₹28,405 കോടി ചെലവ്, 37 കിലോമീറ്ററില്‍ 28 സ്‌റ്റേഷനുകള്‍; റെഡ് ലൈനില്‍ വികസനം കുതിക്കും, നമ്മ മെട്രോ മൂന്നാം ഘട്ടത്തിന് അനുമതി

ഐ.ടി നഗരത്തിലെ ഗതാഗത കുരുക്കിന് ശമനമാകുമെന്നാണ് പ്രതീക്ഷ

Update:2024-12-07 14:40 IST

image credit : canva , BMRC

ബംഗളൂരു മെട്രോയുടെ ഹെബ്ബാള-സര്‍ജപുര കോറിഡോര്‍ (ഫേസ് 3എ) വികസിപ്പിക്കാന്‍ 28,405 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കി കര്‍ണാടക മന്ത്രിസഭ. ടെക് ഹബ്ബായ സര്‍ജാപുരയും ഹെബ്ബലിനും ഇടയിലുള്ള 37 കിലോമീറ്റര്‍ ദൂരത്തില്‍ കൂടി മെട്രോ യാത്ര സാധ്യമാകുന്നതോടെ ബംഗളൂരു നഗരത്തിലെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ ശമനമാകുമെന്നാണ് പ്രതീക്ഷ. 22.14 കിലോമീറ്ററില്‍ എലവേറ്റഡ് ട്രാക്കും 17 മെട്രോ സ്‌റ്റേഷനുകളും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ 14.55 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂഗര്‍ഭ ട്രാക്കും 11 സ്‌റ്റേഷനുകളും സ്ഥാപിക്കുമെന്നും കര്‍ണാടക നിയമ പാര്‍ലമെന്ററി വകുപ്പ് മന്ത്രി എച്ച്.കെ.പാട്ടീല്‍ പറഞ്ഞു.
ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ 28,405 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്രസര്‍ക്കാരുമായി ഇക്വിറ്റി ഷെയറിംഗ് ജോയിന്റ് വെഞ്ച്വര്‍ (ജെ.വി) മോഡലിലാണ് പദ്ധതിക്ക് വേണ്ട പണം കണ്ടെത്തുന്നത്. സോവറിന്‍ ലോണ്‍, പാസ് ത്രൂ അസിസ്റ്റന്‍സ് (പി.ടി.എ) മോഡലില്‍ വായ്പ തരാന്‍ വിവിധ സാമ്പത്തിക സ്ഥാപനങ്ങള്‍ തയ്യാറാണെന്നും പാട്ടീല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള അനുമതി കൂടി ലഭിച്ചാല്‍ പദ്ധതിക്ക് വേണ്ട ഭൂമിയേറ്റെടുക്കല്‍ പോലുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബംഗളൂരു നമ്മ മെട്രോയുടെ 50 ശതമാനം ഇക്വിറ്റി ഷെയര്‍ കേന്ദ്രസര്‍ക്കാരിനാണ്. റെഡ് ലൈന്‍ എന്നാകും ഈ പാത അറിയപ്പെടുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ അടുത്ത ഡിസംബറോടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ 2031ഓടെ മെട്രോയുടെ മൂന്നാം ഘട്ടം യാഥാര്‍ത്ഥ്യമാകും.

258.79 കിലോമീറ്റര്‍ നീളത്തില്‍ നമ്മ മെട്രോ

മൂന്നാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ ബംഗളൂരു മെട്രോ 258.79 കിലോമീറ്റര്‍ ദൂരത്തിലേക്ക് വളരും. 17 എലവേറ്റഡ്, 11 അണ്ടര്‍ ഗ്രൗണ്ട് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ 28 സ്റ്റേഷനുകളാണ് മൂന്നാം ഘട്ടത്തിലുള്ളത്. ഇതില്‍ അഞ്ച് പ്രധാന ഇന്റര്‍ചേഞ്ചുകളുമുണ്ടാകും. ഇബ്‌ളൂര്‍, അഗാറ, ഡയറി സര്‍ക്കിള്‍, കെ.ആര്‍ സര്‍ക്കിള്‍, ഹെബ്ബാല്‍ എന്നിവിടങ്ങളിലാകും ഇന്റര്‍ചേഞ്ചുകള്‍. ഒരു കിലോമീറ്ററിന് 776 കോടി രൂപ വീതം ചെലവാകുമെന്നാണ് കണക്ക്. 2011ല്‍ പ്രവര്‍ത്തനം തുടങ്ങിയ നമ്മ മെട്രോയുടെ ഏറ്റവും ചെലവേറിയ ഘട്ടമാകുമിത്.
Tags:    

Similar News