ഡീഗോ മറഡോണയ്ക്ക് ലോകോത്തര മ്യൂസിയം നിര്‍മ്മിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍
1986 ലെ ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ 'ദൈവത്തിന്റെ കൈ' പ്രകടനത്തിന്റെ പ്രതീകമായി മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത പൂര്‍ണകായ ശില്‍പമായിരിക്കും മ്യൂസിയത്തിന്റെ മുഖ്യാകര്‍ഷണം
അടുത്തിടെ അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ലോകോത്തര മ്യൂസിയം നിര്‍മ്മിക്കുമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും, കായികതാരവുമായ ബോബി ചെമ്മണ്ണൂര്‍ പ്രഖ്യാപിച്ചു. 1986 ലെ ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ 'ദൈവത്തിന്റെ കൈ' പ്രകടനത്തിന്റെ പ്രതീകമായി മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത പൂര്‍ണകായ ശില്‍പമായിരിക്കും മ്യൂസിയത്തിന്റെ മുഖ്യാകര്‍ഷണം. കൊല്‍ക്കത്തയിലോ, ദക്ഷിണേന്ത്യയിലോ ആണ് മ്യൂസിയം നിര്‍മ്മിക്കുക എന്ന് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.
1986 ല്‍ അര്‍ജന്റീനയെ കിരീടത്തിലെത്തിച്ച ക്യാപ്റ്റനായ മറഡോണയുടെ വ്യക്തി ജീവിതവും ഫുട്‌ബോള്‍ ജീവിതവും ഇതിവൃത്തമായിരിക്കുന്ന മ്യൂസിയത്തില്‍ അത്യാധുനിക കലാ-സാങ്കേതികവിദ്യയായിരിക്കും ഉപയോഗപ്പെടുത്തുക. മറഡോണയോടുള്ള തന്റെ ആദരവിന്റെ പ്രതീകമായിരിക്കും നിരവധി ഏക്കറുകള്‍ വലുപ്പമുണ്ടാകുന്ന മ്യൂസിയമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലെ ചെമ്മണ്ണൂര്‍ ജ്വല്ലറി ഉദ്ഘാടനത്തിന് മറഡോണയെ കേരളത്തിലെത്തിച്ചത് ബോബി ചെമ്മണ്ണൂരായിരുന്നു.
മറഡോണയുമായുള്ള ഉറ്റ സൗഹൃദം കഴിഞ്ഞ ഒരു ദശകത്തിലധികമായി തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍ ഓര്‍മ്മിച്ചു. ദുബായിലെ ചെമ്മണ്ണൂര്‍ ജ്വല്ലറി 2011 ല്‍ ഉദ്ഘാടനം ചെയ്തത് മറഡോണയായിരുന്നു. മറഡോണയ്ക്ക് സ്വര്‍ണത്തില്‍ തീര്‍ത്ത ചെറുശില്‍പം ബോബി ചെമ്മണ്ണൂര്‍ സമ്മാനമായി നല്‍കിയിരുന്നു. ഇംഗ്ലണ്ടിനെതിരെ നിര്‍ണായക ഗോള്‍ നേടിയ 'ദൈവത്തിന്റെ കൈ'യുടെ സ്വര്‍ണത്തിലുള്ള പൂര്‍ണകായ ശില്‍പം ഉണ്ടാക്കണമെന്ന ആഗ്രഹം അന്ന് മറഡോണ പ്രകടിപ്പിച്ചിരുന്നു. ഈ ആഗ്രഹം സഫലീകരിക്കാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷവാനാണെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
കഴിഞ്ഞ 157 വര്‍ഷമായി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോബിചെമ്മണ്ണൂര്‍ ഗ്രൂപ്പിന് ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി 50 ലധികം ശാഖകളാണുള്ളത്. മാര്‍ച്ച് 2018 മുതലാണ് ഡീഗോ മറഡോണ ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ബ്രാന്‍ഡ് അമ്പാസഡറാകുന്നത്. ബോബി ആന്‍ഡ് മറഡോണ ചെമ്മണ്ണൂര്‍ ബ്രാന്‍ഡ് ഏറെ പ്രശസ്തമാകുകയും ചെയ്തു. 1986 ലെ മെക്‌സികോ ഫുട്‌ബോള്‍ ലോകകപ്പില്‍ ജര്‍മ്മനിയെ 3-2 ന് തകര്‍ത്ത് മറഡോണ ക്യാപ്റ്റനായ അര്‍ജന്റീന കിരിടമണിഞ്ഞിരുന്നു.
മറഡോണയ്ക്കുള്ള തന്റെ ശ്രദ്ധാഞ്ജലിയായിരിക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദ-വിജ്ഞാനോപാധികള്‍ അടങ്ങുന്ന മ്യൂസിയമെന്ന് 58 കാരനായ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. മറഡോണയെയും അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ ജീവിതത്തെക്കുറിച്ചുമുള്ള സമസ്ത വിവരങ്ങളും ഇവിടെ ഒരുക്കും. ലോകപ്രശസ്തമായ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സ്ഥാപക ട്രസ്റ്റിയും പ്രശസ്ത കലാകാരനും എഴുത്തുകാരനുമായ ബോണി തോമസാണ് മ്യൂസിയത്തിന്റെ ക്യൂറേറ്ററെന്നും കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.