അറസ്റ്റ് നിയമപ്രകാരമല്ല; ചന്ദാ കൊച്ചാറിനേയും ദീപക് കൊച്ചാറിനെയും വിട്ടയക്കാന്‍ കോടതി ഉത്തരവ്

കേസില്‍ വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതിനെ ഡിസംബര്‍ 23ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു

Update: 2023-01-09 08:00 GMT

image: @filephoto

അറസ്റ്റ് നിയമപ്രകാരമല്ലെന്ന് നിരീക്ഷിച്ച് ഐസിഐസിഐ ബാങ്ക്- വീഡിയോകോണ്‍ കേസില്‍ മുന്‍ ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദാ കൊച്ചാറിനേയും ഭര്‍ത്താവ് ദീപക് കൊച്ചാറിനെയും വിട്ടയക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ഒരു ലക്ഷം രൂപ വീതം ജാമ്യത്തിലാണ് ഇവരെ വിട്ടയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. സിആര്‍പിസി 41 എ പ്രകാരമല്ല അറസ്റ്റെന്നാണ് കോടതി ഇടക്കാല  ഉത്തരവില്‍ പറയുന്നത്.

അതേസമയം ഇരുവരും അന്വേഷണവുമായി സഹകരിക്കണമെന്നും സമന്‍സ് വരുമ്പോള്‍ സിബിഐ ഓഫീസില്‍ ഹാജരാകണമെന്നും ബെഞ്ച് പറഞ്ഞു. മാത്രമല്ല ഇരുവരുടേയും പാസ്പോര്‍ട്ട് സിബിഐക്ക് വിട്ടുനല്‍കാനും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബര്‍ 23-നാണ് സിബിഐ ചന്ദാ കൊച്ചാറിനെയും ദീപക് കൊച്ചാറിനെയും അറസ്റ്റ് ചെയ്തത്. കേസില്‍ വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതിനെയും ഡിസംബര്‍ 23ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

2019-2011 കാലഘട്ടത്തില്‍ ചന്ദാ കൊച്ചാറും ദീപക് കൊച്ചാറും വീഡിയോകോണ്‍ ഗ്രൂപ്പിനും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും ക്രമരഹിതമായി വായ്പ അനുവദിച്ചുവെന്ന കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.ഐസിഐസിഐ ബാങ്ക് പോളിസികള്‍ക്കും ബാങ്കിങ് നിയമങ്ങളും പാലിക്കാതെയായിരുന്നു 3,250 കോടി രൂപയുടെ വായ്പ ഇവര്‍ നല്‍കിയത്. ഈ സമയത്ത് ഐസിഐസിഐ ബാങ്ക് മേധാവിയും മാനേജിങ് ഡയറക്ടറുമായിരുന്നു ചന്ദാ കൊച്ചാര്‍. വായ്പ അനുവദിക്കുന്ന കമ്മിറ്റിയിലും ചന്ദാ കൊച്ചാര്‍ ഭാഗമായിരുന്നു.

വീഡിയോകോണ്‍ ഗ്രൂപ്പിന് പുറമേ, ന്യൂപവര്‍ റിന്യൂവബിള്‍സ്, സുപ്രീം എനര്‍ജി, വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ വായ്പ അനുവദിച്ചിരുന്നു. ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും കുടുംബാംഗങ്ങളും ഇടപാടുകളില്‍ നിന്ന് നേട്ടമുണ്ടാക്കി എന്നും ആരോപണമുണ്ടായിരുന്നു. 2018 മാര്‍ച്ചില്‍ ചന്ദാ കൊച്ചാറിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ 2018 ഒക്ടോബറില്‍ അവര്‍ ഐസിഐസിഐ ബാങ്കിന്റെ സിഇഒ, മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം രാജിവച്ചിരുന്നു.

Tags:    

Similar News