പുതിയ വ്യവസായ സോണ്‍; ഫാമിലി ബിസിനസിന് സര്‍ക്കാര്‍ സഹായം; വ്യവസായ സൗഹൃദ പദ്ധതികളുമായി അബുദബി

കമ്പനി രജിസ്‌ട്രേഷനുകള്‍ക്കായി അതോറിറ്റി; സാങ്കേതിക വികസനത്തിന് ഖലീഫ ഫണ്ട്

Update:2024-12-05 12:35 IST

DUBAI

അബുദബിയിലെ ഫാമിലി ബിസിനസുകള്‍ക്ക് ഇനി  സര്‍ക്കാര്‍ സഹായത്തോടെ കൂടുതല്‍ വളരാം. അബുദബി സര്‍ക്കാരിന്റെ പുതിയ വ്യവസായ സൗഹൃദ പദ്ധതികള്‍ ബിസിനസ് മേഖലക്ക് കരുത്ത് പകരുന്നതാണ്. വ്യവസായ മേഖലയുടെ കുതിപ്പ് ലക്ഷ്യമിട്ട് നാല് സുപ്രധാന പദ്ധതിള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്. യു.എ.ഇയുടെ തലസ്ഥാന നഗരത്തെ അതിവേഗം വളര്‍ത്തുകയെന്നതാണ് ലക്ഷ്യം. അബുദബി ബിസിനസ് വീക്ക് പരിപാടിയുടെ ആദ്യദിനത്തിലാണ് പദ്ധതികളുടെ പ്രഖ്യാപനം.

ഫാമിലി ബിസിനസ് കൗണ്‍സില്‍

അബുദബിയിലെ ഫാമിലി ബിസിനസുകള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതിനുള്ള ഫാമിലി ബിസിനസ് കൗണ്‍സിലിന്റെ പ്രഖ്യാപനം അബുദബി ബിസിനസ് വീക്കില്‍ നടന്നു. കുടുംബങ്ങള്‍ നടത്തുന്ന ബിസിനസുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും മറ്റു സഹായങ്ങളും നല്‍കുകയാണ് കൗണ്‍സിലിന്റെ ദൗത്യം. കുടുംബങ്ങളിലെ പുതിയ തലമുറക്കാര്‍ക്ക് ബിസിനസ് രംഗത്ത് വളരാനുള്ള സഹായങ്ങള്‍ ലഭ്യമാക്കും. ബിസിനസിലെ പുതിയ മേഖലകള്‍ കണ്ടെത്തല്‍, വെല്ലുവിളികളെ അതിജീവിക്കല്‍, നിക്ഷേപങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും കൗണ്‍സില്‍ നടത്തും.

പുതിയ റജിസ്‌ട്രേഷന്‍ അതോറിറ്റി

ബിസിനസുകള്‍ക്കുള്ള ലൈസന്‍സുകളും മറ്റ് നടപടി ക്രമങ്ങളും കൈകാര്യം ചെയ്യുന്നതിന് അബുദബി രജിസ്‌ട്രേഷന്‍ അതോറിറ്റി എന്ന പുതിയ സംവിധാനത്തിന് തുടക്കമായി. അബുദബി സാമ്പത്തിക വികസന വകുപ്പിന് കീഴിലാണ് രജിസ്‌ട്രേഷന്‍ അതോറിറ്റി പ്രവര്‍ത്തിക്കുക. കമ്പനി രജിസ്‌ട്രേഷനുകള്‍ക്ക് ഇനി ഏകജാലക സംവിധാനം നിലവില്‍ വരും. ഫ്രീസോണുകള്‍ ഉള്‍പ്പടെയുള്ള വ്യവസായ മേഖലകളുടെ നിയന്ത്രണം രജിസ്‌ട്രേഷന്‍ അതോറിറ്റിക്ക് നല്‍കും. ബിസിനസ് സ്ഥാപനങ്ങളുടെ രേഖകള്‍ കൈകാര്യം ചെയ്യുന്നതിന് ഇതുവഴി കേന്ദ്രീകൃത സംവിധാനമാണ് നിലവില്‍ വരുന്നത്.

സംരംഭങ്ങള്‍ക്ക് വികസന ഫണ്ട്

പുതിയ സംരംഭങ്ങളുടെ വികസനത്തിന് ഖലീഫ ഫണ്ട് എന്ന പേരില്‍ പുതിയ ഫണ്ടിന് രൂപം നല്‍കിയിട്ടുണ്ട്. ഫണ്ടുമായി ബന്ധപ്പെട്ട് എം.ഇസെഡ്.എന്‍ വെന്‍ച്വര്‍ സ്റ്റുഡിയോ (MZN Venture Studio) വ്യവസായ സോണ്‍ ആരംഭിക്കും. സാങ്കേതിക രംഗത്ത് പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കമ്പനികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് ഫ്രീസോണിന് അനുമതി നല്‍കിയിട്ടുണ്ട്. പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോല്‍സാഹനം നല്‍കുകയാണ് മുഖ്യലക്ഷ്യം.

സ്വകാര്യ മേഖലയിലെ ബിസിനസുകാര്‍ക്കായി അബുദബി ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിക്ക് കീഴില്‍ പുതിയ ബിസിനസ് തന്ത്രത്തിനും അബുദബി ബിസിനസ് വീക്ക് രൂപം നല്‍കി. സ്വദേശി ബിസിനസുകാരെ അന്താരാഷ്ട്ര വിപണിയുമായി ബന്ധിപ്പിക്കുന്നതിനും ബിസിനസ് രംഗത്തെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും പുതിയ സംവിധാനങ്ങള്‍ ആരംഭിക്കുമെന്ന് ചേംബര്‍ ചെയര്‍മാന്‍ അഹമ്മദ് ജാസിം അല്‍ സാബി പറഞ്ഞു.

Tags:    

Similar News