കടക്കാര്‍ക്ക് നല്‍കേണ്ട പണം മറച്ചുവെച്ച് കമ്പനി വീണ്ടെടുക്കാന്‍ ശ്രമിച്ചു, പാപ്പരത്ത നടപടി നേരിടുന്ന ബൈജു രവീന്ദ്രനെതിരെ പുതിയ ആരോപണം
വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ കമ്പനിയായ എപ്പിക് വീണ്ടെടുക്കുന്നതിനുളള നീക്കങ്ങളാണ് ബൈജു രവീന്ദ്രന്‍ നടത്തിയത്
പാപ്പരത്ത നടപടി നേരിടുന്ന ബൈജൂസ് എഡ് ടെക്കിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ മറച്ചു വെച്ച വായ്പത്തുക ഉപയോഗിച്ച് സോഫ്ട്‌വെയര്‍ വിദ്യാഭ്യാസ സ്ഥാപനം വാങ്ങാൻ ശ്രമിച്ചതായി ആരോപണം. യു.എസിലെ ബിസിനസുകാരനായ വില്യം ആർ. ഹെയ്‌ലറാണ് ഡെലവെയറിലെ പാപ്പരത്വ കോടതിയിൽ ഇതുസംബന്ധിച്ച സത്യവാങ് മൂലം ഫയൽ ചെയ്തത്. കടക്കാര്‍ക്ക് പണം തിരിച്ചു നല്‍കുന്നതിനായി 10,136 കോടി രൂപ വായ്പ നേടാന്‍ ബൈജു രവീന്ദ്രന്‍ തന്നെ റിക്രൂട്ട് ചെയ്തതാണെന്ന് ഹെയ്‌ലര്‍ പറയുന്നു.
ഈ തുക ഉപയോഗിച്ച് അമേരിക്കൻ ട്രസ്റ്റി ഏറ്റെടുത്ത ബൈജൂസിൻ്റെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയെ രഹസ്യമായി തിരികെ വാങ്ങാൻ ശ്രമം നടത്തി. വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ കമ്പനിയായ എപ്പിക് വാങ്ങുന്നതിനായുളള നീക്കങ്ങളാണ് ബൈജു രവീന്ദ്രന്‍ നടത്തിയത്. എന്നാല്‍ നീക്കം പരാജയപ്പെട്ടു. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിയമം വളച്ചൊടിക്കുന്നതിന് തന്നെ കരുവായി ബൈജു ഉപയോഗിച്ചതായും ഹെയ്‌ലര്‍ പറഞ്ഞു.
യു.കെ ആസ്ഥാനമായ ലോജിസ്റ്റിക്സ് സ്ഥാപനമായ ഒ.സി.ഐ ലിമിറ്റഡ് യു.എസിലെ വായ്പാ ദാതാക്കൾക്ക് നല്‍കുന്നതിനായി ദശലക്ഷകണക്കിന് ഡോളർ വായ്പയായി സ്വീകരിച്ചതായും ഹെയ്‌ലര്‍ ആരോപിക്കുന്നു. അതേസമയം ബൈജുവിൻ്റെ പേരിൽ ഒ.സി.ഐ പണം കൈവശം വെച്ചിരുന്നു എന്നതിൻ്റെ തെളിവ് ശേഖരിക്കാൻ തനിക്ക് സാധിച്ചില്ലെന്നും ഹെയ്‌ലർ കോടതിയെ അറിയിച്ചു. ബൈജുസില്‍ ഉൾപ്പെട്ടിരുന്ന ഇന്ത്യൻ ബിസിനസുകാരുമായും ബൈജു രവീന്ദ്രനുമായും താൻ മാസങ്ങളോളം പതിവായി സംസാരിച്ചിരുന്നുവെന്നും ഹെയ്‌ലർ പറഞ്ഞു.
ഒരു വർഷത്തിലേറെയായി കേസ്
യു.എസ് കോടതികളിൽ വായ്പക്കാർ ബൈജൂസിനെതിരെ ഒരു വർഷത്തിലേറെയായി കേസ് നടത്തുകയാണ്. കടക്കാർക്ക് നല്‍കാനായി വായ്പ എടുത്ത തുകയില്‍ നിന്ന് 4,502 കോടി രൂപ രവീന്ദ്രൻ മറച്ചുവെച്ചതാണ് ഇവര്‍ ആരോപിക്കുന്നത്.
കടം നല്‍കിയവരുടെ ആരോപണങ്ങളെക്കുറിച്ച് ബൈജു രവീന്ദ്രൻ മുമ്പ് നടത്തിയ പ്രതികരണങ്ങളിൽ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് പറഞ്ഞിരുന്നത്. നഷ്ടത്തിലായ കമ്പനികളിൽ നിന്ന് പണം പിഴുതെടുക്കുന്നതിൽ വിദഗ്ധരായവര്‍ നടത്തുന്ന ആക്രമണ തന്ത്രങ്ങളാണ് ഇവയെന്നാണ് ബൈജു പറഞ്ഞത്.
അതേസമയം, ബൈജൂസ് കമ്പനി ഇന്ത്യയില്‍ പാപ്പരത്ത നടപടി നേരിടുകയാണ്. കോടതി നിയോഗിച്ച ഒരു പ്രൊഫഷണലാണ് കടം നല്‍കിയവര്‍ക്ക് തിരിച്ചു കൊടുക്കുന്നതിനുളള പണം സ്വരൂപിക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.