'എയര്‍ ടാക്‌സി ഇന്ത്യയിലും വന്നേക്കും' വ്യോമയാന മന്ത്രിയുടെ ഈ പ്രസ്താവനയുടെ കാരണമിതാണ്
രാജ്യത്തെ ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ വ്യോമയാന മന്ത്രാലയം ലഘൂകരിച്ചിരുന്നു
രാജ്യത്ത് എയര്‍ ടാക്‌സി സാധ്യമാക്കുമെന്ന സൂചനകള്‍ നല്‍കി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വ്യാഴാഴ്ച പ്രഖ്യാപിച്ച പുതിയ ഡ്രോണ്‍ നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'എയര്‍ ടാക്‌സികള്‍ ആഗോളതലത്തില്‍ ഗവേഷണം നടത്തുകയും കണ്ടുപിടിക്കുകയും ചെയ്യുന്നു, നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ വരുന്നുണ്ട്' - വാര്‍ത്താസമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു. റോഡുകളില്‍ കാണുന്ന യൂബര്‍ പോലുള്ള ടാക്‌സികള്‍, ആകാശത്ത് കാണുന്ന കാലം വിദൂരമല്ല. പുതിയ ഡ്രോണ്‍ നയത്തിന്റെ പശ്ചാത്തലത്തില്‍ ഇത് സാധ്യമാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 25 -ലെ ഒരു വിജ്ഞാപനം പ്രകാരം, വ്യോമയാന മന്ത്രാലയം രാജ്യത്തെ ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. അവ പ്രവര്‍ത്തിപ്പിക്കുന്നതിന് പൂരിപ്പിക്കേണ്ട ഫോമുകളുടെ എണ്ണം 25 ല്‍ നിന്ന് 5 ആയി കുറയ്ക്കുകയും ഓപ്പറേറ്ററില്‍ നിന്ന് ഈടാക്കുന്ന ഫീസ് 72 ല്‍നിന്ന് 4 തരം വരെയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് എയര്‍ ടാക്‌സി ഇന്ത്യയിലും ഉടന്‍ സാധ്യമായേക്കുമെന്നുള്ള സൂചനകള്‍ വ്യോമയാന മന്ത്രി പങ്കുവെച്ചത്.