ഡാറ്റ സുരക്ഷിതത്വത്തിനായി നിബന്ധനകള്‍ കൂടുതല്‍ ശക്തമാക്കും; ഇ-കോമേഴ്‌സ് നയവുമായി സര്‍ക്കാര്‍

Update: 2020-07-07 05:57 GMT

ഡാറ്റയുമായി ബന്ധപ്പെട്ട് ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി അന്തിമ ഘട്ടത്തിലേക്ക്. ഇതിലൂടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച കൂടി ഉറപ്പാക്കാനുദ്ദേശിച്ചുള്ള ഇ-കൊമേഴ്സ് നയ ഡ്രാഫ്റ്റ് ഒരുങ്ങിക്കഴിഞ്ഞു. ഗ്ലോബല്‍ കമ്പനികളായ ഫേസ്ബുക്ക്, ആമസോണ്‍, ഗൂഗിള്‍ എന്നിവയുടെ ആധിപത്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

15 പേജ് അടങ്ങുന്ന ഡ്രാഫ്റ്റില്‍ നല്‍കിയിട്ടുളള നിയമങ്ങള്‍ അനുസരിച്ച് ഇ കൊമേഴ്‌സ് കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ ഒരു റഗുലേറ്ററെ നിയമിക്കും. വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വാണിജ്യ മാന്ത്രാലയമാണ് കരട് തയ്യാറാക്കിയിട്ടുള്ളത്.

കമ്പനികള്‍ ഡാറ്റ കൈകാര്യം ചെയ്യുന്നത് സര്‍ക്കാര്‍ മേല്‍നോട്ടത്തോടെയാക്കാന്‍ വിവിധ നിബന്ധനകള്‍ ഡ്രാഫ്റ്റില്‍ ഉള്‍പ്പെടുന്നു. കമ്പനിയുടെ ഡാറ്റ 72 മണിക്കൂറിനുളളില്‍ സര്‍ക്കാരിനു കൈമാറേണ്ടിവരും. ദേശീയ സുരക്ഷ, നികുതി, ക്രമസമാധാനം തുടങ്ങിയ വിവരങ്ങളും ഇ കൊമേഴ്‌സ് കമ്പനികള്‍ സര്‍ക്കാരിനെ അറിയിക്കണം. ആമസോണ്‍ ഫേസ്ബുക്ക് തുടങ്ങിയ കമ്പനികള്‍ക്ക് ഇത് ബാധകമാണ്. പുതിയതായി തുടങ്ങുന്ന ചെറുകിട സ്റ്റാര്‍ട്ടപ്പ് കമ്പനികളെ സഹായിക്കാനും ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് പുറമെ കര്‍ശന മേല്‍നോട്ടം വഹിക്കുന്നതിനുമാണ് സര്‍ക്കാര്‍ ഈ ഡാറ്റ ആവശ്യപ്പെടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതിനായുളള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.

ഓണ്‍ലൈന്‍ റീട്ടയില്‍, കണ്ടന്റ് സ്ര്ട്രീമിംഗ്,മെസേജിംഗ്, ഡിജിറ്റല്‍ പെയ്‌മെന്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇന്ത്യയില്‍ 50 കോടി ആളുകളാണ് ഇ കൊമേഴ്‌സ് സേവനം ഉപയോഗിക്കുന്നത്. ചൈനീസ് ആപ്പുകള്‍ നിരോധിച്ച സര്‍ക്കാര്‍ ഇന്ത്യയില്‍ ചെറുകിട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കുമ്പോള്‍ ഭീമന്‍ കോര്‍പ്പറേറ്റുകള്‍ ഈ വിഭാഗത്തില്‍ മുന്നിലാണ്. പുതുക്കിയ നിയമത്തിലൂടെ വില്‍പ്പനക്കാരുടെ ഫോണ്‍ നമ്പര്‍ വീട്ടുവിലാസം തുടങ്ങിയ വിശദാംശങ്ങള്‍ ഇ കൊമേഴ്‌സ് കമ്പനിയിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും.ഓണ്‍ലൈന്‍ കമ്പനികളുടെ സോഴ്‌സ് കോഡുകളിലേക്കും അല്‍ഗോരിതത്തിലേക്കും സര്‍ക്കാര്‍ പ്രവേശനം നിര്‍ബന്ധമാക്കും. ഇതിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റേലിജന്‍സ് മുഖേന അനധികൃത കടന്നു കയറ്റം തടയാനും സാധിക്കും.ഡാറ്റയുടെ സൂക്ഷിപ്പ് എവിടെയായിരിക്കണം എന്നതു സംബന്ധിച്ച അന്തിമ തീരുമാനം കരടു രേഖയിന്മേലുള്ള വിശാല ചര്‍ച്ചയ്ക്കു ശേഷം എടുത്താല്‍ മതിയെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News