സ്വിഗ്ഗിയിലും ബിരിയാണി തന്നെ താരം; വിറ്റത് 8.3 കോടി; രണ്ടാം സ്ഥാനത്ത് ദോശ; ഇഷ്ട വിഭവങ്ങള്‍ ഏതൊക്കെ?
ദോശക്ക് ഡിമാന്റ് ബംഗളുരുവില്‍; ഡല്‍ഹിയില്‍ ഹിറ്റ് ആലു പൊറോട്ട
ജനങ്ങളുടെ ഇഷ്ടവിഭവങ്ങളില്‍ താരം ബിരിയാണി തന്നെ. സ്വിഗ്ഗിയിലൂടെ ഈ വര്‍ഷം ഇന്ത്യയില്‍ വിറ്റത് 8.3 കോടി ബിരിയാണികളാണ്. ഒരു മിനുട്ടില്‍ ഇന്ത്യയില്‍ സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്യപ്പെടുന്നത് 158 ബിരിയാണികള്‍. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇഷ്ടഭക്ഷണത്തില്‍ മുന്നില്‍ നില്‍ക്കുകയാണ് ബിരിയാണി. ദോശക്കാണ് രണ്ടാം സ്ഥാനം. 2.3 കോടി ഓര്‍ഡറുകളാണ് ഈ വര്‍ഷം ഇതുവരെ ദോശക്ക് ലഭിച്ചത്. ഉച്ച ഭക്ഷണത്തിനും നല്ല ഡിമാന്റുണ്ട്. 21 ലക്ഷം പേരാണ് ഉച്ച ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ബംഗളുവില്‍ പാസ്തക്കുള്ള ഓര്‍ഡറുകളും ഉയര്‍ന്നതാണ്.
ഡിമാന്റുള്ള വിഭവങ്ങള്‍
സ്‌നാക്കുകളില്‍ ഡിമാന്റ് ചിക്കന്‍ റോളിനാണ്. 24 ലക്ഷം പേരാണ് ഇതിന് ഈ വര്‍ഷം ഓര്‍ഡര്‍ നല്‍കിയത്. 16.3 ലക്ഷം ഓര്‍ഡറുകളുമായി ചിക്കന്‍ സമൂസയാണ് രണ്ടാം സ്ഥാനത്ത്. 13 ലക്ഷം പേര്‍ ആവശ്യപ്പെട്ട പൊട്ടറ്റോ ഫ്രൈസും പട്ടികയില്‍ മുന്നിലുണ്ട്.
രാത്രി കാല ഭക്ഷണത്തില്‍ ആളുകള്‍ക്ക് പ്രിയം ചിക്കന്‍ ബര്‍ഗറുകളോടാണ്. ഈ വര്‍ഷം രാത്രി 12 മണിക്കും 2 മണിക്കും ഇടയില്‍ ബര്‍ഗറിന് ലഭിച്ചത് 18.4 ലക്ഷം ഓര്‍ഡറുകള്‍. അര്‍ധരാത്രിയിലെ ഓര്‍ഡറുകളില്‍ ബിരിയാണിയോട് കിടപിടിക്കുന്നതാണ് ബര്‍ഗറുകളും.
ദോശക്ക് ഏറ്റവുമധികം ഡിമാന്റുള്ളത് ബംഗളുരു നഗരത്തിലാണ്. ഡല്‍ഹി, ചണ്ഡിഗഡ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ആലു പൊറോട്ട, ചോള ബട്ടൂര തുടങ്ങിയ വിഭവങ്ങള്‍ക്കും.