പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു
ഇന്ന് രാവിലെ മുംബൈയിലായിരുന്നു അന്ത്യം
ഇന്ത്യന്‍ ഓഹരി വിപണിയിലെ പ്രമുഖ നിക്ഷേപകനും വ്യവസായിയുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62 വയസായിരുന്നു. ഞായറാഴ്ച രാവിലെ മുംബൈയിലായിരുന്നു അന്ത്യം. ദലാല്‍ സ്ട്രീറ്റിലെ 'ബിഗ് ബുള്‍' എന്നറിയപ്പെട്ടിരുന്ന ജുന്‍ജുന്‍വാലയ്ക്ക് ഏകദേശം 5.8 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ളതായി ഫോര്‍ബ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ സ്വന്തം വാറന്‍ ബഫറ്റായ അദ്ദേഹം ഇന്ത്യയിലെ 36 ാമത്തെ സമ്പന്നനായ ശതകോടീശ്വരനുമാണ്.
സുഖമില്ലാത്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വൃക്ക സംബന്ധമായ രോഗത്തിനുള്‍പ്പെടെ അദ്ദേഹം ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് അദ്ദേഹം പ്രൊമോട്ടറായുള്ള കുറഞ്ഞ നിരക്കിലുള്ള എയര്‍ലൈനായ ആകാശ എയറിന്റെ ലോഞ്ചിംഗ് അരങ്ങേറിയത്. അദ്ദേഹം പങ്കെടുത്ത അവസാനത്തെ പൊതുപരിപാടിയും ഇതാണ്. വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും രണ്ട് ലോകങ്ങളും വിജയകരമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന അപൂര്‍വ വിപണി അതികായകനായിരുന്നു അദ്ദേഹം. സ്റ്റാര്‍ ഹെല്‍ത്ത്, ആപ്‌ടെക് ലിമിറ്റഡ് തുടങ്ങിയ നിരവധി കമ്പനികളുടെ പ്രമോട്ടര്‍ കൂടിയാണ് ജുന്‍ജുന്‍വാല.