27 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് മെലിന്‍ഡ ഗേറ്റ്‌സ് ബില്‍ഗേറ്റ്‌സിനോട് വിട പറയുമ്പോള്‍...

ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഇപ്പോഴത്തെ ആസ്തി ഏകദേശം 5000 കോടി ഡോളറാണ് (ഏകദേശം 369,725 കോടി രൂപ). ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ദാനധര്‍മ സ്ഥാപനവുമാണിത്. ഗേറ്റ്്‌സ് ദമ്പതികള്‍ വേര്‍പിരിയുമ്പോള്‍ ചര്‍ച്ചയാകുന്നതും ചാരിറ്റി പ്രവര്‍ത്തനങ്ങളിലെ മെലിന്‍ഡയുടെ പങ്കാളിത്തം തന്നെ. വായിക്കാം.

Update: 2021-05-04 05:57 GMT

ലോക കോടീശ്വരന്‍മാരില്‍ ഒരാളും മൈക്രോസോഫ്റ്റ് സഹസ്ഥാപകനും മേധാവിയുമായിരുന്ന ബില്‍ ഗേറ്റ്‌സും (66) ഭാര്യ മെലിന്‍ഡാ ഗേറ്റ്‌സും (56) വിവാഹ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. 1994 ല്‍ വിവാഹിതരായ ഇവര്‍ 27 വര്‍ഷം നീണ്ടു നിന്ന ദാമ്പത്യം അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. അതിസമ്പന്നരായ ദമ്പതികളുടെ സമ്പാദ്യം 130 ബില്യണ്‍ ഡോളറാണ്. ഇതോടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും ചാരിറ്റിയിലും സജീവമായിരുന്ന മിലിന്‍ഡയും ഇനിയെന്താകുമെന്നതറിയാത്ത ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളും ലോകമെമ്പാടുമുള്ളവര്‍ ചര്‍ച്ച ചെയ്യുകയാണ്. ഇരുവരുടെയും കയ്യിലുള്ള ധനക്കൂമ്പാരത്തിന്റെ ഭാവിയേക്കുറിച്ചും ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

അതേസമയം വേര്‍പിരിയുമെങ്കിലും ബില്‍ മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. തങ്ങള്‍ വിവഹബന്ധം തുടരുന്നതിനെക്കുറിച്ച് വളരെയധികം ആലോചിച്ചുവെന്നും എന്നാല്‍ പിന്നീട് വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഗേറ്റ്‌സ് വെളിപ്പെടുത്തി. ലോകത്തെ എല്ലാ ജനങ്ങളും ആരോഗ്യത്തോടെയിരിക്കാനായി ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ നടത്തിക്കൊണ്ടുവന്നത്, അതിനാല്‍ അത് ഇനിയും തുടരുമെന്നും ഗേറ്റ്‌സ് പറയുന്നു.
2000 ത്തില്‍ സ്ഥാപിച്ചതാണ് ഫൗണ്ടേഷന്‍. തങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ഒപ്പം വളരാനാവില്ലെന്നു മനസ്സിലാക്കിയതാണ് വിവാഹ മോചനത്തിനു കാരണമെന്ന് ബില്‍ഗേറ്റ്‌സ് പറയുന്നു. ജീവിതത്തില്‍ ഒരുമിച്ച് വളരാന്‍ കഴിയുക അതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ കഴിയുക എന്നായിരുന്നു മുമ്പ് മെലിന്‍ഡ തങ്ങളുടെ ബന്ധത്തെക്കുറിച്ച് പ്രതികരിച്ചത്. ഇപ്പോള്‍ വേര്‍പിരിയുമ്പോഴും അവര്‍ പറയുന്നത് അക്കാര്യമാണ്. 'ഞങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തില്‍ ഒരു ദമ്പതികളായി നമുക്ക് ഒരുമിച്ച് വളരാന്‍ കഴിയുമെന്ന് ഇനി വിശ്വസിക്കുന്നില്ല. '
മൈക്രോസോഫ്റ്റിന്റെ 1.3 ശതമാനം ഓഹരികള്‍ ഇപ്പോഴും ബില്‍ ഗേറ്റ്‌സിന്റേതാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി 130 ബില്ല്യന്‍ ഡോളറാണ്. എന്നാല്‍ ഗേറ്റ്‌സ് ദമ്പതികള്‍ക്ക് ഫൗണ്ടേഷനില്‍ തുല്യ പ്രാധാന്യമാണുള്ളത്. ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ആസ്തി 5000 കോടി ഡോളറാണ്. ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ദാനധര്‍മ സ്ഥാപനമാണിത്. ഫൗണ്ടേഷന്‍ 2018-19 കാലഘട്ടത്തില്‍ 500 കോടി ഡോളറാണ് ദാനധര്‍മങ്ങള്‍ക്കായി വിനിയോഗിച്ചിരിക്കുന്നത്.
ഇരുവരും തുടര്‍ന്നും സഹകരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഫൗണ്ടേഷന്റെ ഭാവിയേക്കുറിച്ചുള്ള അനിശ്ചിതത്വം തുടങ്ങിയതായി ചിലര്‍ വിലയിരുത്തുന്നു. ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ വേര്‍പിരിയലിനുശേഷം ശതകോടീശ്വരന്മാരില്‍ നടന്ന അടുത്ത ഞെട്ടിക്കുന്ന വേര്‍പിരിയലാണ് ഇതെന്നും പലരും പ്രതികരിച്ചു.


Tags:    

Similar News