സെലിബ്രിറ്റികള്‍ ഗ്രൗണ്ടിലേക്ക്; പണംവാരാന്‍ ക്രിക്കറ്റും ഫുട്‌ബോളും, സ്‌പോര്‍ട്‌സ് മാര്‍ക്കറ്റില്‍ ഒഴുകുക 150 കോടിയിലേറെ

സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളിന്റെ ആദ്യ സീസണില്‍ 75 മുതല്‍ 100 കോടി രൂപ വരെ വിവിധ ടീമുകളും സംഘാടകരും ചേര്‍ന്ന് ചെലവഴിക്കും

Update:2024-07-13 11:47 IST
കേരളത്തിലെ സ്‌പോര്‍ട്‌സ് മേഖലയുടെ ചരിത്രം തിരുത്തുന്ന വര്‍ഷമാകും 2024. അമേച്വര്‍ സ്വഭാവത്തില്‍ നിന്ന് പ്രെഫഷണല്‍ ലീഗുകളുമായി ക്രിക്കറ്റും ഫുട്‌ബോളും വരുമ്പോള്‍ കേരളത്തിന്റെ സാമ്പത്തികമേഖലയ്ക്ക് നല്‍കുന്ന ഉത്തേജനം 200 കോടി രൂപയ്ക്ക് മുകളിലാകും. പ്രാദേശിക താരങ്ങള്‍ മുതല്‍ സ്റ്റേഡിയത്തിന് അരികെ തട്ടുകട നടത്തുന്നവര്‍ വരെ ഗുണഭോക്താക്കളായി മാറുന്ന ലീഗുകള്‍ കേരള ബ്രാന്‍ഡിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം കൂടിയാണ്.
പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും ടീം ഉടമകളായിട്ടാണ് സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളിലേക്ക് വരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ള താരങ്ങളുമായി മറ്റ് ടീമുകള്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസിഡറാക്കിയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രെഫഷണല്‍ ലീഗിലേക്കുള്ള കാല്‍വയ്പ്.
കേരള സ്‌പോര്‍ട്‌സിന്റെ തലവര മാറും
പണ്ടുമുതലേ കേരളീയര്‍ കായികരംഗത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും അതൊന്നും ബിസിനസുമായി ബന്ധപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. കോര്‍പറേറ്റ് കമ്പനികളും ഇവിടുത്തെ സ്‌പോര്‍ട്‌സില്‍ കാര്യമായ നിക്ഷേപത്തിന് മുതിര്‍ന്നിരുന്നില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കേരളത്തിന്റെ ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ പതനമാണ് പലരെയും സ്‌പോര്‍ട്‌സില്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചത്.
ചുരുങ്ങിയ സീസണുകള്‍ക്കുശേഷം കൊച്ചി ടസ്‌കേഴ്‌സ് അപ്രത്യക്ഷമായതോടെ ടീം ഉടമകള്‍ക്ക് നഷ്ടമായത് 500 കോടി രൂപയിലധികമാണ്. പിന്നീട് വന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബാണ് രണ്ടാം തരംഗത്തിന് തുടക്കമിട്ടത്. വലിയ ഫാന്‍ബേസ് ഉണ്ടാക്കിയെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇതുവരെ ലാഭത്തിലെത്താന്‍ ക്ലബിനായിട്ടില്ലെന്നതാണ് സത്യം.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ തുടങ്ങുന്ന കേരള ക്രിക്കറ്റ് ലീഗും സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളും ഏതാണ്ട് ഒരേ സമയത്താണ് നടക്കുന്നത്. ക്രിക്കറ്റ് ലീഗ് തിരുവനന്തപുരത്ത് മാത്രമാണ് ആദ്യ ഘട്ടത്തില്‍ സംഘടിപ്പിക്കുക. എന്നാല്‍ മൂന്നു മാസത്തോളം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ ലീഗില്‍ ഹോംആന്‍ഡ് എവേ രീതിയിലാണ് മല്‍സരം.
ബിസിനസ് മോഡല്‍ ഇങ്ങനെ
സ്‌പോര്‍ട്‌സ് ആരാധകര്‍ ഏറെയുണ്ടെങ്കിലും കേരളത്തില്‍ സ്‌പോര്‍ട്‌സ് ഇവന്റുകള്‍ കാര്യമായി വിജയിക്കാറില്ല. മലബാര്‍ ഭാഗത്ത് നടക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മാത്രമാണ് അപവാദം. ഈ തിരിച്ചറിവില്‍ തന്നെയാണ് ഇരു ലീഗുകളും ബിസിനസ് പദ്ധതികള്‍ തയാറാക്കിയിരിക്കുന്നത്. സിനിമതാരങ്ങളെ കൂടി ലീഗിന്റെ ഭാഗമാക്കിയതോടെ സെലിബ്രിറ്റി-സ്‌പോര്‍ട്‌സ് കോംബോ ആരാധകരെ ഗ്യാലറിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളിന്റെ ആദ്യ സീസണില്‍ 75 മുതല്‍ 100 കോടി രൂപ വരെ വിവിധ ടീമുകളും സംഘാടകരും ചേര്‍ന്ന് ചെലവഴിക്കും. ലീഗിനായി രണ്ടു കോടി രൂപയോളം മുടക്കി തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന്റെ നവീകരണം ആരംഭിച്ചിട്ടുണ്ട്. തലസ്ഥാനത്തെ ഫ്രാഞ്ചൈസി എടുത്ത തിരുവനന്തപുരം കൊമ്പന്‍സ് ആണ് ഫ്‌ളഡ്‌ലിറ്റ്, ഗ്രൗണ്ടിലെ പുല്‍ത്തകിടി എന്നിവയ്ക്കായി പണംമുടക്കുന്നത്.
ഓരോ ടീമും ഏറ്റവും കുറഞ്ഞത് പത്തു കോടി രൂപയെങ്കിലും ആദ്യ സീസണിനായി മുടക്കേണ്ടി വരും. സ്‌പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് കളക്ഷന്‍, ബ്രാന്‍ഡിംഗ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ ചുരുങ്ങിയത് 5 മുതല്‍ 10 വര്‍ഷമെങ്കിലും വേണ്ടിവരും. വിദേശതാരങ്ങളുടെയും പരിശീലകരുടെയും പ്രതിഫലത്തിനാകും ഫ്രാഞ്ചൈസികള്‍ മൊത്തം ചെലവിന്റെ 50 ശതമാനത്തിലേറെ മുടക്കേണ്ടിവരിക.
സ്‌പോര്‍ട്‌സില്‍ തൊഴിലവസരങ്ങളേറും
ഇരു ലീഗുകളിലുമായി ആയിരത്തിലേറെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കണക്ക്. സ്‌പോര്‍ട്‌സ് ഇന്‍ഡസ്ട്രിക്ക് കൂടുതല്‍ പ്രാധാന്യം കൈവരാന്‍ ലീഗുകളുടെ വരവ് വഴിയൊരുക്കും. ഹോട്ടല്‍, ടൂറിസം, അഡ്വര്‍ടൈസിംഗ് മുതല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വരെ ഗുണം ചെയ്യുന്നതാകും ഈ ലീഗുകള്‍. രാജ്യത്തിനു പുറത്തുള്ള ടിവി സംപ്രേക്ഷണത്തിലൂടെ ടൂറിസം രംഗത്തിനും വലിയ പ്രമോഷന്‍ ലീഗ് വഴി ലഭിക്കും.
Tags:    

Similar News