ബോയിംഗിന്റെ 'പട്ടാള യൂണിറ്റ്' വില്‍ക്കുന്നു; ജീവനക്കാരുടെ സമരം എങ്ങോട്ട്?

38 ദിവസം പിന്നിട്ട് സമരം, നിര്‍ണായക വോട്ടിംഗ് ബുധനാഴ്ച

Update:2024-10-21 21:26 IST

ജീവനക്കാരുടെ സമരം പ്രമുഖ വിമാന നിര്‍മാണ കമ്പനിയായ ബോയിംഗിനെ എവിടെ കൊണ്ടെത്തിക്കും? സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കമ്പനി ഇപ്പോള്‍ സ്വത്ത് വില്‍ക്കാനുള്ള നീക്കത്തിലാണ്. അമേരിക്കന്‍ പട്ടാളത്തിന് നിരീക്ഷണ ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന യൂണിറ്റ് വില്‍ക്കാന്‍ ബോയിംഗ് തീരുമാനിച്ചതായാണ് അമേരിക്കയിലെ വാള്‍ സ്ട്രീറ്റ് ജേണലിന്റെ പുതിയ റിപ്പോര്‍ട്ട്. യൂണിറ്റിന്റെ മുല്യം കണക്കാക്കല്‍ നടപടികള്‍ തുടങ്ങിയതായും ബിസിനസ് ഡീല്‍ ഉറപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന സാമ്പത്തിക പുരോഗതി വിലയിരുത്തല്‍ യോഗത്തില്‍, ഈ യൂണിറ്റിലെ വിവിധ മേധാവികളോട് മൂല്യം വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ബോയിംഗ് സി.ഇ.ഒ കെല്ലി ഒര്‍ട്ട്ബര്‍ഗ് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം കമ്പനിയുടെ കീഴിലുള്ള വിവിധ യൂണിറ്റുകളുടെ ആസ്തി വിവരങ്ങളും ശേഖരിച്ചു വരികയാണ്. വരുമാനം കുറഞ്ഞ യൂണിറ്റുകള്‍ വില്‍ക്കാന്‍ കമ്പനി തയ്യാറായേക്കുമെന്നാണ് സൂചനകള്‍.

വിടാതെ പിന്തുടരുന്ന പ്രതിസന്ധികള്‍

2024 ന്റെ തുടക്കത്തില്‍ ബോയിംഗില്‍ ആരംഭിച്ച പ്രതിസന്ധികള്‍ വര്‍ഷാവസാനത്തിലേക്കും നീങ്ങുകയാണ്. ജനുവരി അഞ്ചിന് ബോയിംഗ് 737 മാക്‌സ് ജെറ്റ് വിമാനത്തിന്റെ ഡോര്‍ പാനല്‍ ആകാശത്തു വെച്ച് പറന്നു പോയതിന് പിന്നാലെയാണ് കമ്പനിയെ ശനിദശ പിടികൂടിയത്. കമ്പനിയുടെ സുരക്ഷാ സംവിധാനങ്ങള്‍ കടുത്ത പരിശോധനക്ക് വിധേയമായി. ഏവിയേഷന്‍ സെക്ടറില്‍ ബോയിംഗിന്റെ സല്‍പേരിന് വലിയ ക്ഷതമേറ്റിരുന്നു. പല പ്രധാന എയര്‍ക്രാഫ്റ്റുകളുടെയും നിമാണം കുറക്കാന്‍ ഇത് കാരണമായി. സാമ്പത്തിക പ്രതിസന്ധിയും കൂടി വന്നു. ഇതിനിടെയാണ് 33,000 തൊഴിലാളികള്‍ സെപ്തംബര്‍ 13 ന് സമരം തുടങ്ങിയത്. കമ്പനിയുടെ പ്രധാന ഫാക്ടറികളെല്ലാം അടച്ചിട്ടിരിക്കുകയാണ്. നിലവിലുള്ള ഓര്‍ഡറുകള്‍ ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കാനും ബോയിംഗ് തീരുമാനിച്ചു. വരുമാനം കുറഞ്ഞതോടെ 17,000 ജീവനക്കാരെ പിരിച്ചു വിടാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

പുതിയ കരാറില്‍ വോട്ടിംഗ് ബുധനാഴ്ച

ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ പ്രധാനമായും സമരം ചെയ്യുന്നത്. പുതിയ തൊഴില്‍ കരാറില്‍ 25 ശതമാനം വര്‍ധനയാണ് കമ്പനി മുന്നോട്ടു വെച്ചത്. എന്നാല്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടത് 40 ശതമാനമാണ്. സമരത്തിനിടെ നടന്ന ചർച്ചകളില്‍ 33 ശതമാനം വരെ നല്‍കാമെന്ന് കമ്പനി അറിയിച്ചെങ്കിലും ജീവനക്കാര്‍ സമ്മതിച്ചിട്ടില്ല. 35 ശതമാനം വര്‍ധനയും വര്‍ധിപ്പിച്ച പെന്‍ഷന്‍ ആനുകൂല്യങ്ങളുമായി പുതിയ കരാര്‍ കമ്പനി മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതില്‍ ബുധനാഴ്ച വോട്ടെടുപ്പ് നടക്കും. ഭൂരിഭാഗം തൊഴിലാളികള്‍ പുതിയ കരാറിനെ അനുകൂലിച്ചാല്‍ ബോയിംഗിലെ സമരം ഈ ആഴ്ച അവസാനിക്കാന്‍ സാധ്യതയുണ്ട്. സമരം നീണ്ടു പോയാല്‍, ജീവക്കാരെ പിരിച്ചു വിടുന്നതിനും കൂടുതല്‍ ആസ്തികള്‍ വില്‍ക്കുന്നതിനുമുള്ള നടപടികളുമായി കമ്പനി മുന്നോട്ട് പോകുമെന്നാണ് സൂചന.

Tags:    

Similar News