യു.കെയില്‍ വിദഗ്ധ കുടിയേറ്റം നിയന്ത്രിക്കാന്‍ നീക്കം; തിരിച്ചടി മലയാളികള്‍ക്കും, ബാധിക്കുക ഈ മേഖലകളെ

മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ ഈ രംഗങ്ങളില്‍ യു.കെയില്‍ ജോലി ചെയ്യുന്നുണ്ട്‌

Update:2024-08-11 10:42 IST

Image : Canva

യു.കെയില്‍ കുടിയേറ്റ വിരുദ്ധ കലാപം കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ സുപ്രധാന നീക്കവുമായി സര്‍ക്കാര്‍. കുടിയേറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. തൊഴിലും വരുമാനവും കുടിയേറ്റക്കാര്‍ കൊണ്ടുപോകുന്നെന്ന ആരോപണം രാജ്യത്തെ അസ്വസ്ഥമാക്കുമെന്ന കണ്ടെത്തലിലാണ് നീക്കത്തിന് തുടക്കമിട്ടത്.

കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഐടി, ടെലികോം, എന്‍ജിനിയറിംഗ് മേഖലകളില്‍ വിദേശികള്‍ക്ക് വിസ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നീക്കം. ഉയര്‍ന്ന തോതിലുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇന്ത്യയില്‍ നിന്ന് മാത്രം ആയിരക്കണക്കിന് ഐ.ടി, എന്‍ജിനിയറിംഗ് പ്രൊഫഷണലുകള്‍ ഓരോ വര്‍ഷവും ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിനായി എത്തുന്നു.

ഈ രംഗത്തു വിദേശ റിക്രൂട്‌മെന്റ് വ്യാപകമാകാനുള്ള കാരണം വിലയിരുത്താന്‍ യു.കെ ആഭ്യന്തരമന്ത്രി ഇവറ്റ് കൂപ്പര്‍ സ്വതന്ത്ര ഏജന്‍സിയായ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിക്കു (എം.എ.സി) നിര്‍ദേശം നല്‍കി. തദ്ദേശീയ പ്രഫഷനലുകളുടെ കുറവ്, വേതനം, പരിശീലന സാഹചര്യം, വിദേശ ജീവനക്കാരെ സ്വീകരിക്കുന്നതിനു പകരമുള്ള മാര്‍ഗം തുടങ്ങിയ കാര്യങ്ങളില്‍ 9 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണു നിര്‍ദേശം.

മലയാളികള്‍ക്കും തിരിച്ചടി

നിരവധി മലയാളികള്‍ ഐ.ടി അധിഷ്ടിത രംഗങ്ങളില്‍ യു.കെയില്‍ ജോലി ചെയ്യുന്നുണ്ട്. അതിലേറെ പേര്‍ അവിടേക്ക് ജോലിക്കായി ശ്രമിക്കുന്നുമുണ്ട്. പുതിയ നിയന്ത്രണങ്ങള്‍ വരുന്നത് ഇവരുടെ സ്വപ്‌നങ്ങളെയും ബാധിക്കും. നഴ്‌സിംഗ് അടക്കമുള്ള മേഖലകളില്‍ നിലവില്‍ പ്രശ്‌നമില്ലെങ്കിലും ഭാവിയില്‍ നിയന്ത്രണം കൂടുതല്‍ തൊഴില്‍മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട്.

ഐ.ടി, എന്‍ജിനിയറിംഗ് മേഖലകളിലെ ഏറ്റവും കുറഞ്ഞ ശമ്പള പരിധി ഉയര്‍ത്തുന്നതും ബ്രിട്ടനില്‍ വിവിധ പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നതും സര്‍ക്കാര്‍ പരിഗണനയിലാണ്. 2023-24 സാമ്പത്തികവര്‍ഷം 67,703 വിദഗ്ധ തൊഴില്‍ വീസയാണു യു.കെ അനുവദിച്ചത്. അനുവദിക്കുന്ന തൊഴില്‍ വീസകളില്‍ ആറിലൊന്നും ഐ.ടി മേഖലയിലാണ്.
Tags:    

Similar News