ടാറ്റയുടെ നഷ്ടക്കച്ചവടം ഏറ്റെടുക്കാന്‍ ഭാരതി എയര്‍ടെല്‍, ജിയോ മാതൃകയില്‍ വമ്പന്‍ ഓഫറുകള്‍ക്ക് സാധ്യത

ഒരുകാലത്ത് ഇന്ത്യന്‍ വീടുകളിലെ നിറസാന്നിധ്യമായിരുന്ന ടാറ്റ പ്ലേ പോലുള്ള ഡി.ടി.എച്ച് സേവനങ്ങള്‍ ഓവര്‍ ദി ടോപ്പ് (ഒ.ടി.ടി) പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമായതോടെ അപ്രസക്തമായി

Update:2024-10-09 12:23 IST

image credit : canva , Airtel , Tata Play

ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഡയറക്ട് ടു​ ഹോം (ഡി.ടി.എച്ച്) ബിസിനസായ ടാറ്റ പ്ലേ ഏറ്റെടുക്കാൻ ഭാരതി എയര്‍ടെല്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ടി.വി സെഗ്‌മെന്റിലെ സാന്നിധ്യം വര്‍ധിപ്പിക്കുകയും വരുമാനം കൂട്ടുകയും ലക്ഷ്യമിട്ടാണ് എയര്‍ടെല്ലിന്റെ നീക്കമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടാറ്റ പ്ലേ. ടാറ്റയുടെ മൊബിലിറ്റി ബിസിനസ് 2017ല്‍ ഏറ്റെടുത്ത ശേഷമാണ് എയര്‍ടെല്ലിന്റെ അടുത്ത നീക്കം. ഇതോടെ ഇന്ത്യന്‍ വിപണിയിലെ എയര്‍ടെല്ലിന്റെ സാന്നിധ്യം വര്‍ധിക്കും.
ഒരുകാലത്ത് ഇന്ത്യന്‍ വീടുകളിലെ നിറസാന്നിധ്യമായിരുന്ന ടാറ്റ പ്ലേ പോലുള്ള ഡി.ടി.എച്ച് സേവനങ്ങള്‍ ഓവര്‍ ദി ടോപ്പ് (ഒ.ടി.ടി) പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമായതോടെ അപ്രസക്തമാവുകയായിരുന്നു. ഇതോടെ ഈ രംഗത്ത് നിന്നും മാറിനില്‍ക്കാന്‍ ടാറ്റ ചിന്തിച്ചുതുടങ്ങി. ഈ വിപണിയിലെ ഏറ്റവും വലിയ കമ്പനിയാണെങ്കിലും ലാഭമുണ്ടാക്കാനും ടാറ്റയ്ക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 353.8 കോടിയായിരുന്നു ടാറ്റ പ്ലേയുടെ നഷ്ടം. നഗരങ്ങളിലെ ഉപയോക്താക്കള്‍ ചെലവ് കുറഞ്ഞ ഓണ്‍ലൈന്‍ ബദല്‍ സേവനങ്ങളും ഗ്രാമീണ ഉപയോക്താക്കള്‍ ദൂരദര്‍ശന്റെ സൗജന്യ ഡിഷ് കണക്ഷനും എടുക്കാന്‍ തുടങ്ങിയതും ടാറ്റയ്ക്ക് തിരിച്ചടിയായി. നിലവില്‍ ടാറ്റ സണ്‍സിന് 70 ശതമാനവും വാള്‍ട്ട് ഡിസ്‌നിക്ക് 30 ശതമാനം വിഹിതവുമാണ് ടാറ്റ പ്ലേയിലുള്ളത്. 2001ല്‍ പ്രവര്‍ത്തനം തുടങ്ങിയ ടാറ്റ സ്‌കൈ 2022ലാണ് ടാറ്റ പ്ലേ എന്ന പേരിലേക്ക് മാറിയത്.

എയര്‍ടെല്ലിന് നേട്ടം

അതേസമയം, ടാറ്റ പ്ലേയെ ഏറ്റെടുക്കുന്നത് എയര്‍ടെല്ലിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ജിയോ നല്‍കുന്നത് പോലെ കിടിലന്‍ ഓഫറുകളുമായി കൂടുതല്‍ ഉപയോക്താക്കളെ സ്വാധീനിക്കാന്‍ എയര്‍ടെല്ലിന് കഴിയും. ബ്രോഡ്ബാന്‍ഡ്, ഡി.ടി.എച്ച് സേവനങ്ങള്‍ ചേര്‍ത്ത് ബന്‍ഡില്‍ ഓഫറായി നല്‍കാനും ഇതുവഴി എയര്‍ടെല്ലിന് കഴിയും. ടാറ്റ പ്ലേയുടെ ഫൈബര്‍ ഒപ്റ്റിക്‌സ് വഴി കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കാനും എയര്‍ടെല്ലിന് സാധിക്കും. എന്നാല്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. അടുത്ത് തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ടി.വി, ബ്രോഡ്ബാന്‍ഡ് മേഖലയിലെ കമ്പനികള്‍ തമ്മിലുള്ള മത്സരം വര്‍ധിപ്പിക്കാനും ഇതുവഴി കഴിയുമെന്നാണ് വിലയിരുത്തല്‍.
Tags:    

Similar News