12,000 എസ്.ബി.ഐ ജീവനക്കാരുടെ വിവരങ്ങള്‍ ടെലിഗ്രാം ചാനല്‍ വഴി ചോര്‍ന്നു

ഉപയോക്താക്കളുടെ സാമ്പത്തിക വിവരങ്ങളുടെ സുരക്ഷയും ഇപ്പോള്‍ ആശങ്കയിൽ

Update: 2023-07-12 04:33 GMT

Photo credit: VJ/Dhanam

ടെലിഗ്രാം ചാനന്‍ വഴി 12,000 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു. ജൂലൈ 8 വെള്ളിയാഴ്ച ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ അടങ്ങിയ 'എസ്ബിഐ എംപ്ലോയി ഡേറ്റ ഡംപ്' എന്ന തലക്കെട്ടുള്ള ഫയല്‍ @sbi_data എന്ന ഹാന്‍ഡില്‍ ഉള്ള ഒരു ടെലിഗ്രാം ചാനല്‍ പോസ്റ്റ് ചെയ്തതോടെയാണ് ഡേറ്റ ചോര്‍ച്ച കണ്ടെത്തിയതെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ചോര്‍ന്നത് സ്വകാര്യ വിവരങ്ങള്‍

ഫയലില്‍ ജീവനക്കാരുടെ പേരുകള്‍, വിലാസങ്ങള്‍, കോണ്‍ടാക്റ്റ് നമ്പറുകള്‍, പാന്‍ നമ്പറുകള്‍, എക്കൗണ്ട് നമ്പറുകള്‍, ഫോട്ടോ ഐഡികള്‍ എന്നിവ ഉള്‍പ്പെടുന്ന സ്വകാര്യ വിവരങ്ങളാണ് ചോര്‍ന്നത്. ഇത്രയും ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങളുടെ സുരക്ഷയും ഇപ്പോള്‍ ആശങ്കയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

എസ്.ബി.ഐ എക്കൗണ്ട് ബാലന്‍സുകളുടെയും സമീപകാല ഇടപാടുകളുടെയും സ്‌ക്രീന്‍ഷോട്ടുകളും ടെലിഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എക്കൗണ്ട് നമ്പറുകള്‍, പിന്‍ നമ്പറുകള്‍, സമീപകാല ഇടപാടുകളുടെ ചരിത്രം എന്നിവയുള്‍പ്പെടെ നിരവധി സാമ്പത്തിക വിവരങ്ങളിലേക്ക് ആക്‌സസ് ഉണ്ടെന്ന് സ്‌ക്രീന്‍ഷോട്ടുകള്‍ കാണിക്കുന്നു. ചോര്‍ന്ന വിവരങ്ങള്‍ ഡാര്‍ക്ക് വെബ് പ്ലാറ്റ്‌ഫോമുകളിലും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നുംറിപ്പോര്‍ട്ട് പറയുന്നു.


Tags:    

Similar News