ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 26, 2021

സാങ്കേതിക മാന്ദ്യത്തില്‍ നിന്ന് പുറത്തുകടന്ന് ഇന്ത്യ, ജിഡിപി 0.4 ശതമാനം വളര്‍ച്ച നേടി. ആദ്യ 5 ജി ഫോണ്‍ പുറത്തിറക്കാനൊരുങ്ങി മൈക്രോമാക്‌സ്. ബിറ്റ്‌കോയിന്‍ അപകടമെന്ന് ബില്‍ഗേറ്റ്‌സ്. മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി. ഒന്‍പത് മാസത്തിനിടെ ഏറ്റവും വലിയ ഏകദിന താഴ്ച രേഖപ്പെടുത്തി സെന്‍സെക്സ്. ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍

Update: 2021-02-26 14:53 GMT

സാങ്കേതിക മാന്ദ്യത്തില്‍ നിന്ന് പുറത്തുകടന്ന് ഇന്ത്യ, ജിഡിപി 0.4 ശതമാനം വളര്‍ച്ച നേടി

തുടര്‍ച്ചയായ രണ്ട് പാദങ്ങളിലെ തകര്‍ച്ചയ്ക്ക് ശേഷം സാങ്കേതിക മാന്ദ്യത്തില്‍ നിന്ന് സമ്പദ്വ്യവസ്ഥ കരകയറിയതായി റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 0.4 ശതമാനം വളര്‍ച്ച നേടി. ആദ്യ രണ്ട് പാദങ്ങളില്‍  ജിഡിപി യഥാക്രമം 24 ശതമാനവും 7.5ശതമാനവുമാണ് ചുരുങ്ങല്‍ നേരിട്ടത്. സേവന പ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ ഉയര്‍ന്നു, കയറ്റുമതിയും ഫാക്ടറി പ്രവര്‍ത്തനങ്ങളും വികസിച്ചു. ഇവയാണ് വീണ്ടെടുക്കലിന്റെ സൂചനകള്‍ക്ക് ആക്കം കൂട്ടിയത്.

അടുത്ത 5 വര്‍ഷത്തേക്ക് ഇന്ത്യയുടെ പണപ്പെരുപ്പ ടാര്‍ഗെറ്റ് ബാന്‍ഡ് ഉചിതമെന്ന് ആര്‍ബിഐ
വില സ്ഥിരത നിര്‍വചിക്കുന്നതിനുള്ള നിലവിലെ പണപ്പെരുപ്പ ടാര്‍ഗെറ്റ് ബാന്‍ഡ് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഉചിതമെന്ന് റിസര്‍വ് ബാങ്ക്. +/ 2 ശതമാനം ടോളറന്‍സ് ബാന്‍ഡും 4 ശതമാനം പണപ്പെരുപ്പ ലക്ഷ്യവും അടങ്ങുന്ന ബാന്‍ഡ് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഉചിതമാണ്, ''റിസര്‍വ് ബാങ്ക് പാനല്‍ വെള്ളിയാഴ്ച പുറത്തിറക്കിയ കറന്‍സി, ധനകാര്യ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികന്‍
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. ചൈനയുടെ അതിസമ്പന്നന്‍ സോംഗ് ഷാന്‍ഷാനെയാണ് അംബാനി  പിന്നിലാക്കിയത്. കഴിഞ്ഞ ഡിസംബര്‍ അവസാനമായിരുന്നു അംബാനിയില്‍ നിന്ന് സോംഗ് ഈ പദവി നേടിയത്. 2021 ന്റെ തുടക്കത്തില്‍ വാറന്‍ ബഫറ്റിനെ മറികടന്ന് ഭൂമിയിലെ ആറാമത്തെ സമ്പന്ന വ്യക്തിയായിരുന്നു സോംഗ്. ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടിക പ്രകാരം കഴിഞ്ഞയാഴ്ച 22 ബില്യണ്‍ ഡോളര്‍ വീഴ്ചയാണ് ചൈനയുടെ കുപ്പിവെള്ള കമ്പനി വ്യവസായിയായ സോംഗ് ഷാന്‍ഷാ നേരിട്ടത്. ഈ തിരിച്ചടിയാണ് അംബാനിയെ തുണച്ചത്. ചൈനീസ് വ്യവസായി സോംഗ് ഷാന്‍ഷായുടെ മൂല്യം 76.6 ബില്യണ്‍ ഡോളറാണ്.

