സ്പൈസസ് കയറ്റുമതി; യുഎഇ ലക്ഷ്യമിട്ട് ബയര്‍-സെല്ലര്‍ സംഗമം

ഇന്ത്യയില്‍ നിന്നുള്ള 250-ലേറെ കയറ്റുമതി സ്ഥാപനങ്ങളും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 40-ഓളം ഇറക്കുമതി സ്ഥാപനങ്ങളും പങ്കെടുത്തു.

Update:2021-10-22 18:48 IST

 യുഎഇയിലേയ്ക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുമുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്‌പൈസസ് ബോര്‍ഡും അബുദബിയിലെ ഇന്ത്യന്‍ എംബസിയും സംഘടിപ്പിച്ച ആഗോള ബയര്‍-സെല്ലര്‍ സംഗമത്തില്‍ സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍ ഐഎഫ്എസ്, അബുദബി ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ബയ്യപ്പു ഐഎഫ്എസ് എന്നിവര്‍

സ്‌പൈസസ് കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്ന ബയര്‍- സെല്ലര്‍ സംഗമം നടന്നു. യുഎഇയിലേയ്ക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുമുള്ള സുഗന്ധവ്യഞ്ജന വ്യാപാരം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സ്പൈസസ് ബോര്‍ഡും അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ആഗോള ബയര്‍-സെല്ലര്‍ സംഗമം നടത്തിയത്.

അബുദബി ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ബയ്യപ്പു ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള 250-ലേറെ കയറ്റുമതി സ്ഥാപനങ്ങളും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 40-ഓളം ഇറക്കുമതി സ്ഥാപനങ്ങളും പങ്കെടുത്തു.
ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു വലിയ ഇറക്കുമതി രാജ്യമാണെന്നതിനു പുറമെ യൂറോപ്യന്‍, ആഫ്രിക്കന്‍ വിപണികളിലേയ്ക്കുള്ള വാതായനം കൂടിയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സന്ദീപ് കുമാര്‍ ബയ്യപ്പു പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങള്‍ പുരാതനകാലം മുതല്‍ ഉള്ളതാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ പ്ലാന്റേഷന്‍ ജോയിന്റ് സെക്രട്ടറി ദിവാകര്‍ നാഥ് മിശ്ര പറഞ്ഞു.
കോവിഡിനു ശേഷം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ എന്ന നിലയില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വര്‍ധിക്കുന്നതിലേയ്ക്കും അദ്ദേഹം വിരല്‍ ചൂണ്ടി. കോവിഡ് സമയത്ത് കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് സ്പൈസസ് ബോര്‍ഡ് തുടര്‍ച്ചയായി ബയര്‍-സെല്ലര്‍ സംഗമങ്ങള്‍ സംഘടിപ്പിച്ചു വരികയാണെന്ന് സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍ പറഞ്ഞു.
യുഎഇയിലേയ്ക്കുള്ള സുഗന്ധവ്യഞ്ജന, ഭക്ഷ്യോല്‍പ്പന്ന കയറ്റുമതിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ദുബായ് മുനിസിപ്പാലിറ്റി സീനിയര്‍ ഫുഡ് ഹൈജീന്‍ ഓഫീസര്‍ ഹസ്സ അല്‍ സുമൈതി സംസാരിച്ചു.
ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ ഇറക്കുമതിയില്‍ നാലാം സ്ഥാനമാണ് ലോകരാഷ്ട്രങ്ങള്‍ക്കിടിയില്‍ യുഎഇക്കുള്ളത്. 2020-21 വര്‍ഷം 220 മില്യണ്‍ ഡോളര്‍ മതിയ്ക്കുന്ന 1,14,400 ടണ്‍ സ്പൈസസാണ് ഇന്ത്യ യുഎഇയിലേയ്ക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യയുടെ മൊത്തം സ്പൈസസ് കയറ്റുമതിയുടെ മൂല്യത്തിന്റെ 5%വും അളവിന്റെ 6%വും വരും ഇത്.
2020-21 വര്‍ഷം ഇന്ത്യയുടെ മൊത്തം സ്പൈസസ് കയറ്റുമതി 4178.81 ദശലക്ഷം ഡോളറായിരുന്നു. 17,58,985 ടണ്‍ സ്പൈസസാണ് ഇക്കാലയളവില്‍ കയറ്റുമതി ചെയ്യപ്പെട്ടത്. മൂല്യത്തില്‍ 4 ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലും അതാദ്യമായി ഇന്ത്യന്‍ സ്പൈസസ് കയറ്റുമതി പിന്നിടുകയുണ്ടായി. കോവിഡുണ്ടായിട്ടും അളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 37%വും രൂപയില്‍ 16%വും ഡോളറില്‍ 11%വും വര്‍ധന.
മുളക്, ജീരകം, ജാതി, ഏലം, മഞ്ഞള്‍, തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ക്കാണ് യുഎഇയില്‍ നിന്ന് ഏറ്റവും ഡിമാന്‍ഡുള്ളത്. സുസ്ഥാപിതമായ കയറ്റുമതി ബന്ധവും വളര്‍ച്ചാസാധ്യതകളും റീഎക്സ്പോര്‍ട് ഹബ് എന്ന നിലയും പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളെ സംബന്ധിച്ചിടത്തോളം യുഎഇ ഏറെ പ്രധാനപ്പെട്ട വിപണിയാണെന്നും സംഗമം വിലയിരുത്തി.
(Press Release Made)


Tags:    

Similar News