ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 20, 2021
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് താഴ്ത്തി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി). ഐടി മേഖലയില്‍ ഡിമാന്‍ഡ് വര്‍ധന, 1.20 ലക്ഷം പേരെ നിയമിക്കും. ക്ലൗഡ് ബിസിനസില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി വിപ്രോ. തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞ് ഓഹരി സൂചികകള്‍. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് താഴ്ത്തി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി)
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 10 ശതമാനമായി താഴ്ത്തി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി). ഈ വര്‍ഷം ആദ്യം പ്രവചിച്ച 11 ശതമാനത്തില്‍ നിന്ന് ചൊവ്വാഴ്ചയാണ് രാജ്യത്തെ ഇപ്പോഴത്തെ പ്രതിസന്ധിയെ വിലയിരുത്തി ബാങ്ക് നിരക്ക് താഴ്ത്തിയത്. ജിഡിപി വളര്‍ച്ചാ പ്രവചനം 9.5 ശതമാനത്തില്‍ നിന്ന് 8.9 ശതമാനമായി താഴ്ത്തിയെങ്കിലും 2022 ല്‍ 6.6 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി ഉയരുമെന്നും എഡിബി റിപ്പോര്‍ട്ട് പറയുന്നു.
ഐടി മേഖലയിലേക്ക് 1,20,000ത്തോളം പേരെ പുതുതായി നിയമിക്കും
ആഗോള ഐടി സര്‍വീസ് സെക്ടറിലേക്ക് രാജ്യത്തെ പ്രമുഖ കമ്പനികള്‍ ഒരുവര്‍ഷത്തിനുള്ളില്‍ 1,20,000ത്തോളം പേരെ നിയമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജീസ്, വിപ്രോ തുടങ്ങിയ കമ്പനികളാണ് പുതിയ നിയമനങ്ങള്‍ ഉടന്‍ നടത്തുക. പുതുതായി പഠിച്ചിറങ്ങുന്ന 1.50 ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. മൈന്‍ഡ് ട്രീ പോലുള്ള ഇടത്തരംകമ്പനികളും ഈ വര്‍ഷം പുതിയ നിയമനങ്ങള്‍ കൂട്ടിയേക്കും.
വാഹന നികുതി അടയ്ക്കുന്നതിനുള്ള തീയതി നീട്ടി
മോട്ടോര്‍ വാഹന നികുതി അടയ്ക്കാനുള്ള തീയതി നീട്ടി. സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കി. വാര്‍ഷിക/ക്വാര്‍ട്ടര്‍ നികുതി അടയ്‌ക്കേണ്ട എല്ലാ വാഹന ഉടമകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. കോവിഡ് മൂലമുള്ള ലോക്ഡൗണിനെത്തുടര്‍ന്ന് നികുതി അടയ്ക്കുവാനുള്ള കാലാവധി നീട്ടണമെന്ന വാഹന ഉടമകളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് തീയതി ജൂലൈ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്.
ക്രൂഡ് ഓയില്‍ വില കുറയാന്‍ സാധ്യത
ഒപെക്, ഒപെക് ഇതര രാജ്യങ്ങള്‍ (ഒപെക് പ്ലസ്) ക്രൂഡ് ഓയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ രാജ്യാന്തര വിപണിയില്‍ വില കുറയാന്‍ സാധ്യത വര്‍ധിക്കുന്നു. ഇന്നലെ ബാരലിന് 73 ഡോളറിലായിരുന്ന ക്രൂഡ്ഓയില്‍ വില ഇന്ന് 71 ആയി. വില ഇനിയും താഴ്ന്നാല്‍ രാജ്യത്ത് ഇന്ധനവില കുറയ്ക്കാന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ശക്തമാകുമെന്ന് ഉറപ്പാണ്. 20 ദിവസത്തിനിടെ 9 തവണയാണ് ഇന്ധന വില കൂട്ടിയത്. രണ്ടാഴ്ച ക്രൂഡ് ഓയില്‍ വില താഴ്ന്ന നിലയില്‍ തുടരുകയായിരുന്നു. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ പ്രതിദിനം 4 ലക്ഷം ബാരല്‍ അധികം ഉല്‍പാദിപ്പിക്കാനാണ് ഒപെക് തീരുമാനം.
ബക്രീദ് ഇളവുകള്‍ ഇന്ന് അവസാനിച്ചു
ബക്രീദ് പ്രമാണിച്ചു സംസ്ഥാനത്തു ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ ഇന്ന് അവസാനിച്ചു.
ക്ലൗഡ് ബിസിനസില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി വിപ്രോ
ന്ത്യയിലെ നാലാമത്തെ വലിയ ഐടി സേവന കമ്പനിയായ വിപ്രോ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളര്‍ ിക്ഷേപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. ക്ലൗഡ് സ്‌പേസ് ഏറ്റെടുക്കലുകള്‍ക്കും പങ്കാളിത്തത്തിനും ഉള്‍പ്പെടെ സാങ്കേതികവിദ്യാ പദ്ധതികളുടെ വികസനത്തിനാണിത്.
തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞ് ഓഹരി സൂചികകള്‍
തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞ് ഓഹരി വിപണി. മെറ്റല്‍, റിയല്‍റ്റി, ഫിനാന്‍ഷ്യല്‍ ഓഹരികളാണ് ഇന്ന് നിറംമങ്ങിയത്. സെന്‍സെക്സ് 354.89 പോയ്ന്റ് ഇടിഞ്ഞ് 52198.51 പോയ്ന്റിലും നിഫ്റ്റി 120.30 പോയ്ന്റ് ഇടിഞ്ഞ് 15632.10 പോയ്ന്റിലും ക്ലോസ് ചെയ്തു. 1109 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 2056 ഓഹരികള്‍ക്ക് കാലിടറി. 107 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഏഴെണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. പാറ്റ്സ്പിന്‍ ഇന്ത്യ (4.94 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (4.84 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.73 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് (2.71 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (2.10 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (1.62 ശതമാനം), ആസ്റ്റര്‍ ഡിഎം (0.09 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. അതേസമയം കിറ്റെക്സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കേരള ആയുര്‍വേദ, ഹാരിസണ്‍സ് മലയാളം, റബ്ഫില ഇന്റര്‍നാഷണല്‍, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങി 22 കേരള കമ്പനികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയി.