അദാനി ഇന്ത്യയില്‍ കോഴ കൊടുത്താല്‍ അമേരിക്കക്ക് എന്താ!? പലതുണ്ട്, കാരണങ്ങള്‍

ഇപ്പോള്‍ സംഭവിച്ചത് എന്താണ്? ഇനി എന്താണ്?

Update:2024-11-21 15:56 IST

Image : Adani Group and Canva

ഗൗതം അദാനി ഇന്ത്യയില്‍ കോഴ കൊടുത്താല്‍ അമേരിക്കക്ക് എന്താ!? അദാനി കമ്പനികളുടെ ഓഹരിയില്‍ നിക്ഷേപിച്ച പലരും വ്യാഴാഴ്ച തലയില്‍ കൈവെച്ച ചിന്തിച്ചത് അങ്ങനെയാണ്. അമേരിക്കയുടെ മുമ്പിലുള്ള വിഷയങ്ങള്‍ ഇങ്ങനെ ലളിതമായി പറയാം:
♦ ഗൗതം അദാനിയും കൂട്ടു പ്രതികളും അമേരിക്കയിലെ നിക്ഷേപകരെയും വായ്പാ സ്ഥാപനങ്ങളെയും തെറ്റിദ്ധരിപ്പിച്ചു പണം സമാഹരിച്ചു.
♦ സൗരോര്‍ജം ക്ലീന്‍-ഗ്രീന്‍ എനര്‍ജിയാണ്. അതിനായി ഉദ്ദേശ ശുദ്ധിയോടെ നിക്ഷേപം നടത്താന്‍ താല്‍പര്യപ്പെട്ടവര്‍ കോഴയിടപാട് അറിയാതെ കബളിപ്പിക്കപ്പെട്ടു.
♦ അഴിമതി സാര്‍വത്രികമാകാം. കോഴ കൊടുത്തത് ഇന്ത്യയിലാകാം. എന്നാല്‍ അമേരിക്കയില്‍ അത് അനുവദിച്ചു കൊടുക്കാന്‍ പറ്റില്ല.
♦ അഴിമതിക്കെതിരായ യു.എസ് നിയമങ്ങള്‍, യു.എസ് സെക്യൂരിറ്റീസ് നിയമങ്ങള്‍ തുടങ്ങിയവ ലംഘിച്ചു.
♦ കോര്‍പറേറ്റ് മാന്യതക്ക് നിരക്കാത്ത പ്രവര്‍ത്തനം നടത്തി.

ഇന്ത്യയിലെ ₹2,000 കോടി കൈക്കൂലിക്ക് കേസ് യു.എസില്‍! അതെങ്ങനെ?

Full View

ആരൊക്കെയാണ് പ്രതികള്‍?

1. ഗൗതം അദാനി, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ചെയര്‍മാന്‍
2. സാഗര്‍ അദാനി (സഹോദരന്‍ രാജേഷ് അദാനിയുടെ 30-കാരനായ മകന്‍), എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
3. വിനീത് ജെയിന്‍, അദാനി ഗ്രീന്‍ എനര്‍ജി സി.ഇ.ഒ
4. രൂപേഷ് അഗര്‍വാള്‍, അസൂര്‍ പവറില്‍ 2022-23ല്‍ ജോലി ചെയ്ത മുന്‍ജീവനക്കാരന്‍
5. സിറിള്‍ കെയ്‌ബേന്‍സ് (ആസ്‌ത്രേലിയന്‍ പൗരന്‍), അസൂര്‍ പവര്‍ മുന്‍ ബോര്‍ഡ് മെമ്പര്‍
6. സൗരവ് അഗര്‍വാള്‍, ദീപക് മല്‍ഹോത്ര -കനേഡിയന്‍ നിക്ഷേപകരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍

തിരക്കഥ എഴുതി തുടങ്ങിയത് നാലു വര്‍ഷം മുമ്പ്

ഇന്ത്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് നിശ്ചിത നിരക്കില്‍ 8 ജിഗാവാട്ടിന്റെയും നാലു ജിഗാവാട്ടിന്റെയും സൗരോര്‍ജം വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ഇന്ത്യന്‍ ഊര്‍ജ കമ്പനിയും യു.എസ് നിക്ഷേപകരും ചേര്‍ന്ന് നേടി. സൗരോര്‍ജ കോര്‍പറേഷന്‍ ഈ വൈദ്യൂതി വിവിധ സംസ്ഥാനങ്ങളുടെ വൈദ്യുതി കമ്പനികള്‍ക്ക് നല്‍കുന്ന വിധമായിരുന്നു പ്ലാനിംഗ്. എന്നാല്‍ വൈദ്യൂതി വാങ്ങുന്നവരെ കണ്ടെത്താന്‍ സൗരോര്‍ജ കോര്‍പറേഷന് കഴിഞ്ഞില്ല. അതുകൊണ്ട് അദാനി ഗ്രൂപ്പുമായോ അസൂര്‍ പവറുമായോ വൈദ്യുതി വാങ്ങല്‍ കരാര്‍ ഒപ്പുവെക്കാന്‍ കോര്‍പറേഷന് സാധിച്ചില്ല. ഇതോടെ സംസ്ഥാന വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സൗരോര്‍ജ കോര്‍പറേഷനില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിന് കോഴ കൊടുക്കാന്‍ പിന്നാമ്പുറ നീക്കം നടന്നു.
2020നും 2024നുമിടക്ക് സൗരോര്‍ജ വിതരണ കരാര്‍ നേടുന്നതിന് 25 കോടി ഡോളറിന്റെ കോഴ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ ധാരണയായി. 20 വര്‍ഷം കൊണ്ട് നികുതി കഴിച്ച് 200 കോടി ഡോളറിന്റെ ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു കണക്ക്. കോഴയിടപാട് മുന്നോട്ടു നീക്കാന്‍ ഗൗതം അദാനി പലവട്ടം കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നേരിട്ടു കണ്ടുവെന്നും ന്യൂയോര്‍ക്ക് കോടതി അറ്റോര്‍ണി ഓഫീസിന്റെ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.

കോഴയിടപാട് മറച്ചുവെച്ച് തെറ്റിദ്ധരിപ്പിച്ചു

അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന് ശക്തമായ അഴിമതി വിരുദ്ധ നയമുണ്ടെന്നും മറ്റും 2021 സെപ്തംബറില്‍ ബോണ്ട് ഇറക്കിയ കാലത്ത് നിക്ഷേപകരെ പറഞ്ഞു വിശ്വസിപ്പിച്ചു. യു.എസ് നിക്ഷേപകരില്‍ നിന്ന് ബോണ്ടിറക്കി അക്കാലത്ത് സമാഹരിച്ചത് 17.5 കോടി ഡോളറാണ്. കോഴയിടപാട് മറച്ചു വെച്ചു. ഇതുവഴി, നല്ലൊരു ലക്ഷ്യത്തിന് വേണ്ടിയാണ് നിക്ഷേപിക്കുന്നതെന്ന തെറ്റിദ്ധാരണ നിക്ഷേപകരില്‍ ഉണ്ടാക്കിയെടുത്തു. യു.എസ് നിയമങ്ങള്‍ ലംഘിച്ച് അഴിമതിയും വഞ്ചനാപരമായ ചെയ്തികളും നടത്തിയവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം ലോകത്തെവിടെയാണ് സംഭവിച്ചതെന്ന കാര്യം പ്രസക്തമല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
ഇപ്പോള്‍ സംഭവിച്ചത് എന്താണ്?
യു.എസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമീഷന്‍, യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസറ്റിസ് എന്നിവയുടെ കേസ് മുന്‍നിര്‍ത്തി അദാനി അടക്കം ആറു പേര്‍ക്കെതിരെയും ന്യൂയോര്‍ക്ക് ഈസ്‌റ്റേണ്‍ ഡിസ്ട്രിക്‌സ് കോടതി കുറ്റപത്രം തയാറാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. 'പ്രതി'കള്‍ക്ക് ഔപചാരികമായി കോടതി നോട്ടീസ് നല്‍കും. സ്വന്തം വാദമുഖങ്ങള്‍ അഭിഭാഷകര്‍ മുഖേന അവര്‍ക്ക് കോടതിയെ ധരിപ്പിക്കാം. വാദം നടക്കും. ഏതെങ്കിലും കമ്പനിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്ന് അദാനിയേയും മറ്റും വിലക്കണം, പിഴ ഈടാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ കേസില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
Tags:    

Similar News