രണ്ടാം മോദി സർക്കാരിൻ്റെ അവസാന ബജറ്റ് ഫെബ്രുവരി 1ന്; വരാനിരിക്കുന്നത് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളോ
സ്ഥാനമൊഴിയുന്ന മോദി സര്‍ക്കാരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 9 വരെ ചേരുമെന്ന് റിപ്പോര്‍ട്ട്. 2024-25ലെ ഇടക്കാല ബജറ്റ് 2024 ഫെബ്രുവരി 1 ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. തിരഞ്ഞെടുപ്പു വര്‍ഷമായതിനാല്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുക. അതേസമയം ഇത്തവണ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സമ്പൂര്‍ണ ബജറ്റാവും അവതരിപ്പിക്കുക എന്ന് അഭ്യൂഹങ്ങളുണ്ട്.
രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇത്തവണത്തേത്. സമ്മേളനത്തിന് മുന്നോടിയായി 31ന് രാഷ്ട്രപതി ഇരു സഭകളേയും അഭിസംബോധന ചെയ്യും. മോദി സര്‍ക്കാരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
പ്രതീക്ഷകളേറെ
വിലക്കയറ്റത്തെ ചെറുക്കുന്നതിനും സ്ഥിരമായ പണപ്പെരുപ്പ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള നടപടികള്‍ ബജറ്റിലുണ്ടായേക്കും. അതേസമയം നികുതിയിളവുകള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. മികച്ച കണക്റ്റിവിറ്റി ലക്ഷ്യമാക്കി അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നത് സര്‍ക്കാരിന്റെ മുന്‍ഗണനയായതിനാല്‍ റെയില്‍വേയ്ക്ക് മെച്ചപ്പെട്ട വിഹിതം ലഭിച്ചേക്കും. 2023-24ലെ കേന്ദ്ര ബജറ്റില്‍ റെയില്‍വേ മന്ത്രാലയത്തിന് 2.4 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം മൂലധന ചെലവുകള്‍ക്കായി 1.85 ലക്ഷം കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട്.
കാര്‍ഷിക മേഖലയ്ക്കും നല്ലൊരു വിഹിതം വകയിരുത്തിയേക്കും. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കാര്‍ഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം അഞ്ചിരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. ബിസിനസ്, ഊര്‍ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളും ഏറെ പ്രതീക്ഷയിലാണ്. കയറ്റുമതി വര്‍ധിപ്പിക്കുകയും, തന്ത്രപ്രധാന മേഖലകളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുകയും, കറണ്ട് അക്കൗണ്ട് കമ്മി കുറയ്ക്കുകയും ചെയ്തുകൊണ്ട് ശക്തമായ സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള പാത രൂപപ്പെടുത്തുന്ന ബജറ്റാകും ഇതെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.