പൃഥ്വിരാജ് ഇനി ഫുട്‌ബോള്‍ ക്ലബ് ഉടമ; 'വിയര്‍പ്പ് ഓഹരി' വാഗ്ദാനം കൂടുതല്‍ താരങ്ങള്‍ക്ക്
പൃഥ്വിരാജിന്റെ പാത പിന്തുടര്‍ന്ന് കൂടുതല്‍ സിനിമതാരങ്ങള്‍ ഫുട്‌ബോള്‍ ക്ലബുകളില്‍ നിക്ഷേപമിറക്കിയേക്കും
ഫുട്‌ബോള്‍ ക്ലബില്‍ നിക്ഷേപം നടത്തി നടന്‍ പൃഥ്വിരാജും. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഐ.എസ്.എല്‍ മാതൃകയില്‍ ആരംഭിക്കുന്ന സൂപ്പര്‍ ലീഗ് കേരളയില്‍ (എസ്.എല്‍.കെ) കളിക്കുന്ന കൊച്ചി ഫ്രാഞ്ചൈസിയിലാണ് നടന്റെ നിക്ഷേപം. പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും കൊച്ചി പൈപ്പേഴ്‌സില്‍ ഓഹരി പങ്കാളിത്തം നേടി.
കേരളത്തിലെ ഫുട്‌ബോളിനെ പ്രൊഫഷണല്‍ തലത്തില്‍ ഉയര്‍ത്താനും താഴെക്കിടയില്‍ ഫുട്‌ബോളിനെ വളര്‍ത്താനും സൂപ്പര്‍ ലീഗ് കേരളക്ക് കഴിയുമെന്ന് പൃഥ്വിരാജ് പറഞ്ഞു. നമ്മുടെ നാട്ടിലെ മികച്ച കളിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ സൃഷ്ടിയ്ക്കുന്നതിനൊപ്പം നമ്മുടെ സംസ്ഥാനത്തിന്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താന്‍ ഇത്തരമൊരു അന്താരാഷ്ട്ര ടൂര്‍ണമെന്റിനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ സിനിമ താരങ്ങള്‍ നിക്ഷേപമിറക്കിയേക്കും
പൃഥ്വിരാജിന്റെ പാത പിന്തുടര്‍ന്ന് കൂടുതല്‍ സിനിമ താരങ്ങള്‍ ഫുട്‌ബോള്‍ ക്ലബുകളില്‍ നിക്ഷേപമിറക്കിയേക്കും. മറ്റ് ടീമുകളും ചില പ്രമുഖ താരങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറാകുന്നതിന് പകരമായി ചില ഫ്രാഞ്ചൈസികള്‍ താരങ്ങള്‍ക്ക് വിയര്‍പ്പ് ഓഹരിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണ്. വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നേക്കും. കോടികള്‍ മുടക്കിയാണ് സൂപ്പര്‍ ലീഗ് കേരള ആണിയിച്ചൊരുക്കുന്നത്
ലീഗിന്റെ ഗ്ലാമര്‍ ഉയരും
നടന്‍ പൃഥ്വിരാജിന്റെ ലീഗിലെ പങ്കാളിത്തം യുവാക്കള്‍ക്കിടയില്‍ ടൂര്‍ണമെന്റിന് വലിയ പ്രചോദനവും ഊര്‍ജവും പകരുമെന്ന് സൂപ്പര്‍ ലീഗ് കേരളയുടെ സി.ഇ.ഒ മാത്യു ജോസഫ് പറഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റ് അവസാനം മുതല്‍ ആരംഭിക്കുന്ന 60 ദിവസം നീണ്ടുനില്‍ക്കുന്ന സൂപ്പര്‍ ലീഗ് കായിക കേരളത്തിന് ആവേശമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായി നടന്‍ പൃഥ്വിരാജിന്റെ സാന്നിധ്യം ലീഗിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുമെന്നും ലോകമെമ്പാടുമുള്ള മലയാളികള്‍ ലീഗിന്റെ ഭാഗമാകാന്‍ ഇത് പ്രചോദനമാകുമെന്ന് സൂപ്പര്‍ ലീഗ് കേരള മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണില്‍ സൂപ്പര്‍ ലീഗില്‍ മാറ്റുരയ്ക്കുന്നത്. നസ്ലി മുഹമ്മദ്, പ്രവീഷ് കുഴി പ്പള്ളി, ഷമീം ബക്കര്‍, മുഹമ്മദ് ഷൈജല്‍ എന്നിവരാണ് കൊച്ചി എഫ്സി ടീമിന്റെ സഹ ഉടമകള്‍.