എന്തുകൊണ്ട് ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍ ഒഴിവാക്കി: വിശദീകരണവുമായി ബില്‍ഗേറ്റ്‌സ്
മസ്‌കിന്റെ കൈയ്യിലുള്ളത്ര പണം നിങ്ങള്‍ക്ക് ഇല്ലെങ്കില്‍ സൂക്ഷിക്കണെമെന്നും മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍
ക്രിപ്‌റ്റോ കറന്‍സികളില്‍ എന്തുകൊണ്ട് നിക്ഷേപം നടത്തുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം നല്‍കി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം റെഡ്ഡിറ്റിന്റെ ആസ്‌ക് മീ എനിത്തിംഗ് പരുപാടിയിലാണ് ക്രിപ്‌റ്റോ കറന്‍സികളെക്കുറിച്ചുള്ള തന്റെ കാഴ്ചപാട് ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ നാലാമനായ ബില്‍ഗേറ്റ്‌സ് പങ്കുവെച്ചത്.
ഗുണപരമായ ഫലങ്ങള്‍ (valuable output) തരുന്ന നിക്ഷേപങ്ങളോടാണ് ബില്‍ഗേറ്റ്‌സിന് താല്‍പ്പര്യം. ഒരു കമ്പനിയുടെ മൂല്യം നിശ്ചയിക്കുന്നത് മികച്ച ഉല്‍പ്പന്നങ്ങളാണ്. ക്രിപ്‌റ്റോയുടെ വില നിശ്ചയിക്കുന്നത്, അത് പണം കൊടുത്ത് വാങ്ങാന്‍ തയ്യാറാവുന്ന മറ്റൊരാളാണ്. അതുകൊണ്ട് തന്നെ മറ്റ് നിക്ഷേപങ്ങള്‍ പോലെ ക്രിപ്‌റ്റോ സമൂഹത്തിന് ഒന്നും നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു തരത്തിലുള്ള ഡിജിറ്റല്‍ കറന്‍സിയും തന്റെ കൈവശമില്ലെന്ന് ബില്‍ഗേറ്റ്‌സ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ ബിറ്റ്‌കോയിനില്‍ ആളുകള്‍ കാണിക്കുന്ന താല്‍പ്പര്യത്തില്‍ അദ്ദേഹം ആശങ്കകള്‍ പങ്കുവെച്ചിരുന്നു. ഇലോണ്‍ മസ്‌കിന്റെ കൈയ്യിലുള്ളത്ര പണം നിങ്ങള്‍ക്ക് ഇല്ലെങ്കില്‍ സൂക്ഷിക്കണെമെന്നും അദ്ദേഹം പറഞ്ഞു. ഫോബ്‌സ് ശതകോടീശ്വരപ്പട്ടികയില്‍ ഒന്നാമനാണ് മസ്‌ക്
സ്റ്റേബില്‍ കോയിന്‍ ടെറ. യുഎസ്ഡിയുടെ തകര്‍ച്ചയും അതേ തുടര്‍ന്ന് ബിറ്റ്‌കോയിന്‍ അടക്കമുള്ളവയുടെ വില കൂപ്പുകുത്തിയതിന്റെയും പശ്ചാത്തലിത്തിലാണ് ബില്‍ഗേറ്റ്‌സിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.