സാമ്പത്തിക വളര്‍ച്ചയെ നയിക്കുന്നത് ചെറുകിട-ഇടത്തരം മേഖലയെന്ന് ശക്തികാന്തദാസ്
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിനായി ചെറുകിട-ഇടത്തരം മേഖല മാറിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. രാജ്യത്തിന്റെ ആഭ്യന്തരോല്‍പ്പാദനത്തിന്റെ 30 ശതമാനവും, കയറ്റുമതിയുടെ ഏകേദശം 50 ശതമാനവും സംഭാവന ചെയ്യുന്നത് 6 കോടി 36 ലക്ഷം വരുന്ന MSME എന്ന പേരില്‍ അറിയപ്പെടുന്ന മൈക്രോ, സ്മാള്‍, മീഡിയം എന്റര്‍പ്രൈസുകളാണെന്ന്, അദ്ദേഹം പറഞ്ഞു. എന്നാല്‍ മഹാമാരിയെ തുടര്‍ന്നുള്ള കാലഘട്ടത്തില്‍ പ്രതിസന്ധിയിലായ ഈ മേഖലയെ സഹായിക്കുനതിന് നിരന്തരമായ പിന്തുണ ആവശ്യമാണെന്നും ദാസ് വ്യക്തമാക്കി.

രാജ്യത്തുനിന്നുള്ള അരി കയറ്റുമതി വിലയില്‍ ഇടിവ്

അരിവരവ് വര്‍ധിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതി നിരക്കില്‍ നേരിയ ഇടിവ്. അതേസമയം, ആഭ്യന്തര നിരക്കുകള്‍ വര്‍ദ്ധിച്ചതിനാല്‍ സ്വകാര്യ വ്യാപാരികള്‍ വഴി അരി ഇറക്കുമതിക്ക് അനുമതി നല്‍കാന്‍ ബംഗ്ലാദേശ് നീക്കം തുടങ്ങി. ലോകത്തെ ഏറ്റവും വലിയ അരി ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പാര്‍ ബോയില്‍ഡ് (5%) അരിയുടെ വിലയില്‍ രാജ്യത്ത് കഴിഞ്ഞ ആഴ്ച മാത്രം അഞ്ചു ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ടണ്ണിന് 395-401 ഡോളറില്‍നിന്ന് 393-399 ഡോളറിലേക്കാണ് വില കുറഞ്ഞത്.

ആദ്യ 5 ജി ഫോണ്‍ പുറത്തിറക്കാനൊരുങ്ങി മൈക്രോമാക്‌സ്
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ബജറ്റ് ഓഫറുകളുമായി തിരിച്ചുവന്ന ഇന്ത്യന്‍ ബ്രാന്‍ഡായ മൈക്രോമാക്സ് ഈ വര്‍ഷം അവസാനത്തോടെ ആദ്യത്തെ 5 ജി ഫോണ്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. 5 ജിയും ടിഡബ്ല്യുഎസും (വയര്‍ലെസ് ബ്ലൂടൂത്ത് ഇയര്‍ഫോണുകള്‍ അടങ്ങുന്ന) പോണ്‍ വിപണിയിലെത്തിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നുവെന്ന് സഹസ്ഥാപകന്‍ രാഹുല്‍ശര്‍മ വ്യക്തമാക്കി. വര്‍ഷാവസാനത്തോടെയാകും ഫോണിന്റെ ലോഞ്ച് നടക്കുക.

