സര്‍പ്രൈസുകള്‍ ഒളിച്ചുവച്ച് മോദി 3.0: അമിത് ഷാ ധനമന്ത്രിയാകുമെന്ന് സൂചന
മോദിയുടെ വിശ്വസ്തന്‍, ഗുജറാത്ത് രാഷ്ട്രീയത്തിലെ അതികായന്‍
മൂന്നാം തവണയും അധികാരമേറ്റ നരേന്ദ്ര മോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോദിയുടെ വിശ്വസ്തനും മുന്‍ ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ കേന്ദ്ര ധനമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഈ സ്ഥാനം വഹിച്ചിരുന്ന നിര്‍മലാ സീതാരാമന് മറ്റൊരു വകുപ്പ് നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നപ്പോള്‍ മുതലുള്ള ബന്ധമാണ് നരേന്ദ്ര മോദിയും അമിത് ഷായും തമ്മിലുള്ളത്. 35 വര്‍ഷത്തോളം നീണ്ടുനിന്ന പ്രവര്‍ത്തന കാലയളവില്‍ ഇരുവരും പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്‌നിച്ചു. നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ മോദിക്ക് കരുത്തായ ഷാ, ഗുജറാത്തിലെ ഏറ്റവും ശക്തരായ നേതാക്കളിലൊരാള്‍ കൂടിയാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഗാന്ധിനഗര്‍ സീറ്റില്‍ നിന്നും 7.4 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാ ലോക്‌സഭയിലേക്കെത്തിയത്. അമിത് ഷായ്ക്ക് പകരം മുതിര്‍ന്ന ബി.ജെ.പി നേതാവ് രാജ്‌നാഥ് സിംഗ് ആഭ്യന്തര പദവിയിലേക്കെത്തുമെന്നാണ് വിവരം. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ഷായുടെ നിയന്ത്രണത്തില്‍ തന്നെ നിലനിറുത്തിയേക്കും.
ഷായെ ധനമന്ത്രിയാക്കാന്‍ നേരത്തെയും നീക്കം
മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അസുഖബാധിതനായിരുന്നപ്പോഴാണ് നിര്‍മലാ സീതാരാമനെ തന്റെ പിന്‍ഗാമിയാക്കണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ടുവച്ചത്. ജയ്റ്റ്‌ലിയുടെ ആവശ്യം അംഗീകരിച്ചെങ്കിലും അമിത് ഷായെ ധനമന്ത്രിയാക്കണം എന്നായിരുന്നു മോദിയുടെ ആഗ്രഹം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അമിത് ഷാ അദ്ദേഹത്തിന്റെ വിശ്വസ്തനായ ധനമന്ത്രിയായിരുന്നു. ഈ പരിചയ സമ്പത്ത് നിര്‍ണായക സമയത്ത് ഉപയോഗപ്പെടുത്താനാണ് ബി.ജെ.പി ആലോചിക്കുന്നത്. മാത്രവുമല്ല ഓഹരി വിപണിയിലും സാമ്പത്തിക കാര്യങ്ങള അമിത് ഷായ്ക്കുള്ള താത്പര്യവും അറിവും അദ്ദേഹത്തെ ഈ സ്ഥാനത്തിന് യോഗ്യനാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.