ബി.എസ്.എന്‍.എല്‍ പാക്കേജ്: യൂണിയനുകള്‍ക്കു പ്രതീക്ഷ, അസമയത്തെന്ന് വിദഗ്ധര്‍

Update: 2019-10-24 11:49 GMT

ബി.എസ്.എന്‍.എലും എം.ടി.എന്‍.എലും പൂട്ടുമെന്നും വില്‍ക്കുമെന്നുമുള്ള ആശങ്കയ്ക്കു വിരാമം കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുനരുജ്ജീവന പാക്കേജ് ആശ്വാസകരമാണെന്ന നിലപാട് യൂണിയനുകള്‍ക്കുണ്ടെങ്കിലും സര്‍ക്കാരിന്റെ തീരുമാനം വളരെ വൈകിപ്പോയെന്ന്് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

'ലയനവും നിര്‍ദ്ദിഷ്ട വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീമും (വിആര്‍എസ്) പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കും. പക്ഷേ ഇത് ലാഭം വീണ്ടെടുക്കാന്‍ പര്യാപ്തമല്ല 'ഐഡിബിഐ ക്യാപിറ്റലിന്റെ ഗവേഷണ വിഭാഗം മേധാവി എ കെ പ്രഭാകര്‍ പറയുന്നു. എങ്കിലും പുതിയ നടപടികള്‍ സ്വകാര്യ മേഖലയുമായുള്ള മത്സരത്തിനു പ്രാപ്തി നല്‍കുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ട്.

'ഒരു കാലത്ത് നവത്‌ന കമ്പനിയായിരുന്ന ബിഎസ്എന്‍എല്‍ 90,000 കോടിയിലധികം നഷ്ടം വരുത്തി രോഗിയായിത്തീര്‍ന്നു. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ വേഗതയേറിയതും കൂടുതല്‍ കാര്യക്ഷമവുമായ സ്വകാര്യ കമ്പനികളുമായി മത്സരിക്കുന്നതില്‍ ബിഎസ്എന്‍എല്ലിന്റെ കഴിവില്ലായ്മയുടെ അനന്തരഫലമാണിത്. 176,000 തൊഴിലാളികളുമായി മുടന്തുന്നതിനിടെ ബിഎസ്എന്‍എല്ലിനു മത്സര ക്ഷമത കൈവരിക്കുക വിഷമം തന്നെ. ഫലപ്രദമായ വിആര്‍എസ് പാക്കേജുള്ള കടുത്ത പുനഃസംഘടനയിലൂടെ മാത്രമേ പുനരുജ്ജീവനം സാധ്യമാകൂ 'ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ മുഖ്യ നിക്ഷേപ തന്ത്രജ്ഞന്‍ ഡോ. വി കെ വിജയകുമാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, രോഗബാധിതനായ ഒരു രോഗിക്കു വേണ്ടി തയ്യാറാക്കിയ ശവസംസ്‌കാര ബജറ്റ് പോലയുണ്ട് ബിഎസ്എന്‍എല്‍ പുനരുജ്ജീവന പാക്കേജ് എന്ന്് സ്വതന്ത്ര വിപണി വിദഗ്ധനായ അംബരീഷ് ബലിഗ അഭിപ്രായപ്പെട്ടു. ജീവനക്കാര്‍ക്ക് മാന്യമായി പിരിഞ്ഞുപോകുന്നതിന് അവസരമുണ്ടാക്കുന്നതിനു സര്‍ക്കാര്‍ ശ്രമിക്കുന്നതു കൊള്ളാം.പക്ഷേ, അതുവഴി കമ്പനിയുടെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും അവസാനിക്കാനാണു സാധ്യതയെന്ന് അദ്ദേഹം പറയുന്നു.

'കുത്തക' കാലഘട്ടത്തിലെ ജീവനക്കാരുടെ ആധിക്യമാണ് ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും ഏറ്റവും വലിയ പ്രശ്‌നം. ഇന്നത്തെ തീവ്ര മത്സരാധിഷ്ഠിത അന്തരീക്ഷത്തിന് അനുസൃതമായി അവരുടെ മാനസികാവസ്ഥ മാറ്റിയെടുക്കുക ബുദ്ധിമുട്ടാണ്-ബലിഗ പറയുന്നു. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ റിയല്‍ എസ്റ്റേറ്റ് വില്‍പന പ്രക്രിയ നീണ്ടുനില്‍ക്കും. എത്രത്തോളം സ്ഥാവരജംഗമങ്ങള്‍ നേരിട്ട് ബിഎസ്എന്‍എല്ലിന്റെ ഉടമസ്ഥതയിലാണെന്നും ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഉടമസ്ഥതയിലാണെന്നും നിര്‍ണ്ണയിക്കേണ്ടതുണ്ട്. നഗര മേഖലയിലെ അത്തരം സ്വത്തുക്കളോടാകട്ടെ റിയല്‍ എസ്റ്റേറ്റ് വിപണിക്കു വലിയ പ്രതിപത്തിയല്ല ഉള്ളതെന്ന അഭിപ്രായവും ബലിഗയ്ക്കുണ്ട്.

