'ഹൃദയത്തെ അറിയാം' പുതിയ സംവിധാനം അവതരിപ്പിച്ച് അപ്പോളോ ആശുപത്രി
രാജ്യത്തുടനീളമുള്ള നാല് ലക്ഷത്തോളം വ്യക്തികളുടെ ഡാറ്റ പരിശോധിച്ചതിന് ശേഷം പുറത്തിറക്കിയ ഉപകരണം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള 'ഹാർട്ട് റിസ്ക് സ്കോർ' അപ്പോളോ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽ അവതരിപ്പിച്ചു. ഹാർട്ടിന്റെ 'സ്‌കോർ അറിയുന്നതിനും മെച്ചപ്പെടുത്തുന്നതിനും പരിഷ്ക്കരിക്കുന്നതിനും അപകടസാധ്യതയെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നതിനും ഹാർട് റിസ്ക് സ്കോറിലൂടെ കഴിയുമെന്ന് ആശുപത്രി അധികൃതർ അവകാശപ്പെട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വെബ് ടൂൾ ആണ് 'ഹാർട്ട് റിസ്ക് സ്കോർ'. ഇത് ഇന്ത്യയിൽ വികസിപ്പിച്ച ആദ്യ ടൂൾ ആണെന്ന് ആശുപത്രി അധികൃതർ അവകാശപ്പെടുന്നു.
രാജ്യത്തുടനീളമുള്ള നാലുലക്ഷത്തോളം വ്യക്തികളുമായി ബന്ധപ്പെട്ട് ലഭിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള അൽഗോരിതം ഉപയോഗിച്ചാണ് ഈ ഉപകരണം നിർമ്മിച്ചിരിക്കുന്നത്. സർക്കാർ ആവശ്യപ്പെട്ടാൽ പൊതുമേഖലാ ആശുപത്രികൾക്ക് ഉപകരണം നൽകും. മൈക്രോസോഫ്റ്റ് പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ഈ ഉപകരണത്തിലൂടെ അടിസ്ഥാന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും അറിയാന്‍ കഴിയും. ക്ലിനിക്കൽ വൈദഗ്ദ്ധ്യത്തെയും ആർട്ടിഫിഷ്യൽ ഇന്റലിജസിനെയും സംയോജിപ്പിച്ച് വികസിപ്പിച്ചെടുത്ത ഈ ടൂൾ ഭക്ഷണക്രമം, പുകയില ഉപയോഗം, മറ്റ് ശാരീരിക അസ്വസ്ഥതകൾ എന്നിവ പോലുള്ള എല്ലാ ഘടകങ്ങളും കണക്കിലെടുത്താണ് റിസ്ക് സ്കോർ നൽകുന്നത്. റിസ്ക് ഉയർന്നതാണോ, മിതമായതാണോ, കുറഞ്ഞതാണോ എന്ന് തരംതിരിച്ചായിരിക്കും കാണിക്കുന്നത്. സ്കോർ മെച്ചപ്പെടുത്തുന്നതിനായി എന്തൊക്കെ ചെയ്യണമെന്നുള്ളതിനെക്കുറിച്ചുള്ള ഉപദേശവും ഉപകരണം നൽകുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.