കള്ളത്തരം കൈയോടെ പിടിച്ചു! മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് എന്നിവരുടെ എ.ഐ ഡീപ്‌ഫേക്ക് വീഡിയോ പിടികൂടി ആര്‍.ജി.വി
അലക്‌സ് റോക്കോ അവതരിപ്പിച്ച മോ ഗ്രീൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്
ഡീപ്ഫേക്ക് വീഡിയോകള്‍ ആളുകളെ തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ച് അബദ്ധങ്ങളില്‍ ചാടിക്കുന്നതിനുളള ഉപാധിയായി സൈബര്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്നത് അടുത്തിടെയായി വര്‍ധിച്ചു വരികയാണ്. സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാക്കുന്നതും ആളുകളെ തേജോവധം ചെയ്യുന്നതുമായ ഡീപ്ഫേക്ക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനെതിരെ കടുത്ത ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഇത്തരം വീഡിയോകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം രസകരമായ ഒരു ഡീപ്ഫേക്ക് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകനായ രാം ഗോപാല്‍ വര്‍മ. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഈ വീഡിയോയുടെ ചില ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ക്ലാസിക് ഹോളിവുഡ് ഗ്യാങ്‌സ്റ്റർ ചിത്രമായ 'ദി ഗോഡ്‌ഫാദറി'ലെ ഒരു രംഗമാണ് ഡീപ് ഫേക്ക് വീഡിയോയായി മാറ്റിയിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ എന്നിവരുടെ ഡീപ്ഫേക്ക് വീഡിയോയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഗോഡ് ഫാദര്‍ ചിത്രത്തില്‍ അൽ പാചിനോ അവതരിപ്പിച്ച മൈക്കൽ കോർലിയോണായി മോഹൻലാലാണ് വീഡിയോയിൽ ഉളളത്. ഹോളിവുഡ് നടൻ ജോൺ കസാലെ അവതരിപ്പിച്ച ഫ്രെഡോ ആയി ഫഹദ് ഫാസിലും പ്രത്യക്ഷപ്പെടുന്നു. അലക്‌സ് റോക്കോ അവതരിപ്പിച്ച മോ ഗ്രീൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
ആർ.ജി.വി തന്റെ ഏറ്റവും പുതിയ ചിത്രമായ 'സാരീ'യിൽ നിന്നുളള 'ഐ വാണ്ട് ലവ്' എന്ന ഗാനത്തിന്റെ മൂന്ന് എ.ഐ ജനറേറ്റഡ് പതിപ്പുകൾ അടുത്തിടെയാണ് പുറത്തിറക്കിയത്. ആരാധ്യ ദേവി അഭിനയിച്ച സാരീ സിനിമയിലെ ഐ വാണ്ട് ലവ് ഗാനത്തിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സങ്കൽപ്പിച്ച മൂന്ന് പതിപ്പുകൾ എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്.