ഓണത്തിന് ട്രെയിനില്‍ പറന്നു വരാം; ബംഗളൂരുവില്‍ നിന്ന് എത്രയാണ്, സ്‌പെഷല്‍ സര്‍വീസ്! സ്റ്റോപ്പുകള്‍ അറിയാം

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് സ്പെഷ്യൽ സ്ഥിരപ്പെടുത്താന്‍ സാധ്യതകളേറെ

Update:2024-08-20 11:08 IST

Representational Image : Canva

കേരളത്തില്‍ ധാരാളം പേര്‍ അന്യ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരായിയുണ്ട്. ഇവര്‍ നാട്ടിലേക്ക് ഉത്സവകാലങ്ങളില്‍ വരാനായി ആശ്രയിക്കുന്നത് പ്രധാനമായും ട്രെയിന്‍, വിമാന സര്‍വീസുകളെയാണ്. ഒട്ടേറെ മലയാളികള്‍ ജോലി ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി ആശ്രയിക്കുന്ന നഗരമാണ് ബംഗളൂരു. അതുകൊണ്ടു തന്നെ ഉത്സവ, അവധിക്കാലങ്ങളില്‍ ഇവിടെ നിന്ന് നാട്ടിലേക്ക് ബസ്, ട്രെയിന്‍, വിമാന മാര്‍ഗങ്ങളിലൂടെ എത്താന്‍ എല്ലാ സമയവും വലിയ തിരക്കാണ് അനുഭവപ്പെടാറുളളത്.

സര്‍വീസ് നടത്തുന്ന തീയതികളും സ്റ്റോപ്പുകളും

ഓണക്കാലം പ്രമാണിച്ച് ദക്ഷിണ റെയില്‍വേ പ്രത്യേക സര്‍വീസുകള്‍ ഒരുക്കുന്നുണ്ട്. ബംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ 26 പ്രത്യേക സര്‍വീസുകളാണ് നടത്തുന്നത്. ഇരുവശത്തേക്കുമായി 13 വീതം സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കും. 06239 എന്നതാണ് ബംഗളൂരു-കൊച്ചുവേളി ട്രെയിനിന്റെ നമ്പര്‍, 06240 എന്നതാണ് കൊച്ചുവേളി-ബംഗളൂരു ട്രെയിന്‍ നമ്പര്‍. ഇന്ന് മുതല്‍ (ഓഗസ്റ്റ് 20) സ്പെഷ്യല്‍ സര്‍വീസ് ആരംഭിക്കുന്നതാണ്.
ഓഗസ്റ്റ് 20, 22, 25, 27, സെപ്റ്റംബര്‍ 3, 5, 8, 10, 12, 15, 17 തീയതികളിലാണ് ബംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്ക് സ്പെഷ്യല്‍ സര്‍വീസുകള്‍ ഉളളത്. രാത്രി 9 ന് പുറപ്പെട്ട പിറ്റേ ദിവസം ഉച്ചയ്ക്ക് 12.15ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
കൊച്ചുവേളിയില്‍ നിന്ന് ബംഗളൂരുവിലേക്ക് ഓഗസ്റ്റ് 21, 23, 26, 28, 30, സെപ്റ്റംബര്‍ 2, 4, 6, 9, 11, 13, 16, 18 തീയതികളിലാണ് സര്‍വീസ് നടത്തുന്നത്. വൈകിട്ട് 5 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 10.30 ന് ബംഗളൂരുവില്‍ എത്തിച്ചേരുന്നതാണ്.
സേലം, ഈറോഡ്, തിരുപ്പൂര്‍, പൊത്തന്നൂര്‍ ജംഗ്ഷന്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ സ്പെഷ്യല്‍ സര്‍വീസിന് സ്റ്റോപ്പുകളുണ്ടാകും.

ബംഗളൂരു വന്ദേ ഭാരത്

അതേസമയം, എറണാകുളം-ബംഗളൂരു വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിന്‍ ഓഗസ്റ്റ് 26 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വന്ദേ ഭാരത് സ്പെഷ്യലിന് മികച്ച പ്രതികരണമാണ് യാത്രക്കാരുടെ ഭാഗത്തു നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്.
ടിക്കറ്റ് ബുക്കിങ്ങിലെ തിരക്ക് പരിശോധിച്ചതിനു ശേഷം വന്ദേ ഭാരത് സ്ഥിരപ്പെടുത്തുന്നതിനോ സർവീസ് നീട്ടുന്നതിനോ ഉളള സാധ്യതകളെക്കുറിച്ച് അറിയിക്കാമെന്നാണ് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയത്. ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്ന സാഹചര്യത്തില്‍ വന്ദേ ഭാരത് സ്ഥിരപ്പെടുത്താനുളള സാധ്യതകളേറെയാണ്.
Tags:    

Similar News