്.

ലേഖകന്‍ - സന്തോഷ് നായര്‍(പ്രശസ്ത പ്രചോദക പ്രഭാഷകനും എഴുത്തുകാരനുമായ സന്തോഷ് നായര്‍ ഇന്ത്യയിലെ മികച്ച കോര്‍പ്പറേറ്റ് ട്രെയ്‌നര്‍മാരിലൊരാളാണ്. ബിസിനസിലും ജീവിതത്തിലും കൂടുതല്‍ വിജയങ്ങള്‍ നേടാന്‍ സഹായിക്കുന്ന മോട്ടിവേഷണല്‍ പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ സന്തോഷ്, സ്മാര്‍ട്ട് ട്രെയ്‌നിംഗ് & കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ സ്ഥാപകനുമാണ്.)


Tags:    

Similar News