പ്രതിരോധശേഷിക്കായി രാവിലെ കഴിച്ചത് തേനോ, പഞ്ചസാര സിറപ്പോ?
കോവിഡ് ബാധയെ തുടര്‍ന്ന് പലരും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ അതിരാവിലെ തേന്‍ കഴിക്കുന്നത് ശീലമാക്കിയിരുന്നു. എന്നാല്‍ അങ്ങനെ കഴിച്ചത് തേനോ പഞ്ചസാര സിറപ്പോ?
കോവിഡിനെ പ്രതിരോധിക്കാനായി നിങ്ങള്‍ അതിരാവിലെ ജിഞ്ചര്‍ ടീയിലും നാരാങ്ങാനീരിലും മഞ്ഞള്‍പൊടിയിലും എല്ലാം ചേര്‍ത്ത് കഴിച്ചത് പ്രകൃതിദത്തമായ തേനോ, ചൈനീസ് കമ്പനികളുടെ പഞ്ചസാര സിറപ്പോയോ? ഇപ്പോള്‍ പുറത്തുവന്ന പരിശോധനാ റിപ്പോര്‍ട്ടാണ് ഇന്ത്യയില്‍ വില്‍പ്പനയിലുള്ള തേന്‍ ബ്രാന്‍ഡുകളില്‍ ഭൂരിഭാഗവും മായം കലര്‍ന്നതാണെന്ന യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയേണ്‍മെന്റ് (സിഎസ്ഇ)യും ഡൗണ്‍ ടു എര്‍ത്തും ചേര്‍ന്ന് നടത്തിയ പഠനം രാജ്യത്ത് വിറ്റഴിയുന്ന ഭൂരിഭാഗം തേനുകളും പഞ്ചസാര സിറപ്പ് ചേര്‍ത്ത മായം കലര്‍ന്നവയാണെന്ന് വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ മായ പരിശോധനയില്‍ അപാകത കണ്ടെത്താതിരുന്ന ബ്രാന്‍ഡുകള്‍ ജര്‍മനിയില്‍ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് മായം കലര്‍ന്നതാണെന്ന് തെളിഞ്ഞത്.
ഡാബര്‍, ഇമാമി. പതഞ്ജലി, ബൈദ്യനാഥ്, സന്‍ഡു, ഹിത്കാരി, അപിസ് ഹിമാലയ എന്നീ ബ്രാന്‍ഡുകളിലെ തേനിലാണ് മായം കണ്ടെത്തിയിരിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ കണ്ടെത്തല്‍ പ്രമുഖ ബ്രാന്‍ഡുകള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.
കോവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ തേന്‍ ഉപഭോഗം കൂട്ടിയതിനാല്‍ പ്രമുഖ ഹണി ബ്രാന്‍ഡുകളുടെ വില്‍പ്പന ജൂണ്‍ - സെപ്തംബര്‍ ത്രൈമാസത്തില്‍ ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.
എഫ്എസ്എസ്എഐ മാനദണ്ഡപ്രകാരം 100 ഓളം സ്റ്റാന്‍ഡേര്‍ഡ് പാലിച്ചുകൊണ്ട് വിപണിയിലെത്തിക്കുന്ന 100 ശതമാനം പ്രകൃതിദത്തമായ തേനാണ് തങ്ങളുടേതെന്നും രാജ്യത്തെ പ്രകൃതിദത്ത തേന്‍ വ്യവസായത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇത്തരം ആരോപണത്തിന് പിന്നിലുള്ളതെന്നും പതഞ്ജലിയുടെ മാനേജിംഗ് ഡയറക്റ്റര്‍ ആചാര്യ ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജര്‍മനിയില്‍ പരിശോധന നടത്തിയ തേന്‍ സാമ്പിളുകളില്‍ 77 ശതമാനവും പഞ്ചസാര സിറപ്പ് ചേര്‍ത്തവയാണെന്ന് കണ്ടെത്തിയെന്ന് സിഎസ്ഇ പറയുന്നു. സാധാരണ പരിശോധനകളില്‍ കണ്ടെത്താന്‍ പ്രയാസകരമായ വിധത്തിലുള്ള, ചൈനീസ് കമ്പനികള്‍ നിര്‍മിക്കുന്ന പഞ്ചസാര സിറപ്പാണ് തേനില്‍ ചേര്‍ത്തിരിക്കുന്നതെന്നാണ് കണ്ടെത്തല്‍.
കോവിഡിനെ പ്രതിരോധിക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന തേനില്‍ വന്‍തോതില്‍ പഞ്ചസാര സിറപ്പ് ആയിരുന്നുവെന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെയ്ക്കും. മൊത്തം 13 തേന്‍ ബ്രാന്‍ഡുകളാണ് പരിശോധിച്ചത്. സഫോള, മാര്‍ക്കറ്റ്‌ഫെഡ് സോഹ്ന, നേച്ചേഴ്‌സ് നെക്റ്റര്‍ (രണ്ട് സാമ്പിളുകളില്‍ ഒന്ന്) എന്നിവ എല്ലാ ടെസ്റ്റുകളിലും വിജയിച്ചു.