വിമാനങ്ങളില്‍ 'ബ്ലാക്ക് കാറ്റു'കള്‍ വരും; ആഭ്യന്തര, അന്തര്‍ദേശീയ സെക്ടറുകളില്‍ സുരക്ഷ കൂട്ടും

നടപടി വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണികള്‍ വര്‍ധിക്കുന്നതിനാല്‍

Update:2024-10-17 15:11 IST

IndiGo

വിമാനങ്ങളില്‍ തെരഞ്ഞെടുത്ത സെക്ടറുകളില്‍ യാത്രക്കാര്‍ക്ക് അകമ്പടിയായി ഇനി ബ്ലാക്ക് കാറ്റ് കമാണ്ടോകള്‍ ഉണ്ടാകും. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ (NSG)  ബ്ലാക്ക്  കാറ്റുകളെ സ്‌കൈ മാര്‍ഷലുകളായി നിയമിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ ഒട്ടേറെ വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിമാനങ്ങളുടെ സുരക്ഷ കൂട്ടുന്നത്. തെരഞ്ഞെടുത്ത ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളില്‍ എയര്‍ മാര്‍ഷലുകള്‍ സുരക്ഷയൊരുക്കും. സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി പ്രോട്ടോകോള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

അവരും സാധാരണ യാത്രക്കാരെ പോലെ

എയര്‍ മാര്‍ഷലുകള്‍ ആയുധധാരികളായ സുരക്ഷാ ഭടന്‍മാരുടെ വേഷത്തില്‍ ആയിരിക്കില്ല വിമാനത്തില്‍ ഉണ്ടാകുക. സാധാരണ യാത്രക്കാരെ പോലെ അവരും സഞ്ചരിക്കും. ഒരാളോ രണ്ടു പേരോ ഒരു വിമാനത്തില്‍ ഉണ്ടാകും. അവരുടെ കയ്യില്‍ ഒളിപ്പിച്ചു വെച്ച് ആയുധങ്ങള്‍ ഉണ്ടാകും. വിമാനം റാഞ്ചുന്നത് തടയാനുള്ള ചില ഉപകരണങ്ങളുമുണ്ടാകും. യാത്രക്കാരെ സുരക്ഷിതമാക്കുന്നതിനുള്ള തന്ത്രങ്ങളില്‍ പരിശീലം ലഭിച്ചവരാകും എയര്‍ മാര്‍ഷലുകള്‍. ഇവരെ കുറിച്ച് വിമാനത്തിലെ യാത്രക്കാര്‍ക്ക് അറിവുണ്ടാവില്ല. പൈലറ്റ് ഇന്‍ കമാന്റിന് മാത്രമാണ് ഇവരെ തിരിച്ചറിയാനാകുക. നിലവില്‍ എന്‍.എസ്.ജിക്ക് കീഴില്‍ 40 എയര്‍മാര്‍ഷലുകളാണ് ഉള്ളത്. അവരുടെ എണ്ണം 110 ആക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

15 വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി

തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള 15 വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ സുരക്ഷാ ക്രമീകരണം കൊണ്ടു വരുന്നത്. എയര്‍ ഇന്ത്യയുടെ മുംബൈ-ന്യൂയോര്‍ക്ക്, ഇന്‍ഡിഗോ മുംബൈ-റിയാദ്, ഇന്‍ഡിഗോ മുംബൈ-ഡല്‍ഹി, അലാസ്‌ക മുംബൈ-ബംഗളൂരു, എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ചിക്കാഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അയോധ്യ-ബംഗളൂരു, മധുര-സിംഗപ്പൂര്‍, ഇന്‍ഡിഗോ ദമാം-ലക്‌നൗ, സ്‌പൈസ് ജെറ്റിന്റെ ദര്‍ബംഗ-മുംബൈ, അലാസ്‌കയുടെ ബാംഗ്‌ദോഗ്ര-ബംഗളൂരു, അലയന്‍സ് എയറിന്റെ അമൃത്സര്‍-ഡെറാഡൂണ്‍-ഡല്‍ഹി എന്നീ വിമാനങ്ങള്‍ക്കും ബോംബ് ഭീഷണിയുണ്ടായി. മധുര-സിംഗപ്പൂര്‍ വിമാനം സിംഗപ്പൂര്‍ ആംഡ് ഫോഴ്സിന്റെ രണ്ട് ഫൈറ്റര്‍ ജെറ്റുകളുടെ അകമ്പടിയോടെയാണ് സിംഗപ്പൂര്‍ ചാംഗി വിമാനത്താവളത്തില്‍ ഇറക്കിയത്.

Tags:    

Similar News