ബ്രെക്‌സിറ്റ് തിരിച്ചടി: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിവച്ചു

Update: 2019-05-24 11:00 GMT

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിവച്ചു. രാജ്യം യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന്റെ (ബ്രെക്‌സിറ്റ്) ഭാഗമായി സ്വീകരിക്കേണ്ട നടപടികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കാതിരുന്നതിനാലാണ് രാജി.

ബ്രെക്‌സിറ്റ് കരാർ സംബന്ധിച്ച് എംപിമാർക്കിടയിൽ അഭിപ്രായ സമന്വയം ഉണ്ടാക്കാൻ മേയ്ക്കായില്ല. ബ്രെക്‌സിറ്റ് നടപ്പാക്കാൻ സാധിക്കാത്തതിൽ താൻ അതീവ ദുഖിതയാണെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് അവർ പറഞ്ഞു.

മാര്‍ഗരറ്റ് താച്ചറിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യവനിതയാണ് തെരേസ മേ. ജൂണ്‍ 7ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതൃസ്ഥാനം ഒഴിയും. പുതിയ നേതാവിനെ കണ്ടെത്താനുള്ള നടപടികൾ അടുത്തയാഴ്ച ആരംഭിക്കും. പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ മേ പ്രധാനമന്ത്രിയായി തുടരും.

ജൂണിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യം സന്ദർശിക്കുമ്പോൾ മേ പ്രധാനമന്ത്രി സ്ഥാനത്തുണ്ടാകുമെന്നാണ് കരുതുന്നത്.

പാർലമെന്റിൽ ബ്രെക്സിറ്റ്‌ കരാർ പാസാക്കി നടപടികൾ തുടങ്ങാൻ യൂറോപ്യൻ യൂണിയൻ ബ്രിട്ടന് ഒക്ടോബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.

Similar News