പ്രകൃതി വാതക മേഖലയില്‍ ഇന്ത്യ-യു.എ.ഇ കരാറായി; വ്യാപാര സമൂഹവുമായി കിരീടാവകാശിയുടെ കൂടിക്കാഴ്ച ഇന്ന്
ഗുജറാത്ത് സര്‍ക്കാരുമായി ചേര്‍ന്ന് ഫുഡ് പാര്‍ക്കുകള്‍ക്കും കരാര്‍
ഇന്ത്യയും യു.എ.ഇയും തമ്മില്‍ പ്രകൃതി വാതക മേഖലയില്‍ പുതിയ കരാറുകള്‍ ഒപ്പുവെച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന അബുദാബി കിരീടാവകാശി ഷേക്ക് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയ്യിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാന കരാറുകളില്‍ തീരുമാനമായത്. ഊര്‍ജ്ജ മേഖലയിലുള്ള സഹകരണമാണ് ചര്‍ച്ചകളില്‍ പ്രധാനമായും ഉയര്‍ന്നത്. നാലു കരാറുകളാണ് ഈ മേഖലയില്‍ നടപ്പാക്കാന്‍ പോകുന്നത്. യു.എ.ഇയിലെ പ്രമുഖ കമ്പനിയായ അഡ്‌നോക്കും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും തമ്മിലുള്ള ദര്‍ഘകാല പ്രകൃതി വാതക കരാറും ഇതോടൊപ്പം ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് ലിമിറ്റഡുമായും അഡ്‌നോക്ക് കരാറുണ്ടാക്കിയിട്ടുണ്ട്. എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കമ്പനിയും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും തമ്മില്‍ ആണവോർജ്ജ സഹകരണത്തില്‍ കരാറിലെത്തി. അഡ്‌നോക്കും ഉര്‍ജ ഭാരതും തമ്മിലുള്ളതാണ് നാലാമത്തെ കരാര്‍. ഇതോടൊപ്പം ഗുജറാത്ത് സര്‍ക്കാരും അബുദാബി കമ്പനിയായ പി.ജെ.എസ്.സിയുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഫുഡ് പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിനും ധാരണയായിട്ടുണ്ട്.
കിരീടാവകാശിക്ക് ഊഷ്മള സ്വീകരണം
അബുദാബി കിരീടാവകാശി ഷേക്ക് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയ്യിദ് അൽ നഹ്യാന്‍ തിങ്കളാഴ്ചയാണ് ഇന്ത്യയിലെത്തിയത്. ന്യൂഡൽഹിയിൽ അദ്ദേഹത്തിന് പ്രൗഢമായ സ്വീകരണമാണ് ലഭിച്ചത്. ഡല്‍ഹി ഹൈദരാബാദ് ഹൗസില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഇരുനേതാക്കളും നടത്തിയത്. ആദ്യമായാണ് യു.എ.ഇയിലെ രണ്ടാം തലമുറ ഭരണാധികാരിക്ക് ഇന്ത്യ സ്വീകരണം നല്‍കുന്നത്. ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുർമുവുമായും ഷേക്ക് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയ്യിദ് അൽ നഹ്യാന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം ഇന്ത്യയിലെത്തിയിരിക്കുന്നത്. ദീര്‍ഘകാലമായി മെച്ചപ്പെട്ട നയതന്ത്രം കാത്തു സൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും യു.എ.ഇയും.
വ്യാപാര ബന്ധം ശക്തിപ്പെടുത്തും
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരബന്ധം മെച്ചപ്പെടുത്തല്‍ ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്. ഇന്ത്യയിലെ വ്യാപാരികളുമായി മുംബൈയില്‍ ഷെയ്ക്ക് മുഹമ്മദ് ചര്‍ച്ച നടത്തുന്നുണ്ട്. നിലവിലെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ ഈ യോഗത്തില്‍ ഉണ്ടാകും. യു.എ.ഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അറബ് രാജ്യങ്ങളില്‍ ഇന്ത്യ കൂടുതല്‍ വാണിജ്യ ഇടപാടുകള്‍ നടത്തുന്നത് യു.എ.ഇയുമായാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യാപാരം 2030 ഓടെ 100 ബില്യണ്‍ ഡോളര്‍ ആയി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2022-23 വര്‍ഷം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ 85 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മികച്ച സൗഹാര്‍ദ്ദമാണ് നിലനില്‍ക്കുന്നതെന്നും അത് മെച്ചപ്പെടുത്താന്‍ കിരീടാവകാശിയുടെ സന്ദര്‍ശനം സഹായിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വാണിജ്യം, നിക്ഷേപം, ടെലികോം, ഊര്‍ജം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങി നിരവധി മേഖലകളില്‍ ഈ ബന്ധം ഗുണകരമാകുമെന്നും ഇന്ത്യ വ്യക്തമാക്കി.