വിസ്താരയില്ലാത്ത ആകാശം; കുറഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ ഇല്ലാതായ വിമാന കമ്പനികളുടെ എണ്ണം പറയാമോ?
ആഭ്യന്തര സര്‍വീസിന്റെ കുത്തക ഇന്‍ഡിഗോക്ക്, ഏക ഫുള്‍സര്‍വീസ് കമ്പനി എയര്‍ ഇന്ത്യ
ഇന്ന് മുതല്‍ ഇന്ത്യന്‍ ആകാശത്ത് വിസ്താരയില്ല. വിസ്താര വിമാനക്കമ്പനി എയര്‍ ഇന്ത്യയില്‍ ലയിച്ചു. ഇനി രാജ്യത്തെ വിമാന മത്‌സരം രണ്ടു പ്രമുഖ കമ്പനികള്‍ തമ്മിലാണ്. ആഭ്യന്തര സര്‍വീസിന്റെ കുത്തക കൈയാളുന്ന ഇന്‍ഡിഗോയും, ഫുള്‍സര്‍വീസ് സൗകര്യങ്ങളോടെ ആഗോള സര്‍വീസ് നല്‍കുന്ന എയര്‍ ഇന്ത്യയും. രാജ്യത്തെ വിമാന സര്‍വീസിന്റെ 62 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇന്‍ഡിഗോയാണ്. ഇന്ത്യന്‍ എയര്‍ ലൈന്‍സിനും എയര്‍ ഏഷ്യക്കും പിന്നാലെ വിസ്താര കൂടി ലയിച്ചാലും വിമാനയാത്രാ വിപണിയില്‍ ടാറ്റ നയിക്കുന്ന എയര്‍ ഇന്ത്യക്കുള്ള പങ്കാളിത്തം 29 ശതമാനം മാത്രം. ജെറ്റ് സ്‌പൈസ്, ആകാശ എയര്‍ തുടങ്ങിയ മറ്റു വിവിധ കമ്പനികള്‍ക്കെല്ലാം കൂടിയുള്ള വിപണി പങ്കാളിത്തം 10 ശതമാനത്തോളം മാത്രം.
വിസ്താര ഇല്ലാതായതോടെ ഇന്ത്യയില്‍ പൂര്‍ണ സേവനം നല്‍കുന്ന ഏക വിമാനക്കമ്പനിയായി എയര്‍ ഇന്ത്യ മാറിയിരിക്കുന്നു. ഏറ്റവും ചെലവു കുറഞ്ഞ നിലയില്‍ സര്‍വീസ് നടത്തുന്ന വിമാന കമ്പനി ഇന്‍ഡിഗോ തന്നെ. വിമാന യാത്രക്കാരുടെ എണ്ണം ഇന്ത്യയില്‍ ഓരോ വര്‍ഷവും ഗണ്യമായി ഉയരുകയും വിപണി മത്‌സരത്തിന് വീര്യം കൂടുകയും ചെയ്യുകയാണെന്ന യാഥാര്‍ഥ്യം ഒരുവശത്ത് നില്‍ക്കുമ്പോള്‍ തന്നെ മറുവശത്ത് മറ്റൊരു ഗൗരവപ്പെട്ട വിഷയം തെളിഞ്ഞു നില്‍ക്കുന്നു. കഴിഞ്ഞ 17 വര്‍ഷങ്ങള്‍ക്കിടയില്‍ അഞ്ചു വിമാന കമ്പനികളാണ് ഇല്ലാതായത്.
