കൊച്ചിയില്‍ ബി.പി.സി.എല്‍ ജൈവമാലിന്യ പ്ലാന്റിന് അനുമതി; ഉല്‍പാദിപ്പിക്കുന്ന ജൈവവളം കര്‍ഷകര്‍ക്ക്
സംസ്‌കരണത്തിനു ശേഷം ബാക്കിയാവുന്ന അജൈവമാലിന്യം ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്ത് സംസ്‌കരിക്കും
കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്‌നത്തിന് പരിഹാരമായി ബി.പി.സി.എല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാന്‍ മന്ത്രിസഭാ അംഗീകാരം. കൊച്ചി കോര്‍പറേഷന്റെ കൈവശമുള്ള ബ്രഹ്‌മപുരത്തെ ഭൂമിയില്‍നിന്ന് 10 ഏക്കര്‍ ഇതിനായി ബി.പി.സി.എല്ലിന് കൈമാറും.
പ്രതിദിനം 150 മെട്രിക് ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുക. പ്ലാന്റില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് ബി.പി.സി.എല്‍ ഉപയോഗിക്കും. 15 മാസത്തിനകം പദ്ധതി പൂര്‍ത്തിയാവുന്ന ഈ പദ്ധതിയുടെ നിര്‍മാണ ചെലവ് 150 കോടി രൂപയാണ്. ഈ തുക ബി.പി.സി.എല്‍ വഹിക്കും.
പ്ലാന്റ് നിര്‍മാണത്തിന് ആവശ്യമായ ജലം, വൈദ്യുതി എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും. പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ജൈവവളം കര്‍ഷകര്‍ക്ക് ലഭ്യമാക്കും. മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായുണ്ടാകുന്ന മലിനജലം ശുദ്ധീകരിച്ച് പുറത്തുവിടും. സംസ്‌കരണത്തിനു ശേഷം ബാക്കിയാവുന്ന അജൈവമാലിന്യം ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്ത് സംസ്‌കരിക്കും.