കേരളം ജാഗ്രതൈ! ഗുണനിലവാരത്തില്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ പിന്നോക്കം
12 ശതമാനവും ഭക്ഷ്യസുരക്ഷ ഗുണനിലവാരം പാലിക്കുന്നില്ലെന്ന് പരിശോധനാ ഫലം;
ഇന്ത്യയുടെ സുഗന്ധ വ്യഞ്ജനങ്ങളില്‍ 12 ശതമാനത്തിനും ഭക്ഷ്യ സുരക്ഷാ ഗുണനിലവാരമില്ലെന്ന് പരിശോധനാ ഫലം. ഭക്ഷ്യസുരക്ഷ ഗുണനിലവാര അതോറിട്ടി മെയ്-ജൂലൈ കാലയളവില്‍ 4,054 സാമ്പിളുകള്‍ പരിശോധിച്ചതിലാണ് ഈ പോരായ്മ കണ്ടെത്തിയത്. കീടനാശിനി അംശമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹോങ്കോങ് കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യന്‍ സുഗന്ധ വ്യഞ്ജന ഉല്‍പന്നങ്ങള്‍ വിലക്കിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു ഭക്ഷ്യസുരക്ഷ ഗുണനിലവാര അതോറിട്ടിയുടെ പരിശോധന.
ഏതേത് ഉല്‍പന്നങ്ങളാണ് പരിശോധിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഗുണനിലവാരം സൂക്ഷിക്കാത്തതിന് നടപടി തുടങ്ങിയിട്ടുണ്ട്. എം.ഡി.എച്ച്, എവറസ്റ്റ് എന്നീ ബ്രാന്റുകളിലുള്ള ഉല്‍പന്നങ്ങളാണ് ഹോങ്കോങ് ഏപ്രിലില്‍ നിരോധിച്ചത്. മേയില്‍ രണ്ടു കമ്പനികളുടെയും പൊടിയാക്കിയ സുഗന്ധവ്യഞ്ജന ഉല്‍പന്നങ്ങളുടെ ഇറക്കുമതിയും വില്‍പനയും നേപ്പാള്‍ നിരോധിച്ചിരുന്നു. എം.ഡി.എച്ച്, എവറസ്റ്റ് ഉല്‍പന്നങ്ങളില്‍ കീടനാശിനി അംശം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു ശേഷം ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സുഗന്ധവ്യഞ്ജന മിശ്രിതങ്ങള്‍ക്കും മേല്‍ യു.കെ അധിക ഗുണനിലവാര നിയന്ത്രണ നടപടികള്‍ സ്വീകരിച്ചു. ഇന്ത്യയില്‍ നിന്നുള്ള സുഗന്ധ വ്യഞ്ജന ഉല്‍പന്നങ്ങളെക്കുറിച്ച് ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, യു.എസ് എന്നിവ അന്വേഷണം നടത്തിവരുന്നുണ്ട്.
അതേസമയം തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഉപയോഗത്തിന് സുരക്ഷിതമാണെന്നും യൂറോപ്പിലും ഏഷ്യയിലും വടക്കേ അമേരിക്കയിലും വില്‍ക്കുന്നുണ്ടെന്നും എം.ഡി.എച്ചും എവറസ്റ്റും പറയുന്നു. 2022ലെ കണക്കെടുത്താല്‍ ഇന്ത്യയുടെ ആഭ്യന്തര സുഗന്ധ വ്യഞ്ജന വിപണി 86,500 കോടി രൂപയുടേതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സുഗന്ധ വ്യഞ്ജന കയറ്റുമതി 37,000 കോടി രൂപയെന്ന റെക്കോര്‍ഡിട്ടു.