രണ്ടു മാസത്തിനിടയില്‍ ജാക്ക് മായ്ക്ക് നഷ്ടമായത് 11 ബില്യണ്‍ ഡോളര്‍

ആലിബാബയ്ക്കും ആന്റ് ഗ്രൂപ്പിനെതിരെയും ഉണ്ടായ സര്‍ക്കാര്‍ തല അന്വേഷണങ്ങള്‍ മൂല്യമിടിയുന്നതിന് കാരണമായി

Update:2020-12-30 14:59 IST

ചൈനീസ് ഭരണകൂടവുമായുള്ള ഉരസലുകള്‍ക്കിടയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ, ഇ കോമേഴ്‌സ് വമ്പനായ ആലിബാബയുടെ സഹ സ്ഥാപകന്‍ ജാക്ക് മായ്ക്ക് നഷ്ടം 11 ബില്യണ്‍ ഡോളറെന്ന് റിപ്പോര്‍ട്ട്.

മായുടെ സമ്പത്ത് 61.7 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് 50.9 ബില്യണ്‍ ഡോളറായി കുറഞ്ഞുവെന്നാണ് ബ്ലൂംബെര്‍ഗ് ബില്യനയേഴ്‌സ് ഇന്‍ഡക്‌സ് സൂചിപ്പിക്കുന്നത്. ബ്ലൂം ബെര്‍ഗ് തയാറാക്കിയ സമ്പന്നരുടെ പട്ടികയില്‍ നിലവില്‍ 25 ാം സ്ഥാനത്താണ് ജാക്ക് മാ.
ചൈനയുടെ ഇന്റര്‍നെറ്റ് മേഖലയിലെ വളര്‍ച്ച പ്രയോജനപ്പെടുത്തി, 56 കാരനായ ഈ മുന്‍ ഇംഗ്ലീഷ് അധ്യാപകന്‍ 61.7 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി മാറിയത് പെട്ടെന്നായിരുന്നു.
രാജ്യത്തെ സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് ജാക്ക് മാ അടുത്തിടെ നടത്തിയ പ്രസ്താവന ചൈനീസ് ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ആലിബാബയ്‌ക്കെതിരെയും, ജാക്ക് മായുടെ തന്നെ ആന്റ് ഗ്രൂപ്പിനെതിരെയും അന്വേഷണം ആരംഭിച്ചിരുന്നു. ആലിബാബയ്‌ക്കൊപ്പം മറ്റു ചൈനീസ് ടെക്‌നോളജി കമ്പനികളും കര്‍ശന നിരീക്ഷണത്തില്‍ ആയതോടെ നൂറു കണക്കിന് ബില്യണ്‍ ഡോളറാണ് വിപണി മൂല്യം ഇടിഞ്ഞത്.


Tags:    

Similar News