ബില്‍ഗേറ്റ്‌സ് പറയുന്നു; സ്മാര്‍ട്ട് ഫോണിന്റെ പിൻഗാമി ഇതാണ്
സ്മാര്‍ട്ട് ഫോണുകള്‍ ശരീരത്തിന്റെ തന്നെ ഭാഗമാവുന്ന കാലത്തെക്കുറിച്ചാണ് ബില്‍ഗേറ്റ്‌സ് ചിന്തിക്കുന്നത്
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് ഇപ്പോഴും ഭാവിയിലെ സാധ്യതകളെക്കുറിച്ചാണ് ചിന്തിക്കുന്നത്. ലോകം കൊവിഡിന്റെ പിടിയിലായപ്പോള്‍, ഇനി ഒരു മഹാമാരി ഉണ്ടായാല്‍ എങ്ങനെ ചെറുക്കാം എന്ന ചിന്തയിലായിരുന്നു ബില്‍ഗേറ്റ്‌സ്. How to prevent the next pandemic എന്ന പുസ്തകവും അദ്ദേഹം എഴുതി.
ഇപ്പോള്‍ ബില്‍ഗേറ്റ്‌സിന്റെ ചിന്ത സ്മാര്‍ട്ട് ഫോണിനെ മറികടക്കാന്‍ കെല്‍പ്പുള്ള ഒരു ടെക്‌നോളജിയെക്കുറിച്ചാണ്. കൈയ്യില്‍ കൊണ്ട് നടക്കുന്ന ഫോണുകൾ അപ്രത്യക്ഷമാവുകയും അവ നമ്മുടെ ശരീരത്തിന്റെ ഭാഗം തന്നെയാവുകയും ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ..? സ്മാര്‍ട്ട് ഫോണിന് പകരം ബില്‍ഗേറ്റ്‌സ് മുന്നോട്ട് വെക്കുന്ന അത്തരത്തിലുള്ള ഒരു ടെക്‌നോളജിയാണ് ഇലക്ട്രോണിക് ടാറ്റു.
മനുഷ്യ ശരീരത്തിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ചാവോട്ടിക്ക് മൂണ്‍ സ്റ്റുഡിയോസ് നിര്‍മിച്ച ഇ-ടാറ്റുകളെ ചൂണ്ടിക്കാട്ടിയാണ് ബില്‍ഗേറ്റ്‌സിന്റെ പരാമര്‍ശം.
എപ്പോള്‍ വേണമെങ്കിലും നീക്കാവുന്ന ചെറിയ സെന്‍സറുകളടങ്ങിയ ടാറ്റുകളാണ് ചാവോട്ടിക്ക് മൂണ്‍ വികസിപ്പിച്ചത്. നിലവില്‍ ഈ ടാറ്റു പരീക്ഷണ ഘട്ടത്തിലാണ്. ഭാവിയില്‍ ഇത്തരം ടാറ്റൂകള്‍ ആശയ വിനിമയത്തിന് ഉപയോഗിക്കാനാവുമെന്ന പ്രതീക്ഷയാണ് ബില്‍ഗേറ്റ്‌സ് പങ്കുവെക്കുന്നത്.
മനുഷ്യ ശരീരത്തില്‍ ഘടിപ്പിച്ച ചിപ്പുകള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നത് ഹോളിവുഡ് സിനിമകളിലൊക്കെ നമ്മള്‍ കണ്ടിട്ടുള്ളതാണ്. ബില്‍ഗേറ്റ്‌സ് മാത്രമല്ല, മനുഷ്യ ശരീരത്തില്‍ ഘടിപ്പിക്കുന്ന ചിപ്പ് ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന ഒരു ലോകം സ്വപ്‌നം കാണുന്നത്. തലച്ചോറില്‍ ഘടിപ്പിക്കാവുന്ന ചിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ന്യൂറാലിങ്ക്. മസ്‌കിന്റെ പരീക്ഷണങ്ങള്‍ യാഥാർത്ഥ്യമായാൽ സ്വയം ഒരു കംപ്യൂട്ടര്‍ പോലെ മനുഷ്യന് പ്രവര്‍ത്തിക്കാനായേക്കാം.