ഇന്ത്യയിലെ വമ്പന്‍ ഐ.പി.ഒയ്ക്ക് ജിയോ; തൊട്ടുപിന്നാലെ മറ്റൊരു റിലയന്‍സ് കമ്പനി കൂടി?

പ്രാഥമിക ഓഹരി വില്പനയില്‍ റെക്കോഡുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാകും ജിയോയുടെ ഐ.പി.ഒ

Update:2024-11-04 16:41 IST
ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നു. 2025 മധ്യത്തോടെയാകും ഐ.പി.ഒ നടക്കുകയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പനയായി ജിയോയുടെ ഐ.പി.ഒ മാറിയേക്കും. കഴിഞ്ഞ മാസം ഹ്യൂണ്ടായി ഇന്ത്യ 27,870.16 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയതായിരുന്നു ഇതുവരെ ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ.
ജിയോയ്ക്ക് പിന്നാലെ റിലയന്‍സ് കുടുംബത്തില്‍ നിന്ന് റിലയന്‍സ് റീട്ടെയ്‌ലിന്റെ ഐ.പി.ഒയും വൈകില്ലെന്നാണ് റിപ്പോര്‍ട്ട്. 2026ലാകും റീട്ടെയ്‌ലിന്റെ പ്രാഥമിക ഓഹരി വില്പന വരാന്‍ സാധ്യത. രാജ്യമാകെ 3,000ത്തോളം സൂപ്പര്‍ മാര്‍ക്കറ്റുകളാണ് റിലയന്‍സ് റീട്ടെയ്‌ലിന്റെ കീഴിലുള്ളത്.

റെക്കോഡ് തകരും

പ്രാഥമിക ഓഹരി വില്പനയില്‍ റെക്കോഡുകള്‍ തകര്‍ക്കാന്‍ പര്യാപ്തമാണ് റിലയന്‍സ് ജിയോയുടെ വരവ്. അഞ്ച് ശതമാനം ഓഹരികള്‍ വിറ്റഴിച്ചാല്‍ പോലും 50,000 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ വരുമാനം മുന്‍ വര്‍ഷത്തെ 26,875 കോടി രൂപയില്‍ നിന്ന് 31,709 കോടി രൂപയായിരുന്നു. 18 ശതമാനമാണ് വരുമാനത്തിലെ വര്‍ധന. ലാഭം 5,299 കോടി രൂപയില്‍ നിന്ന് 6,539 കോടിയായി ഉയര്‍ന്നു.
Tags:    

Similar News