ഇനിയാ തെറ്റ് ആവര്‍ത്തിക്കരുത്: ഇരട്ടകളിലൂടെ റിലയന്‍സിനെ മുകേഷ് അംബാനി മൂന്നാം തലമുറയിലേക്ക് കൈമാറുന്നതിങ്ങനെ
ആകാശിനെ ജിയോയുടെ തലപ്പത്തേക്ക് നിയമിച്ച മുകേഷ് അംബാനി ഇഷയ്ക്ക് റീട്ടെയില്‍ യൂണിറ്റിന്റെ ചുമതല നല്‍കാനാണ് ഒരുങ്ങുന്നത്
ഇന്ത്യയില്‍ മാത്രമല്ല, ലോകത്തില്‍ തന്നെ മിക്കവര്‍ക്കും പരിചിതമാണ് അംബാനി കുടുംബവും അവരുടെ ബിസിനസുകളും. ഒന്നുമില്ലായ്മയില്‍നിന്ന് കഠിനാധ്വാനത്തോടെയാണ് ധീരുഭായ് അംബാനി ഒരു ബിസിനസ് സാമ്രാജ്യത്തിന് തുടക്കമിട്ടത്. പിന്നീട് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തിനപ്പുറവും വളര്‍ന്ന് അംബാനി കുടുംബം ബിസിനസ് പ്രമുഖരില്‍ മുന്‍നിരയിലെത്തി. മക്കളായ മുകേഷ് അംബാനിയും (Mukesh Amabni) അനില്‍ അംബാനിയും ബിസിനസുകളില്‍ സജീവമായി ധീരുഭായിയുടെ കൂടെനിന്നെങ്കിലും അദ്ദേഹത്തിന്റെ മരണത്തോടെ അംബാനി കുടുംബത്തിന്റെയും ഐക്യത്തിന് വിള്ളല്‍ വീണു. പിതാവിന്റെ വിയോഗശേഷം മുകേഷ് അംബാനിയും അനില്‍ അംബാനിയും (Anil Ambani) തമ്മിലുണ്ടായ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് രണ്ടുപേരും രണ്ട് ചേരികളായി തിരിഞ്ഞു. എങ്കിലും അംബാനി കുടുംബത്തില്‍ ജ്വലിച്ചുനിന്നത് മുകേഷ് അംബാനിയുടെ റിലയന്‍സ് (Reliance Group) ഗ്രൂപ്പായിരുന്നു.