'മരുന്നു തരൂ'; ഹനുമാനെ സ്മരിച്ച് മോദിയോട് ബ്രസീലിയന്‍ പ്രസിഡന്റ്

Update: 2020-04-08 12:20 GMT

മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതോടെ ലോകമെമ്പാടു നിന്നും ഈ മരുന്നിനായി ഇന്ത്യയിലേക്ക് അഭ്യര്‍ത്ഥനയെത്തുന്നു. ഹൈഡ്രോക്സിക്ലോറോക്വിന്‍ തേടി രാമായണത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുന്നത്.

'ശ്രീരാമന്റെ അനുജന്‍ ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാനായി ഹനുമാന്‍ ഹിമാലയത്തില്‍ നിന്ന് സഞ്ജീവനി മരുന്ന് കൊണ്ട് വന്നത് പോലെ, രോഗികള്‍ക്ക് യേശു ക്രിസ്തു കാഴ്ച ശക്തി പുനഃസ്ഥാപിച്ചത് പോലെ, ഇന്ത്യയും ബ്രസീലും ഒരുമിച്ച് ഈ ആഗോള പ്രതിസന്ധി മറികടക്കും. ദയവായി എന്റെ ആവശ്യം പരിഗണിക്കുക'- മോദിക്കുള്ള സന്ദേശത്തില്‍ ബ്രസീലിയന്‍ പ്രസിഡന്റ് കുറിച്ചിരിക്കുന്നതിങ്ങനെ.

കയറ്റുമതി നിരോധനം പിന്‍വലിക്കാന്‍ ശ്രീലങ്ക, നേപ്പാള്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥനയും ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. ലോകത്തെ ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നില്‍ 70 ശതമാനവും ഇന്ത്യയാണ് ഉത്പാദിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അലയന്‍സ് (ഐപിഎ) സെക്രട്ടറി ജനറല്‍ സുദര്‍ശന്‍ ജെയിന്‍ പറഞ്ഞു.രാജ്യത്ത് പ്രതിമാസം 40 ടണ്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ (എച്ച്സിക്യു) ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇത് 200 മില്ലിഗ്രാം വീതമുള്ള 20 കോടി ഗുളികകള്‍ ആക്കാന്‍ കഴിയും. മലേറിയയ്ക്കു പുറമേ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ല്യൂപ്പസ് പോലുള്ള രോഗങ്ങള്‍ക്കും ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്.

കയറ്റുമതി നിരോധനം നീക്കിയില്ലെങ്കില്‍ പ്രതികാരം ചെയ്യുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്ത്യ അമേരിക്കയുടെ കാര്യത്തില്‍ വിലക്ക് ഇളവ് ചെയ്തത്. ഈ മരുന്നിന്റെ ഫലപ്രാപ്തി തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ കൃത്യമായി നടന്നിട്ടില്ലെന്ന് നിരവധി വൈറോളജിസ്റ്റുകളും പകര്‍ച്ചവ്യാധി വിദഗ്ധരും പറഞ്ഞിട്ടും കോവിഡ് -19 നെതിരായ അത്ഭുത മരുന്നായാണ് ട്രംപ് ഹൈഡ്രോക്സിക്ലോറോക്വിനെ വിശേഷിപ്പിക്കുന്നത്. മറ്റു രാജ്യങ്ങളും ട്രംപിനെ ഇക്കാര്യത്തില്‍ വിശ്വസിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News