പ്രതിവര്‍ഷം 9 ലക്ഷം രൂപ ശമ്പളം; റെക്കോഡ് നേട്ടത്തിൽ ഈ ബിസിനസ് സ്കൂൾ
ഈ അധ്യയന വര്‍ഷം സ്‌കൂളിലെ 58 ശതമാനം ബിരുദധാരികള്‍ക്കും ജോലി ഉറപ്പാക്കാന്‍ കഴിഞ്ഞു
രാജ്യത്തെ എം.ബി.എ ബിരുദധാരികളുടെ ശരാശരി ശമ്പളത്തിനും ഇരട്ടി തുകയോടെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ഉറപ്പാക്കി കോഴിക്കോട് ഐയിമര്‍ ബിസിനസ് സ്‌കൂള്‍. കേരളത്തിലെ ബിസിനസ് സ്‌കൂളുകള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി ശമ്പളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടി കൊടുക്കുന്ന സംസ്ഥാനത്ത ആദ്യ സ്വകാര്യ ബിസിനസ് സ്കൂളായി ഐയിമര്‍ മാറി. പ്രതിവര്‍ഷം ശരാശരി 9.525 ലക്ഷം രൂപ സി.ടി.സിയാണ് ജോലി ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക.
മികച്ച വിദ്യാഭ്യാസവും പരിശീലന സൗകര്യങ്ങളും നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ ഒരുക്കുക എന്നതാണ് ഐയിമര്‍ ലക്ഷ്യം വെക്കുന്നതെന്ന് സ്ഥാപകനും സി.ഇ.ഒയുമായ മുഹമ്മദ് മോന്‍ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായികള്‍, മികച്ച സംരംഭകര്‍ തുടങ്ങിയവരുമായുള്ള ബന്ധം വഴി ഈ അധ്യയന വര്‍ഷം സ്‌കൂളിലെ 58 ശതമാനം ബിരുദധാരികള്‍ക്കും ജോലി ഉറപ്പാക്കാന്‍ കഴിഞ്ഞു.
പഠനം പൂര്‍ത്തിയാക്കിയ 42 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വ അവസരങ്ങളും ഒരുക്കി കൊടുക്കാന്‍ സ്‌കൂളിന് ഈ വര്‍ഷം കഴിഞ്ഞിട്ടുണ്ട്. ബി.ബി.എ, എം.ബി.എ പ്രോഗ്രാമുകളോട് കൂടെ ഐയിമര്‍ മുന്നോട്ട് വെക്കുന്ന വര്‍ക്ക് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നതാണെന്നും ഐയിമര്‍ ബിസിനസ് സ്‌കൂള്‍ അവകാശപ്പെടുന്നു.