മാരിടൈം പദ്ധതികളിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍

2021 മാരിടൈം ഇന്ത്യ ഉച്ചകോടിയില്‍ 2.24 ലക്ഷം കോടി രൂപയുടെ നിക്ഷേപം സര്‍ക്കാര്‍ തേടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. 400 പദ്ധതികളിലായി വന്‍തോതില്‍ സ്വകാര്യ നിക്ഷേപമെത്തിയേക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍. 24 രാജ്യങ്ങളുടെ  പങ്കാളിത്തമുള്ളതായിരിക്കും മാര്‍ച്ച് രണ്ടിന് ആരംഭിക്കുന്ന മാരിടൈം ഇന്ത്യ ഉച്ചകോടി.

ബിറ്റ്‌കോയിന്‍ അപകടമെന്ന് ബില്‍ഗേറ്റ്‌സ്
സാധാരണക്കാരായ ഒരുപാടു ആളുകള്‍ ബിറ്റ്കോയിനില്‍ പണമിറക്കുകയാണ്. ഇത് വലിയ അപകടം ക്ഷണിച്ചു വരുത്തുമെന്ന് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായ ബില്‍ ഗേറ്റ്‌സ്. ഇലോണ്‍ മസ്‌കിന് ധാരാളം പണമുണ്ട്. അതുകൊണ്ട് ബിറ്റ്കോയിന്റെ വില കൂടിയാലും കുറഞ്ഞാലും അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ല. എന്നാല്‍ മസ്‌കിനെ കണ്ടുകൊണ്ട് മസ്‌കിന്റെയത്ര പണമില്ലാത്തവര്‍ ബിറ്റ്കോയിനില്‍ പണവും ഊര്‍ജവും ചെലവഴിക്കരുത്', ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ ബില്‍ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.

ഒന്‍പത് മാസത്തിനിടെ ഏറ്റവും വലിയ ഏകദിന താഴ്ച രേഖപ്പെടുത്തി സെന്‍സെക്സ്
മാര്‍ച്ചിന് ശേഷം സ്വപ്നസദൃശ്യമായ നേട്ടം സമ്മാനിച്ച് മുന്നേറ്റം നടത്തിയ വിപണി ഈ വാരത്തിന്റെ അവസാന വ്യാപാരദിനത്തില്‍ കുത്തനെ ഇടിഞ്ഞു. ഇന്ന് വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഓഹരി സൂചികകള്‍ നാലുശതമാനത്തിലേറെ വരെ ഇടിഞ്ഞിരുന്നു. സെന്‍സെക്സ് 2,149 പോയ്ന്റും നിഫ്റ്റി 629 പോയ്ന്റും ഇടിഞ്ഞ് കരടികളുടെ ശക്തി വെളിപ്പെടുത്തി. പക്ഷേ, ക്ലോസിംഗ് സമയത്ത് നില അല്‍പ്പം മെച്ചപ്പെട്ടു. സെന്‍സെക്സ് 1,939 പോയ്ന്റ് ഇടിവോടെ 49,100 ലും നിഫ്റ്റി 568 പോയ്ന്റ് താഴ്ന്ന് 14,529ലും ക്ലോസ് ചെയ്തു.


Commodity Price : Feb 26
കുരുമുളക് (ഗാര്‍ബിള്‍ഡ്) : 354.00 (kg)
കുരുമുളക് (അണ്‍ ഗാര്‍ബിള്‍ഡ്): 334.00
ഏലക്ക: 1351.39 (Kg)
റബര്‍ : കൊച്ചി
റബര്‍ 4 ഗ്രേഡ് : 16050
റബര്‍ 5 ഗ്രേഡ് : 15600
റബര്‍ : കോട്ടയം
റബര്‍ 4 ഗ്രേഡ് : 16050
റബര്‍ 5 ഗ്രേഡ് : 15600
സ്വര്‍ണം : 4325 , ഇന്നലെ : 4340
വെള്ളി : 68.80, ഇന്നലെ : 70.൨൦




 





Tags:    

Similar News