ഐശ്വര്യ റായ് മുഖ്യാതിഥിയാകും; ദുബൈ ആഗോള വനിതാ ഫോറത്തിന് ഇന്ത്യന്‍ തിളക്കം
അന്താരാഷ്ട്ര പിന്തുണയോടെയുള്ള സ്ത്രീ ശാക്തീകരണം ലക്ഷ്യം
ദുബൈയില്‍ നടക്കുന്ന ആഗോള വനിതാ ഫോറത്തില്‍ മുഖ്യാതിഥിയാകാന്‍ ബോളിവുഡ് താരം ഐശ്വര്യ റായിയും. ഈ മാസം 26,27 തീയ്യതികളില്‍ ദുബൈയിലെ മദീനത്ത് ജുമൈറയില്‍ നടക്കുന്ന വനിതാ ഫോറത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തര്‍ക്കൊപ്പമാണ് ഐശ്വര്യ റായിക്കും ക്ഷണമുള്ളത്. സെലിബ്രിറ്റികളും മോട്ടിവേഷന്‍ സ്പീക്കര്‍മാരും രാഷ്ട്രീയ നേതാക്കളും വ്യവസായ സംരംഭകരും പങ്കെടുക്കുന്ന സമ്മേളനത്തിനാണ് ദുബൈ വേദിയാകുന്നത്. ദുബൈ വുമണ്‍ എസ്റ്റാബ്ലിഷ്‌മെന്റാണ് സംഘാടകര്‍. യു.എ.ഇയിലെ പ്രമുഖ വനിതകള്‍ക്കൊപ്പമാണ് ഐശ്വര്യ റായി വേദിയിലെത്തുക. വിവിധ സെഷനുകളിലായി തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗാന്റെ ഭാര്യ എമിനി എര്‍ദോഗാന്‍, പാക്കിസ്ഥാന്റെ പ്രഥമ വനിത ആസിഫ ബൂട്ടോ സര്‍ദാരി, ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റിന്റെ ഉപദേശക സൈദ മിര്‍സിയോയേവ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
65 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍
വനിതാ ഫോറത്തില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. 25 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികള്‍, യുവ സംരംഭകര്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്. രണ്ടു ദിവസങ്ങളില്‍ നടക്കുന്ന 130 സെഷനുകളില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സര്‍മാര്‍ ഉള്‍പ്പടെ 250 പ്രമുഖര്‍ പ്രഭാഷണം നടത്തും. വിവിധ മേഖലകളില്‍ വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കൊപ്പം നിര്‍മിത ബുദ്ധി, ബ്ലോക്ക് ചെയിന്‍, സംരംഭകത്വം, ഊര്‍ജ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ സംവാദങ്ങളും നടക്കും.
ഉത്തരവാദിത്തങ്ങളുടെ പങ്കുവെക്കല്‍
മൂന്നു പ്രധാന പ്രമേയങ്ങളാണ് ഫോറത്തിനുള്ളത്. രാജ്യങ്ങള്‍ക്കകത്തും അന്താരാഷ്ട്ര തലത്തിലും ഉത്തരവാദിത്തങ്ങളുടെ പങ്കുവെക്കലില്‍ സ്ത്രീകള്‍ക്ക് ഇടം നല്‍കുന്നതിനെ കുറിച്ച് പ്രധാന ചര്‍ച്ച നടക്കും. ആഗോള വികസനത്തില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണയിക്കുകയും അവര്‍ക്ക് തുല്യ പ്രാധാന്യം നല്‍കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയാകും. സര്‍ക്കാരുകളുടെ നയരൂപീകരണത്തില്‍ വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് രണ്ടാമത്തെ അജണ്ട. സാങ്കേതിക രംഗത്ത് വനിതാ സാന്നിധ്യം ഉറപ്പാക്കുന്നതിനെ കുറിച്ചും ഫോറം ചര്‍ച്ച ചെയ്യും. അന്താരാഷ്ട്ര പിന്തുണയോടെ സ്ത്രീ ശാക്തീകരണത്തിന് കരുത്ത് പകരാനുള്ള ചുവടുവെപ്പാണ് വനിതാ ഫോറമെന്ന് ദുബൈ വുമണ്‍ എസ്റ്റാബ്ലിഷ്‌മെന്റ് ചെയര്‍പേഴ്‌സണ്‍ മോണ ഗനീം അല്‍ മാരി, മാനേജിംഗ് ഡയരക്ടര്‍ നഈമ അഹ്‌ലി എന്നിവര്‍ പറഞ്ഞു.