വ്യോമയാന മേഖലയില്‍ വിദേശ നിക്ഷേപം നന്നെ കുറഞ്ഞു
വിസ്താരയുടെ 49 ശതമാനം ഓഹരി കൈവശമുണ്ടായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് ഇനി എയര്‍ ഇന്ത്യയില്‍ 25.1 ശതമാനം ഓഹരിയാണ് ഉണ്ടാവുക. മന്‍മോഹന്‍സിങ് സര്‍ക്കാറിന്റെ കാലത്ത് 2012ല്‍ വ്യോമയാന രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) ഉദാരമാക്കിയ ശേഷം ഇതാദ്യമായി വിദേശ പങ്കാളിത്തം അവകാശപ്പെടാവുന്ന കമ്പനി ഒന്നു മാത്രമായി ചുരുങ്ങുകയാണ്. വ്യോമയാന മേഖലയില്‍ എഫ്.ഡി.ഐ 49 ശതമാനം വരെയാകാമെന്ന വ്യവസ്ഥയാണ് വന്നത്. അതു പ്രകാരം ജെറ്റ് എയര്‍വേസില്‍ ഗള്‍ഫ് വിമാനക്കമ്പനിയായ ഇത്തിഹാറിന് 24 ശതമാനം നിക്ഷേപം ലഭിച്ചു. പുതിയ വ്യവസ്ഥ തണലാക്കി എയര്‍ ഏഷ്യ ഇന്ത്യയും വിസ്താരയും പിറന്നു. 25 വര്‍ഷം പറന്ന ജെറ്റ് എയര്‍വേസ് 2019ല്‍ നിലത്തിറങ്ങി. മറ്റു രണ്ടു കമ്പനികളൂം ടാറ്റയുടെ എയര്‍ ഇന്ത്യയില്‍ ലയിച്ചു.
വിസ്താര 2015 ജനുവരിയില്‍ പറന്നു പൊങ്ങിയപ്പോഴേക്കും കിങ് ഫിഷര്‍, എയര്‍ സഹാറ എന്നിവയുടെ പ്രതാപം മങ്ങിയിരുന്നു. കിങ് ഫിഷര്‍ 2012ല്‍ നിലത്തിറങ്ങി. എയര്‍ സഹാറയെ ജെറ്റ് എയര്‍വേസ് ഏറ്റെടുത്ത് ജെറ്റ് ലൈറ്റാക്കി. ഇത്തിഹാദ് നിക്ഷേപം പിന്‍വലിച്ച ജെറ്റ് എയര്‍വേസ് ഇപ്പോള്‍ ലിക്വിഡേഷനില്‍. മലേഷ്യയുടെ എയര്‍ ഏഷ്യ 49 ശതമാനവും ബാക്കി ടാറ്റയും മുടക്കി തുടങ്ങിയതാണ് എയര്‍ ഏഷ്യ ഇന്ത്യ. വിസ്താരയില്‍ സിംഗപ്പൂര്‍ എയര്‍ ലൈന്‍സിന് 49ഉം ടാറ്റ ഗ്രൂപ്പിന് 51 ശതമാനവുമായിരുന്നു ഓഹരി വിഹിതം.
ഇന്‍ഡിഗോ മുന്നില്‍
പുതിയ ലയനത്തോടെ ഇന്ത്യന്‍ ആകാശത്ത ഇന്ത്യന്‍ വിമാനങ്ങളുടെ എണ്ണം ഇങ്ങനെ: ഇന്‍ഡിഗോ-413, എയര്‍ ഇന്ത്യ -210, എയര്‍ ഇന്ത്യ എക്‌സ് -90, സ്‌പൈസ് ജെറ്റ് -59, ആകാശ -26, അലയന്‍സ് എയര്‍ -20. എയര്‍ ഇന്ത്യയില്‍ ലയിക്കുന്ന വിസ്താരയുടെ 70 വിമാനങ്ങള്‍ യുകെ എന്നതിനു പകരം തല്‍ക്കാലം എഐ2 എന്ന ഫ്‌ളൈറ്റ് കോഡിലാണ് അറിയപ്പെടുക. കുറച്ചു കാലത്തേക്കെങ്കിലും വിസ്താര വിമാനങ്ങളുടെ റൂട്ടുകളിലും ഷെഡ്യൂളുകളിലും മാറ്റമുണ്ടാവില്ല.