ഗോവയുടെ വഴിയെ മദ്യവില വെട്ടിക്കുറയ്ക്കാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനം
34 രൂപ മുതല്‍ 500 രൂപയോളം മദ്യവിലയില്‍ വ്യത്യാസം വരും
രാജ്യത്ത് മദ്യവില്പന ഒട്ടുമിക്ക സംസ്ഥാനങ്ങളുടെയും പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ്. കൂടുതല്‍ നികുതി ചുമത്തിയും സര്‍ചാര്‍ജ് ഈടാക്കിയും വരുമാനം വര്‍ധിപ്പിക്കാനാണ് സംസ്ഥാനങ്ങള്‍ ശ്രമിക്കുന്നത്. അത്തരം നീക്കങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് അസം.
കാരണം വില്പനയിലെ കുറവ്
സെപ്റ്റംബര്‍ മുതല്‍ മദ്യവില വെട്ടിക്കുറയ്ക്കാനാണ് ഹിമന്ത ബിശ്വശര്‍മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അസം എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സൈസ് ഡ്യൂട്ടി കുറച്ചതോടെ 34 രൂപ മുതല്‍ 500 രൂപയോളം മദ്യവിലയില്‍ വ്യത്യാസം വരും.
മദ്യ വില്പനയുടെ അളവ് കൂട്ടി വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അസം സര്‍ക്കാരിന്റെ നീക്കം. മാര്‍ച്ചില്‍ വരുമാനം കൂട്ടാനായി മദ്യവില സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഇത് ഫലം കണ്ടില്ലെന്ന തിരിച്ചറിവിലാണ് കൂടുതല്‍ വിലക്കുറവ് പ്രഖ്യാപിച്ചത്.
മാര്‍ച്ചില്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച സമയത്ത് വില്പന വന്‍തോതില്‍ ഇടിഞ്ഞിരുന്നു. ഇതാണ് വര്‍ധിപ്പിച്ചതിലും അധികം കുറവു വരുത്താന്‍ പ്രേരിപ്പിച്ചത്. നികുതിയില്‍ വരുന്ന കുറവ് വില്പന കൂടുന്നതിലൂടെ മറികടക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.