എയര്‍പോര്‍ട്ട് ടെര്‍മിനലുകളുടെ തകര്‍ച്ചക്ക് കാരണം കാലാവസ്ഥാ മാറ്റമോ

വര്‍ഷത്തിലൊരിക്കല്‍ സ്ട്രക്ച്ചറല്‍ ഓഡിറ്റ് വേണം

Update:2024-07-06 11:40 IST

image credit: instagram.com/thiruvananthapuramairport

രാജ്യത്തെ വിമാനത്താവളങ്ങളിലെ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച പഠനം തുടരുമ്പോള്‍, മാനേജ്മെന്‍റ് വീഴ്ചകളുടെ കഥകളാണ് പുറത്തു വരുന്നത്. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പോലും കെട്ടിടങ്ങളുടെ ബല പരിശോധനക്കോ അറ്റകുറ്റപണികള്‍ക്കോ മാനേജ്മെന്‍റുകള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. എയർപോർട്ട്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായാലും സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലായാലും വിമാനത്താവളങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശോധനയോ നവീകരണമോ കാര്യമായ രീതിയില്‍ നടക്കുന്നില്ല. കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മേല്‍കൂര തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ടുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിഷയമായിരിക്കുകയാണ്.
മെയിന്റനന്‍സ് ഫണ്ട് കുറഞ്ഞു
വിമാനത്താവളങ്ങളിലെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നീക്കി വെക്കുന്ന മെയിന്റന്‍സ് ഫണ്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കുറഞ്ഞു വരികയാണ്. ഇത് മൂലം യഥാസമയങ്ങളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നില്ല. സ്വകാര്യ കമ്പനികള്‍ നിയന്ത്രിക്കുന്ന വിമാനത്താവളങ്ങളിലാണ് അലംഭാവം കൂടുതല്‍. വരുമാനത്തിന്റെ 8.5 ശതമാനമാണ് കഴിഞ്ഞ വര്‍ഷം എയർപോർട്ട്സ് അതോറിട്ടിയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളുടെ സ്ട്രക്ച്ചറല്‍ മെയിന്റനന്‍സിനായി മാറ്റി വെച്ചത്. നേരത്തെ ഇത് 18 ശതമാനം വരെയുണ്ടായിരുന്നു. ജി.എം.ആര്‍ നിയന്ത്രണത്തിലുള്ള ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 4.4 ശതമാനം മാത്രമാണ് മെയിന്റനന്‍സ് ഫണ്ട്. ഇവിടെയാണ് ടെര്‍മിനലിന്റെ മേല്‍കൂര തകര്‍ന്ന് വീണതും.
തകര്‍ച്ചയും ചോര്‍ച്ചയും വെല്ലുവിളി
വിമാനത്താവളങ്ങളിലെ കെട്ടിടങ്ങള്‍ക്കുണ്ടാകുന്ന അപകടങ്ങളില്‍ പ്രധാനം ബലക്കുറവുമായി ബന്ധപ്പെട്ടതാണ്. ഈ വര്‍ഷം മാത്രം 11 ടെര്‍മിനലുകളില്‍ കെട്ടിടങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്. പത്ത് ടെര്‍മിലുകളില്‍ ചോര്‍ച്ചയുമുണ്ടായി. ഗുജറാത്തിലെ രാജ്കോട്ട്, ഉത്തര്‍പ്രദേശിലെ ലക്‌നൗ, ആസാമില്‍ ഗുവാഹട്ടി, ഗുജറാത്തില്‍ രാജ്‌കോട്ട്, മധ്യപ്രദേശില്‍ ജബല്‍പൂര്‍, ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലുണ്ടായ ടെര്‍മിനല്‍ മേല്‍കൂര തകര്‍ച്ച ഇതില്‍ ഉള്‍പ്പെടുന്നു. ചെന്നൈ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 65 തവണ കെട്ടിടങ്ങള്‍ക്ക് പല രീതിയിലുള്ള തകര്‍ച്ചയുണ്ടായി.
കാരണം കാലാവസ്ഥാ വ്യതിയാനവും
കാലാവസ്ഥാ വ്യതിയാനമാണ് എയര്‍പോര്‍ട്ട് കെട്ടിടങ്ങളുടെ തകര്‍ച്ചക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുടെ ശക്തി കൂടി. ഇത് മുന്നില്‍ കണ്ടു കൊണ്ടുള്ള കെട്ടിട നിര്‍മ്മാണമല്ല നടക്കുന്നത്. അപകടം നടന്ന വിമാനത്താവളങ്ങളിലെല്ലാം മഴയായിരുന്നു വില്ലന്‍. അതേസമയം, കാലാവസ്ഥയിലെ മാറ്റങ്ങള്‍ കൂടി മുന്നില്‍ കണ്ടു കൊണ്ടുള്ള അറ്റകുറ്റ പണികളാണ് ഈ കെട്ടിടങ്ങള്‍ക്ക് ആവശ്യമെന്ന് ടൗണ്‍ പ്ലാനര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. രാജ്യത്തെ മിക്ക വിമാനത്താവളങ്ങളും സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തില്‍ ഉള്ളവയാണ്. പണം ചെലവാക്കേണ്ടി വരുന്ന കാര്യങ്ങളില്‍ ഇവര്‍ക്കിടയില്‍ വ്യക്തത കുറവുണ്ട്. എല്ലാ വിമാനത്താവളത്തിലും വര്‍ഷത്തിലൊരിക്കലെങ്കിലും സ്ട്രക്ച്ചറല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Tags:    

Similar News