അതേസമയം, സ്വാഗതം ചെയ്യുമ്പോഴും സ്വയം വിരമിക്കല്‍ പാക്കേജിന്റെ സ്വഭാവം എന്തായിരിക്കുമെന്ന കാര്യത്തില്‍ ജീവനക്കാരുടെ സംഘടനകള്‍ ആശങ്ക പങ്കിടുന്നുണ്ട്. തങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടുവന്ന കാര്യങ്ങള്‍ മിക്കവാരും പാക്കേജ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടുവെന്ന് സംഘടന പ്രതിനിധികള്‍ പറഞ്ഞു. പക്ഷ്, ഇത് നടപ്പാക്കുന്ന ഘട്ടത്തില്‍ എത്തുമ്പോള്‍ എങ്ങനെയായിരിക്കും എന്നാണ് ആശങ്ക.

നിര്‍ബന്ധിത വിരമിക്കലിനു (സി.ആര്‍.എസ്) പകരം വി.ആര്‍.എസ് മതിയെന്നു വച്ചതും 4ജി അനുവദിക്കുന്നതും ടെലികോം വകുപ്പില്‍നിന്ന് ആസ്തികള്‍ ബി.എസ്.എന്‍.എലിന് കൈമാറുന്നതും വിരമിക്കല്‍ പ്രായം കുറക്കുമെന്ന അഭ്യൂഹം പ്രഖ്യാപനത്തില്‍ ഉള്‍പ്പെടാതിരുന്നതും നല്ല സൂചനകളായി കാണുകയാണെന്ന് ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ പ്രതികരിച്ചു. അതേസമയം, സ്വയം വിരമിക്കല്‍ നിര്‍ബന്ധിതമല്ലെന്ന പ്രഖ്യാപനത്തിന് വിരുദ്ധമായ ഒരു ഉത്തരവ് തൊട്ടുമുമ്പ് ഇറങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നോണ്‍-എക്‌സിക്യൂട്ടിവ് ജീവനക്കാരുടെ സ്ഥലംമാറ്റം നിലവില്‍ സെക്കണ്ടറി സ്വിച്ചിങ് ഏരിയക്ക് (എസ്.എസ്.എ) അകത്ത് മാത്രമാണ്. എന്നാല്‍, ബിസിനസ് ഏരിയകള്‍ സംയോജിപ്പിക്കുന്നതിന്റെ പേരില്‍ എസ്.എസ്.എക്ക് പുറത്ത് ജീവനക്കാരെ സ്ഥലംമാറ്റാന്‍ ജനറല്‍ മാനേജര്‍മാര്‍ക്ക് അധികാരം നല്‍കി ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. പാക്കേജ് നടപ്പാക്കുമ്പോള്‍ എസ്.എസ്.എക്ക് പുറത്തേക്ക് കൂട്ട സ്ഥലംമാറ്റം വന്നാല്‍ സ്വാഭാവികമായും രാജിവെച്ച് പോകാന്‍ വലിയൊരു വിഭാഗം ജീവനക്കാര്‍ നിര്‍ബന്ധിതരാവും.

പാക്കേജ് പ്രഖ്യാപനം സ്വാഗതാര്‍ഹമാണെങ്കിലും സ്വയം വിരമിക്കല്‍, ആസ്തി കൈമാറ്റത്തിന്റെ കാലപരിധി എന്നിവ എങ്ങനെ ആയിരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ അന്തിമ ഫലമെന്ന് സഞ്ചാര്‍ നിഗം എക്‌സിക്യൂട്ടീവ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. ആസ്തി കൈമാറ്റത്തിലൂടെ 38,000 കോടി രൂപ ബി.എസ്.എന്‍.എലിന് കിട്ടും. ഇതില്‍ 23,000 കോടി ബാങ്ക് വായ്പ തീര്‍ക്കാന്‍ ഉപയോഗിക്കാം. 15,000 കോടി സാമഗ്രികള്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്കും കരാറുകാര്‍ക്കും നല്‍കാനും ലഭിക്കും. അതോടെ പലിശസഹിതം ബാങ്ക് വായ്പ തിരിച്ചടക്കാന്‍ ഓരോ വര്‍ഷവും വേണ്ടിവരുന്ന 5,000 കോടി രൂപ ലാഭിക്കാം. വി.ആര്‍.എസ് നല്ല രീതിയില്‍ നടപ്പായാല്‍ ജീവനക്കാര്‍ കുറയുന്നതിലൂടെ 4,000 കോടി രൂപ ചെലവില്‍ കുറവ് വരും. പിന്നെയുണ്ടാവുന്ന കമ്മി 4,000 കോടി രൂപയുടേതാകും. 4ജി പ്രവര്‍ത്തനക്ഷമമായി വരുമാനം വര്‍ധിക്കുന്നതിലൂടെ അതു നികത്താന്‍ കഴിയുമെന്നും അസോസിയേഷന്‍ വിലയിരുത്തുന്നു.

Similar News