എം.ബി.എ, എന്‍ജിനിയറിംഗ് ബിരുദധാരികളെ തേടി വാഹന നിര്‍മാതാക്കള്‍

മാരുതി സുസുകി, മെഴ്സിഡസ് ബെന്‍സ്, മഹീന്ദ്ര തുടങ്ങിയവര്‍ കൂടുതല്‍ കാമ്പസ് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു

Update: 2023-05-03 09:35 GMT

Image Source : @Canva

ഐ.ടി കമ്പനികള്‍ പുതിയ നിയമനങ്ങള്‍ വെട്ടി ചുരുക്കിയപ്പോള്‍ ഓട്ടോമൊബൈല്‍ വമ്പന്‍മാര്‍ ഇന്ത്യയില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ് വഴി കൂടുതല്‍ എന്‍ജിനിയറിംഗ്, എം.ബി.എ ബിരുദധാരികളെ തിരഞ്ഞെടുക്കാന്‍ ഒരുങ്ങുന്നു. ഐ.ഐ.ടി, എന്‍ജിനിയറിംഗ് കോളേജുകളെ കേന്ദ്രികരിച്ചാണ് കാമ്പസ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.

എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്‌സ്, ഉല്‍പ്പന്ന വികസനം, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് എന്നി വിഭാഗങ്ങളിലാണ് കൂടുതല്‍ നിയമനങ്ങള്‍ നടത്തുന്നത്.

മാരുതി 1000 പേരെ കണ്ടെത്തും

ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം അധികം ബിരുദ എന്‍ജിനിയറിംഗ് ട്രെയിനികളെ ഈ വര്‍ഷം നിയമിക്കും. ഡാറ്റ അനലിറ്റിക്സ്, ഇലക്ട്രിക്കല്‍ വിഭാഗത്തിലാണ് കൂടുതല്‍ എന്‍ജിനിയര്‍മാരെ വേണ്ടത്. ഇ-കോമേഴ്സ് ചാനല്‍ വികസിപ്പിക്കാനും ഡാറ്റ ഖനനം തുടങ്ങിയ സംവിധാനങ്ങള്‍ നടപ്പിലാക്കാനുമാണ് പുതിയ എന്‍ജിനിയര്‍മാരെ നിയോഗിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും അധികം കാറുകള്‍ വില്‍ക്കുന്ന മാരുതി സുസുക്കിയും പുതിയ നിയമനങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. ഈ വര്‍ഷം കാമ്പസുകളില്‍ നിന്ന് 1000 പേരെയാണ് മാരുതി തിരഞ്ഞെടുക്കുക.

ഐ.ഐ.ടികള്‍, മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നാണ് മഹീന്ദ്ര & മഹീന്ദ്ര പുതിയ നിയമനങ്ങള്‍ നടത്തുന്നത്. ഹ്യുണ്ടായ് മോട്ടോര്‍സ് ഈ വര്‍ഷം 1,000 പേരെ കാമ്പസ് റിക്രൂട്ട്‌മെന്റ് വഴി തിരഞ്ഞെടുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News