ദുബൈയില്‍ തൊഴില്‍ ചാകര; തുറക്കുന്നത് 1.85 ലക്ഷം അവസരങ്ങള്‍

ആറു വര്‍ഷത്തിനുള്ളില്‍ ഏവിയേഷന്‍ വിദഗ്ധർക്ക് സുവര്‍ണാവസരങ്ങള്‍

Update:2024-10-26 20:19 IST

Image courtesy: canva

ദുബൈയിലെ വ്യോമയാന മേഖല തൊഴിലന്വേഷകരുടെ പറുദീസയാകുന്നു. അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ വിമാനത്താവളങ്ങളിലും വിമാന കമ്പനികളുമായി വരാനിരിക്കുന്നത് 1.85 ലക്ഷം തൊഴിലവസരങ്ങള്‍. ദുബൈ എയര്‍പോര്‍ട്ട് അധികൃതരും എമിറേറ്റ്‌സ് ഗ്രൂപ്പുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2030 ഓടെ വ്യോമയാന മേഖലയിലെ തൊഴില്‍ ശക്തി 8.16 ലക്ഷമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അതോടോപ്പം, നിര്‍മാണത്തിലിരിക്കുന്ന അല്‍ മഖ്ദൂം അന്താരാഷ്ട്ര വിമാനത്താവളം വരുന്നതോടെ 1.32 ലക്ഷം തൊഴിലവസരങ്ങള്‍ കൂടി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധ  തൊഴിലാളികള്‍ക്കായിരിക്കും കൂടുതല്‍ അവസരങ്ങള്‍. അതിവേഗം വളരുന്ന ടൂറിസം മേഖലയുമായി ബന്ധപ്പെട്ടാണ്  തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നത്.

അഞ്ചിലൊന്ന് പേര്‍ വ്യോമയാന മേഖലയില്‍

ദുബൈയില്‍ ജോലി ചെയ്യുന്നവരില്‍ അഞ്ചില്‍ ഒന്നു പേര്‍ വ്യോമയാന മേഖലയിലാണുള്ളതെന്ന് ഓക്‌സ്ഫഡ് ഇക്കണോമിക്‌സ്‌ നടത്തിയ ആഗോള പഠനത്തില്‍ കണ്ടെത്തിയിരുന്നു. അടുത്ത ആറു വര്‍ഷത്തിനുള്ളിൽ  ഇത് നാലില്‍ ഒന്നായി വര്‍ധിക്കും. 6.31 ലക്ഷം പേരാണ് നിലവില്‍ ഈ മേഖലയിൽ  ജോലി ചെയ്യുന്നത്. ഇതില്‍ മൂന്നു ലക്ഷം പേര്‍ വിമാനത്താവളങ്ങളും വിമാന കമ്പനികളുമായി  ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. 3.29 ലക്ഷം പേര്‍ അനുബന്ധമേഖലകളിലുമാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പ്രമുഖ വിമാന കമ്പനികളുടെ സര്‍വ്വീസുകള്‍ വിപുലപ്പെടുത്തിയത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഫ്‌ളൈ ദുബൈ തുടങ്ങിയ കമ്പനികള്‍ ഈ കാലയളവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വ്വീസുകള്‍ കൂട്ടിയിരുന്നു.  

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം

ലോകത്തിലെ ഏറ്റവും വലിയതെന്ന വിശേഷണത്തോടെ നിര്‍മിക്കുന്ന അല്‍ മഖ്ദൂം അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണസജ്ജമാകുന്നതോടെ 1.32 ലക്ഷം തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനേക്കാള്‍ വലുതായ ഈ വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകാന്‍ പത്തുവര്‍ഷമെടുക്കും.400 വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള ഇവിടെ പ്രതിവര്‍ഷം 26 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 26,000 കോടി രൂപയാണ് നിര്‍മാണ ചിലവ്.

Tags:    

Similar News