ഓസ്‌ട്രേലിയ വിദേശ വിദ്യാര്‍ഥികളെ വലയ്ക്കുമോ?

കര്‍ക്കശ നിയന്ത്രണം വന്നാല്‍ 14,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് സര്‍വകലാശാലകളുടെ വിലയിരുത്തല്‍

Update:2024-08-08 12:57 IST
വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാജ്യത്തെ സര്‍വകലാശാലകളും സാമ്പത്തിക വിദഗ്ധരും രംഗത്തെത്തി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ എടുത്തുചാട്ടം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടത്തിനും വലിയ സാമ്പത്തിക ബാധ്യതയ്ക്കും വഴി വയ്ക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തെ സര്‍വകലാശാലകളിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കുന്നത് സംബന്ധിച്ച നയം രൂപീകരിക്കാനുള്ള നടപടികള്‍ ഓസ്‌ട്രേലിയയില്‍ പുരോഗമിക്കുകയാണ്. കോവിഡിന് ശേഷം കുടിയേറ്റത്തിലുണ്ടായ വന്‍ വര്‍ധന മൂലം രാജ്യത്തെ പൗരസമൂഹത്തിനിടയില്‍ ഉണ്ടായ ഉത്കണ്ഠ പരിഗണിക്കാന്‍ കൂടിയാണ് നടപടി.
14,000 പേരുടെ പണി പോകും
ഓസ്‌ട്രേലിയയില്‍ നടപ്പിലാക്കുന്ന പുതിയ നയം 14,000 പേരുടെ തൊഴില്‍ ഇല്ലാതാക്കുമെന്നും രാജ്യത്തെ സാമ്പത്തിക രംഗത്ത് 2.8 ബില്യന്‍ ഡോളര്‍ (ഏകദേശം 23,156 കോടി രൂപ) നഷ്ടമുണ്ടാക്കുമെന്നും യൂണിവേഴ്‌സിറ്റീസ് ഓസ്‌ട്രേലിയ സി.ഇ.ഒ ലൂക്ക് ഷീഷി പറയുന്നു. അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മറ്റൊരു വ്യവസായ മേഖലയോടും ഇത്തരം നയം സ്വീകരിക്കുന്നില്ല. 2.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ് വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം സാമ്പത്തിക മാന്ദ്യത്തിലാകുമെന്ന് മുന്നറിയിപ്പ്
വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം രാജ്യത്തെ സാമ്പത്തിക രംഗത്തെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരത്തിലുള്ള തീരുമാനം രാജ്യത്തെ സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയാകുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനായ പ്രൊഫസര്‍ റിച്ചാര്‍ഡ് ഹോള്‍ഡന്‍ മുന്നറിയിപ്പ് നല്‍കുന്നു. വിദേശ വിദ്യാര്‍ത്ഥികള്‍ ട്യൂഷന്‍ ഫീസിന് പുറമെ വീട്ടുവാടക, ഭക്ഷണം, യാത്ര, വിനോദം തുടങ്ങിയവയ്ക്ക് വേണ്ടി വലിയ തുക ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് പെട്ടെന്ന് നിലയ്ക്കുന്നത് രാജ്യത്തിന്റെ ജി.ഡി.പിയില്‍ 0.5 ശതമാനം കുറവുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടുത്ത തീരുമാനത്തിന് പിന്നില്‍
കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ പൗരന്മാരുടെ അവസരങ്ങള്‍ കുറയ്ക്കുന്നുവെന്നും രാജ്യത്ത് വീട്ടുവാടക അടക്കമുള്ളവയുടെ വിലക്കയറ്റത്തിന് കാരണമാകുന്നെന്ന ആക്ഷേപമാണ് സര്‍ക്കാരിനെ നയം മാറ്റത്തിന് പ്രേരിപ്പിച്ചത്. വിദേശ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ ആസ്‌ട്രേലിയയിലെ മിക്ക സര്‍വകലാശാലകളുടെയും വിദ്യാഭ്യാസത്തിലെ ഗുണമേന്മ നഷ്ടപ്പെട്ടതായും ആക്ഷേപമുണ്ട്.
പ്രധാന നഗരങ്ങളില്‍ താമസ സൗകര്യം ലഭിക്കുകയെന്നത് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വലിയൊരു വെല്ലുവിളിയാണ്. അവസരം മുതലെടുത്ത റിയല്‍ എസ്റ്റേറ്റ് ലോബി വാടക കുത്തനെ ഉയര്‍ത്തുകയും ചെയ്തു. വിദേശ വിദ്യാര്‍ത്ഥികള്‍ മൂലം തദ്ദേശീയരുടെ തൊഴില്‍ സാധ്യതകള്‍ കുറഞ്ഞതായും ചില സംഘടനകള്‍ വിമര്‍ശിക്കുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ ആസ്‌ട്രേലിയ നീങ്ങുന്നതെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എങ്ങനെ ബാധിക്കും
വിദേശ രാജ്യങ്ങളില്‍ ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നീക്കം. തീരുമാനം ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളിലെ സീറ്റുകള്‍ കുറയ്ക്കുകയും വലിയ മത്സരത്തിന് കാരണമാവുകയും ചെയ്യും. സ്വാഭാവികമായും ഇത് ട്യൂഷന്‍ ഫീസ് അടക്കമുള്ള ചെലവുകള്‍ വര്‍ധിപ്പിക്കുകയും വിദേശ പഠനത്തിനൊരുങ്ങുന്നവരുടെ ബജറ്റ് കൂട്ടുകയും ചെയ്യും. കുടിയേറ്റ സൗഹൃദ നയങ്ങള്‍ നടപ്പിലാക്കുന്ന രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ മാറാനുള്ള സാധ്യതയുണ്ടെന്നും ചിലര്‍ പറയുന്നു. എന്നാല്‍ തീരുമാനത്തോടെ ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളില്‍ മികച്ച ഗുണമേന്മയിലുള്ള വിദ്യാഭ്യാസം ലഭിക്കാനുള്ള സാധ്യത കൂടിയാണ് തെളിയുന്നതെന്നും വിലയിരുത്തലുണ്ട്.
Tags:    

Similar News