ഗള്‍ഫില്‍ അവധി തീരുന്നു, മുതലെടുക്കാന്‍ വിമാനകമ്പനികള്‍; നിരക്ക് കൂട്ടിയത് അഞ്ചിരട്ടി വരെ
കൂടുതല്‍ നിരക്ക് കോഴിക്കോട് നിന്ന്
അവധിക്കാലം കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിച്ചുപോകുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികള്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുന്നു. നിലവിലുള്ള നിരക്കുകളില്‍ അഞ്ചിരട്ടി വരെയാണ് വര്‍ധനവ് വരുന്നത്. അടുത്ത ആഴ്ച മുതലുള്ള ടിക്കറ്റുകള്‍ക്ക് പുതിയ നിരക്ക് ഈടാക്കി തുടങ്ങി. യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത് തുടങ്ങി മലയാളികള്‍ ഏറെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും നിരക്കുകള്‍ കൂട്ടുന്നുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്നാണ് വിമാന കമ്പനികള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നത്.
താങ്ങാനാവാതെ പ്രവാസികള്‍
വിമാന നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചതോടെ പ്രവാസികള്‍ വെട്ടിലായി. ഓഗസ്റ്റ് ആദ്യവാരത്തില്‍ 15,000 രൂപയുണ്ടായിരുന്ന ടിക്കറ്റിന് അടുത്ത ആഴ്ച മുതല്‍ 50,000 രൂപ വരെ നല്‍കേണ്ടിവരും. ഇക്കോണമി ക്ലാസില്‍ പുതിയ നിരക്കുകള്‍ മുപ്പതിനായിരം രൂപ മുതല്‍ 60,000 രൂപ വരെയാണ്. നേരത്തെ ഇത് 15,000 രൂപക്ക് താഴെയായിരുന്നു. ബിസിനസ് ക്ലാസില്‍ പുതിയ നിരക്ക് ഒരു ലക്ഷം രൂപയുടെ അടുത്തു വരും. സെപ്റ്റംബര്‍ മാസം അവസാനം വരെ ഈ ഉയര്‍ന്ന നിരക്ക് തുടര്‍ന്നേക്കും. ഓണക്കാലത്ത് നാട്ടില്‍ വന്ന് മടങ്ങുന്ന പ്രവാസികളെയും നിരക്ക് വര്‍ധനവ് ബാധിക്കും. ഗള്‍ഫ് നാടുകളില്‍ അവധി കഴിഞ്ഞ് സെപ്റ്റംബര്‍ ആദ്യവാരമാണ് സ്‌കൂളുകള്‍ തുറക്കുന്നത്. കുടുംബസമേതം നാട്ടില്‍ എത്തിയിട്ടുള്ള പ്രവാസികള്‍ തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ്. നാലു പേരുള്ള ഒരു കുടുംബത്തിന് വണ്‍വേ ടിക്കറ്റ് മാത്രം രണ്ടു ലക്ഷത്തോളം രൂപ വരും.
കോഴിക്കോട്ട് നിന്നുള്ള യാത്ര പൊള്ളും
ഗള്‍ഫ് സീസണ്‍ മുതലെടുക്കാന്‍ നിരക്കുകളില്‍ വര്‍ധനവ് വരുത്തിയ വിമാന കമ്പനികള്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നത്. കൊച്ചിയിലും കണ്ണൂരും തിരുവനന്തപുരത്തും നിരക്കുകള്‍ താരതമ്യേന കുറവാണ്. യു.എ.ഇയിലേക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 42,000 രൂപ വരുമ്പോള്‍ കണ്ണൂരില്‍ നിന്ന് 35,200 രൂപയും നെടുമ്പാശേരിയില്‍ നിന്ന് 36,000 രൂപയുമാണ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 36,300 രൂപയാണ് നിരക്ക്. ഖത്തറിലേക്ക് കോഴിക്കോട് നിന്ന് 40,200 രൂപ ഈടാക്കുമ്പോള്‍ നെടുമ്പാശ്ശേരിയില്‍ 39,000, കണ്ണൂരില്‍ 37,000, തിരുവനന്തപുരത്ത് 38,100 എന്നിങ്ങനെയാണ് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ലൈനുകളിലെ നിരക്ക്. സൗദി അറേബ്യയിലേക്കാണ് കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ചാര്‍ജ്. കോഴിക്കോട് വിമാനത്താവളത്തില്‍ ഇത് 44,000 രൂപയാണ്. നെടുമ്പാശ്ശേരിയില്‍ നിന്ന് 41,200 രൂപയും തിരുവനന്തപുരത്തുനിന്ന് 41,420 രൂപയും കണ്ണൂരില്‍ നിന്ന് 41,240 രൂപയും വരും. കുവൈത്തിലേക്ക് കോഴിക്കോട് നിന്ന് 38,430 രൂപ വരുമ്പോള്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് 36,320 രൂപയും തിരുവനന്തപുരത്തു നിന്ന് 36,000 രൂപയുമാണ്. സീസണില്‍ കോഴിക്കോട് വിമാനത്താവളം വഴി ഗള്‍ഫ് യാത്രക്കാരുടെ എണ്ണം കൂടുന്നതിനാലാണ് നിരക്ക് ഉയരുന്നത് എന്നാണ് എയര്‍ലൈന്‍ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.