സൗദി അറേബ്യക്ക് ബംപർ ലോട്ടറി! കണ്ടെത്തിയത്‌ വൈറ്റ് ഗോള്‍ഡിന്റെ വമ്പന്‍ ശേഖരം, ഇനി സീന്‍ മാറും

ഏറ്റവും കുറഞ്ഞ സാന്ദ്രതയുള്ള ലോഹമായ ലിഥിയം ഉയര്‍ന്ന റിയാക്ടിവിറ്റിയുള്ള മൂലകങ്ങളിലൊന്നാണ്

Update:2024-12-20 18:53 IST

image credit : canva

സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള അരാംകോയുടെ എണ്ണപ്പാടത്തില്‍ ലിഥിയത്തിന്റെ ശേഖരം കണ്ടെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ലിഥിയം ഖനനത്തിനായി വ്യാവസായികാടിസ്ഥാനത്തില്‍ പുതിയ പര്യവേഷണം അധികം വൈകാതെ ആരംഭിക്കാനുള്ള നീക്കത്തിലാണ് സൗദി. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ കിംഗ് അബ്ദുള്ള യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ലിഥിയം ഇന്‍ഫിനിറ്റായാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പുതുതായി രൂപപ്പെടുത്തിയ അതിനൂതന സാങ്കേതിക വിദ്യയാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്.

വെളുത്ത സ്വര്‍ണം

ഇലക്ട്രിക് കാറുകള്‍ ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയുടെ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററികള്‍ നിര്‍മിക്കാനാണ് പ്രധാനമായും ലിഥിയം ഉപയോഗിക്കുന്നത്. ഏറ്റവും കുറഞ്ഞ സാന്ദ്രതയുള്ള ലോഹമായ ലിഥിയം ഉയര്‍ന്ന റിയാക്ടിവിറ്റിയുള്ള മൂലകങ്ങളിലൊന്നാണ്. വെളുത്ത സ്വര്‍ണം എന്നാണ് പൊതുവെ വിളിക്കുന്നത്. ചൈന, ഓസ്‌ട്രേലിയ, അര്‍ജന്റീന, ചിലി തുടങ്ങിയ രാജ്യങ്ങളാണ് ലിഥിയം ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഭൂമിക്കടിയിലോ ഉപരിതലത്തിലോ കാണപ്പെടുന്ന ബ്രൈന്‍ (Brine) എന്നറിയപ്പെടുന്ന ഉപ്പുമിശ്രിതത്തില്‍ നിന്നാണ് ലിഥിയത്തെ വേര്‍തിരിച്ചെടുക്കുന്നത്. പമ്പ് ചെയ്‌തെടുക്കുന്ന ഉപ്പുവെള്ളത്തെ തടാകം പോലെ കെട്ടിനിറുത്തി ബാഷ്പീകരണത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. അതേസമയം, പരമ്പരാഗത രീതിയേക്കാള്‍ എണ്ണപ്പാടങ്ങളില്‍ നിന്നും ലിഥിയം വേര്‍തിരിച്ചെടുക്കുന്നത് വളരെ ചെലവേറിയ പ്രക്രിയയാണ്. എന്നാലും വരും കാലങ്ങളില്‍ ലിഥിയത്തിന്റെ ആവശ്യകത കൂടുമെന്നും വന്‍ വില കിട്ടുമെന്നുമാണ് സൗദിയുടെ പ്രതീക്ഷ.

വന്‍സാധ്യതകള്‍

കാര്‍ബണ്‍ നെറ്റ് സീറോയിലേക്ക് കുതിക്കുന്ന ലോകത്തിന് പ്രതീക്ഷ നല്‍കുന്ന മൂലകമാണ് ലിഥിയം. ഡീസല്‍, പെട്രോള്‍ പോലുള്ള ഇന്ധനങ്ങളുടെ പ്രസക്തി കുറയുന്നതോടെ എണ്ണയുത്പാദക രാജ്യമായ സൗദി അറേബ്യക്ക് വന്‍ തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്. ഇതിനെ മറികടക്കാന്‍ വിനോദസഞ്ചാരം പോലുള്ള പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടുന്ന തിരക്കിലാണ് രാജ്യം. ലിഥിയം ഖനനം വിജയകരമായാല്‍ വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. ഇതിന് പുറമെ അധിക വരുമാനവും കൂടുതല്‍ നിക്ഷേപവും നേടാനുമാകും. വൈദ്യുത വാഹന രംഗത്ത് വമ്പന്‍ കുതിച്ചുചാട്ടത്തിനും രാജ്യം സാക്ഷ്യം വഹിക്കുമെന്നും വിദഗ്ധര്‍ കരുതുന്നു.

വെളുത്ത സ്വര്‍ണം ഇന്ത്യയിലും

അതേസമയം, ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലും രാജസ്ഥാനിലെ നാഗൂര്‍ ജില്ലയിലും വന്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ലിഥിയം ആവശ്യകത പൂര്‍ണമായും നിറവേറ്റുന്നതിനൊപ്പം കയറ്റുമതി സാധ്യതയുമുള്ളതാണ് കണ്ടെത്തല്‍. നിലവില്‍ രാജ്യത്തിനാവശ്യമായ ലിഥിയം പൂര്‍ണമായും ഇറക്കുമതി ചെയ്യുകയാണ്. ഖനനം യാഥാര്‍ത്ഥ്യമായാല്‍ സാമ്പത്തിക രംഗത്തും രാജ്യത്ത് വലിയ നേട്ടങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.
Tags:    

Similar News